ഇന്ത്യൻ സിനിമയിലെ ഹിറ്റ് ത്രില്ലർ ഫ്രാഞ്ചൈസിക്ക് ക്ലൈമാക്‌സ്; 'ദൃശ്യം: ദി കൺക്ലൂഷൻ' ട്രെയ്ലർ പുറത്ത്

#Movies Desk
'ദൃശ്യം: ദി കൺക്ലൂഷൻ' ട്രെയ്ലറിൽനിന്ന് | Photo: Screen grab/ YouTube: Panorama Studios
'ദൃശ്യം: ദി കൺക്ലൂഷൻ' ട്രെയ്ലറിൽനിന്ന് | Photo: Screen grab/ YouTube: Panorama Studios

ഇന്ത്യയിലൊട്ടാകെ വൻതരംഗം സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ അവസാന ഭാഗമായ 'ദൃശ്യം: ദി കൺക്ലൂഷൻ' തിയേറ്ററുകളിലേക്ക്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ രണ്ടിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം 'ദൃശ്യം 2'-ന്റെ തുടർച്ചയാണെങ്കിലും തികച്ചും പുതിയൊരു കഥയും തിരക്കഥയുമാണ് ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. 'ദൃശ്യം 2' എവിടെ അവസാനിച്ചോ അവിടെ നിന്നാണ് ചിത്രം തുടരുന്നത്.

ഐക്കണിക് കഥാപാത്രമായ വിജയ് സാൽഗോങ്കറായി അജയ് ദേവ്ഗൺ മടങ്ങിയെത്തുന്നു. എന്നാൽ ഇത്തവണ, സത്യം എന്നെന്നേക്കുമായി പുറത്തുകൊണ്ടുവരാൻ ഉറച്ചുനിൽക്കുന്ന ഭീഷണിയായ പുതിയ ശക്തിയായി എസ്.പി ക്രൈംബ്രാഞ്ച് രാജ്വീർ സിംഗ് തോമറായി ജയ്ദീപ് അഹ്ലാവത് എത്തുകയാണ്. 'ദൃശ്യം 2' എവിടെ അവസാനിച്ചോ അവിടെനിന്ന് ആരംഭിക്കുന്ന 'ദൃശ്യം 3: ദി കൺക്ലൂഷൻ', പുതിയ കഥയും തികച്ചും പുതിയ തിരക്കഥയുമായി ഫ്രാഞ്ചൈസിയെ ആവേശകരമായ പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയാണ്.

അസാധ്യമെന്ന് തോന്നുന്ന കേസിന്റെ ചുമതല രാജ്വീർ സിങ് തോമർ ഏറ്റെടുക്കുമ്പോൾ, വിജയ് തന്റെ ഇതുവരെയുള്ളതിൽ ഏറ്റവും കഠിനമായ വെല്ലുവിളിയാണ് നേരിടാൻ ഒരുങ്ങുന്നത്. പ്രകാശ് രാജ്, തബു, ശ്രിയ ശരൺ, രജത് കപൂർ ഇവരുടെ കഥാപാത്രങ്ങളും പുതിയ വെല്ലുവിളികളെ നേരിടുകയാണ്.

ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ കേന്ദ്ര പശ്ചാത്തലമായ ഗോവയിൽ നടന്നു. മാധ്യമപ്രവർത്തകരെയും ഇൻഫ്‌ലുവൻസർമാരെയും സിനിമയിലെ ഐക്കണിക് ലൊക്കേഷനുകളിലൂടെ കൊണ്ടുപോയ ശേഷമാണ് പനജിയിൽ ട്രെയ്ലർ പ്രകാശനം ചെയ്തത്.

പനജിയിൽ നടന്ന ചടങ്ങിൽ അഭിനേതാക്കളായ അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ, രജത് കപൂർ, ജയ്ദീപ് അഹ്ലാവത്, മൃണാൽ യാദവ് എന്നിവർക്കൊപ്പം സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ അഭിഷേക് പഥക്, പ്രൊഡ്യൂസറും ജിയോസ്റ്റാറിന്റെ ഹിന്ദി- ഇംഗ്ലീഷ് എന്റർടെയ്ൻമെന്റ് (സ്ട്രീമിങ്, ടിവി & സ്റ്റുഡിയോസ്) ഹെഡുമായ അലോക് ജെയിൻ, പ്രൊഡ്യൂസറും സ്റ്റാർ സ്റ്റുഡിയോ 18 ഹെഡുമായ അജിത് അന്ധാരെ, പ്രൊഡ്യൂസർ കുമാർ മംഗത് എന്നിവരും പങ്കെടുത്തു.

അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം3: ദി കൺക്ലൂഷനിൽ' അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ, രജത് കപൂർ, ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ്, കമലേഷ് സാവന്ത്, ഇഷിത ദത്ത, മൃണാൽ യാദവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്റ്റാർ സ്റ്റുഡിയോ 18 അവതരിപ്പിക്കുന്ന ചിത്രം പനോരമ സ്റ്റുഡിയോസ് നിർമിക്കുന്നു. അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്ന് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പഥക് ആണ്. അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമിച്ച 'ദൃശ്യം 3: ദി കൺക്ലൂഷൻ' ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Content Highlights: official trailer for 'Drishyam: The Conclusion', the final chapter of the hit Hindi thriller franchise, has been released. Directed by Abhishek Pathak, the movie is scheduled to release in theaters worldwide on October 2. Ajay Devgn returns as Vijay Salgaonkar alongside Jaideep Ahlawat, who joins the cast as SP Crime Branch officer Rajveer Singh Tomar. The installment introduces a brand-new storyline picking up from the events of Drishyam 2, also featuring Tabu, Shriya Saran, Prakash Raj, and Rajat Kapoor. The trailer launch event was held in Goa and attended by the cast and producers including Star Studio 18 and Panorama Studios.