പ്രകാശ് രാജിനും റാണ ദഗ്ഗുബാട്ടിക്കും വിജയ് ദേവരകൊണ്ടയ്ക്കും ഇഡി നോട്ടീസ്; ചോദ്യംചെയ്യലിന് ഹാജരാവണം

റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട | ഫോട്ടോ: എപി, പിടിഐ
റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട | ഫോട്ടോ: എപി, പിടിഐ

ഹൈദരാബാദ്: നടന്മാരായ റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് എന്നിവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഹൈദരാബാദിലെ ഇഡി ഓഫീസാണ് മൂന്നുപേർക്കുമെതിരേ നോട്ടീസ് അയച്ചിരിക്കുന്നത്. അനധികൃത ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രചരിപ്പിച്ചെന്നാണ് കേസ്.

റാണ ദഗ്ഗുബാട്ടിയോട് ജുലൈ 23-ന് ഹൈദരാബാദിലെ ഇഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാവാനാണ് നിർദേശിച്ചിരിക്കുന്നത്. പ്രകാശ് രാജിനോട് 30-നും വിജയ് ദേവരകൊണ്ടയോട് ഓഗസ്റ്റ് ആറിനും ഹാജരാവാൻ ആവശ്യപ്പെട്ടു.

നടൻ മോഹൻബാബുവിന്റെ മകളും വിഷ്ണു മഞ്ചുവിന്റെ സഹോദരിയുമായ ലക്ഷ്മി മഞ്ചുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ 'മോൺസ്റ്റർ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധനേടിയ നടിയാണ് ലക്ഷ്മി മഞ്ചു.

ജംഗ്ലീ റമ്മി, ജീത് വിൻ, ലോട്ടസ്365 എന്നീ വാതുവെപ്പ് ആപ്പുകളെ നടന്മാർ പിന്തുണച്ചുവെന്നാണ് ആരോപണം. നടന്മാർക്കും ഏതാനും സെലിബ്രിറ്റികൾക്കുമെതിരേ അഞ്ചോളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസിൽ സ്വമേധയാ ഇടപെട്ടത്.

Content Highlights: ED issue notice to actor Rana Daggubati, Vijay Deverakonda, Prakash Raj, and Lakshmi Manchu