200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം

ബോക്സോഫീസിൽ പുതിയ ചരിത്രം കുറിച്ച് മുന്നേറുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3. ചിത്രം ഇപ്പോൾ ആഗോളതലത്തിൽ 200 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ഏഴുദിവസംകൊണ്ടാണ് ചിത്രം 200 കോടി ക്ലബിൽ പ്രവേശിച്ചത്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് ദൃശ്യം 3.
മൂന്ന് സിനിമകൾ. മൂന്ന് അധ്യായങ്ങൾ. അഭേദ്യമായ ഒരു ബന്ധം. ജോർജ്ജ്കുട്ടിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നതിന് നന്ദി എന്നാണ് 200 കോടി കളക്ഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ‘ദൃശ്യം 3’ മികച്ച പ്രതികരണങ്ങളാണ് നേടിയത്. മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങൾ കോർത്തിണക്കിയ ഇമോഷനൽ ത്രില്ലറായാണ് ജീത്തും ‘ദൃശ്യം 3’ അണിയിച്ചൊരുക്കിയത്.
കേരളത്തിൽ 465 സ്‌ക്രീനുകളിലും ലോകമെമ്പാടും 3000 സ്‌ക്രീനുകളിലുമാണ് 'ദൃശ്യം 3' റിലീസിനെത്തിയത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തി.
2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.
Content Highlights: Shattering all existing box office records, the ultimate investigative emotional thriller Drishyam 3 has officially stormed into the ₹200-crore global club. The highly anticipated cinematic conclusion achieved this staggering milestone in a mere seven days from its theatrical debut.