മറ്റൊരു നാഴികക്കല്ലുമായി മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്; 330 കോടി നേട്ടവുമായി ദൃശ്യം 3

330 കോടി വരുമാനമെന്ന നേട്ടവുമായി മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'. ബോക്‌സ് ഓഫീസ് കളക്ഷന് പുറമേ ഒ.ടി.ടി- സാറ്റ്‌ലൈറ്റ് ബിസിനസ് ഉൾപ്പെടെയാണ് ചിത്രം 330 കോടി നേടിയത്. മേയ് 21-ന് പുറത്തിറങ്ങിയ ചിത്രം 30-ാം ദിവസത്തിലേക്ക് കടക്കുന്നവേളയിൽ നടൻ മോഹൻലാൽ ആണ് വിവരം പങ്കുവെച്ചത്.
'തലമുറകൾ കൈമാറിയത്. കേരളത്തിൽനിന്നാരംഭിച്ച കഥ ഭാഷകളും അതിരുകളും ലക്ഷക്കണക്കിന് ഹൃദയങ്ങളും കടന്ന് സഞ്ചരിച്ചു. 13 വർഷങ്ങൾക്കും മൂന്ന് അധ്യായങ്ങൾക്കുമപ്പുറം ചരിത്രം സൃഷ്ടിച്ച് യാത്ര തുടരുന്നു. നിങ്ങളുടെ സ്വന്തമായി ഏറ്റെടുത്തതിന് നന്ദി', മോഹൻലാൽ കുറിച്ചു.
നേട്ടം അറിയിച്ചുകൊണ്ട് പ്രത്യേക പോസ്റ്ററും മോഹൻലാൽ പങ്കുവെച്ചു. 'അതിരുകൾ താണ്ടിയ നാഴികക്കല്ല്', 'മലയാള സിനിമാ ബോക്‌സ് ഓഫീസിൽ ചരിത്രം' എന്നിങ്ങനെയാണ് പോസ്റ്ററിൽ നേട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫുമുള്ളതാണ് പോസ്റ്റർ.
ചിത്രത്തിന്റെ ആഗോള തിയേറ്ററിക്കൽ റൈറ്റ്‌സ് ഉൾപ്പെടെ എല്ലാ അവകാശങ്ങളും ചിത്രീകരണം പൂർത്തിയാകും മുൻപ് തന്നെ വിറ്റുപോയിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഡീലുകളിൽ ഒന്നായിരുന്നു ഇതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ട്. പെൻ സ്റ്റുഡിയോസുമായി ചേർന്ന് പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ അവകാശങ്ങൾ സ്വന്തമാക്കിയത്. 'ദൃശ്യം' പരമ്പര ഹിന്ദിയിൽ നിർമിച്ചത് പനോരമയാണ്.
'ദൃശ്യം 3'-യുടെ ഒടിടി സ്ട്രീമിങ് കഴിഞ്ഞദിവസം ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിച്ചിരുന്നു. ജൂൺ 18-ന് ചിത്രം ഒടിടിയിലെത്തും. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും.
2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് കാലത്ത് ഒടിടി റിലീസായാണ് ദൃശ്യം 2 പ്രേക്ഷകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.
ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തർ അനിൽ, അൻസിബ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു. പെൻ സ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിച്ച ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചത്.
Content Highlights: Mohanlal-Jeethu Joseph's thriller 'Drishyam 3' has created history by crossing the 330 crore mark through worldwide box office, OTT, and satellite rights. Actor Mohanlal shared a special poster featuring director Jeethu Joseph and producer Antony Perumbavoor to celebrate this massive milestone as the film enters its 30th day. The global theatrical and digital rights of the movie were sold even before the completion of the shoot, marking one of the biggest deals in Malayalam cinema history. Amazon Prime Video has officially announced that 'Drishyam 3' will start streaming on June 18 in Malayalam, Telugu, Tamil, and Kannada. Produced by Aashirvad Cinemas in association with Pen Studios and Panorama Studios, the film features an ensemble cast including Meena, Siddique, Ansiba, and Esther Anil