‘എന്തുപറയണമെന്ന് മറന്നുപോയി, ഫാൻബോയ് മൊമെന്റ്’; അല്ലു അർജുനെ കണ്ട് ഡൊമിനിക് അരുൺ

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ സന്ദർശിച്ച് ലോക എന്ന ചിത്രമൊരുക്കിയ സംവിധായകൻ ഡൊമിനിക് അരുൺ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയെക്കുറിച്ചുള്ള കുറിപ്പും അല്ലു അർജുനൊപ്പമുള്ള ചിത്രവും ഡൊമിനിക് പങ്കുവെച്ചു. ഒരു വലിയ ഫാൻബോയ് മൊമെന്റ് എന്നാണ് ഡൊമിനിക് ഇതേക്കുറിച്ച് പറഞ്ഞത്.
"ഒരു വലിയ ഫാൻബോയ് നിമിഷം. അല്ലു അർജുനെ നേരിൽ കാണാനും 'ലോക'യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ കേൾക്കാനും സാധിച്ച മനോഹരമായ അവസരം. ചിത്രത്തോടുള്ള അദ്ദേഹത്തിന്റെ അഭിനന്ദനവും ലോകയുടെ വരാനിരിക്കുന്ന അധ്യായങ്ങൾക്കായുള്ള പ്രോത്സാഹനവും ശരിക്കും വളരെയധികം അർത്ഥവത്തായിരുന്നു. ചില ദിവസങ്ങളിൽ, വർഷങ്ങളായി നിങ്ങൾ ആരാധിച്ചിരുന്ന ഒരാളെ കാണുമ്പോൾ എന്തുപറയണമെന്ന് നിങ്ങൾ മറന്നുപോകാറുണ്ട്. അത്തരത്തിലുള്ള ഒരു ദിവസമായിരുന്നു ഇത്. നൽകിയ സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി." ഡൊമിനിക് അരുൺ കുറിച്ചു.
ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് നിർമിച്ച ഏഴാം ചിത്രമാണ് 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര'. തിയേറ്ററുകളിൽ റെക്കോർഡ് വിജയം സ്വന്തമാക്കിയ 'ലോക' മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. ഡൊമിനിക് അരുൺ തന്നെയായിരുന്നു തിരക്കഥയും. അഞ്ചുഭാഗങ്ങളുള്ള മെഗാഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യഭാഗമായാണ് 'ലോക' എത്തിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണായക വേഷങ്ങൾ അവതരിപ്പിച്ച ചിത്രത്തിൽ ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവർ അതിഥി താരങ്ങളായും തിളങ്ങി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ' ലോക: ചാപ്റ്റർ 2'-ൽ ടൊവിനോ തോമസ് ആണ് നായകൻ.
Also Read: ചരിത്ര നേട്ടത്തിൽ 'ലോക', 300 കോടി നേടുന്ന ആദ്യ മലയാള ചിത്രം; ഔദ്യോഗികമായി അറിയിച്ച് അണിയറപ്രവർത്തകർ
അതേസമയം അറ്റ്ലി ഒരുക്കുന്ന രാക്ക എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അല്ലു അർജുൻ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. 700 കോടിയിലധികം രൂപയാണ് രാക്കയുടെ ബജറ്റ്. രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൾ ഠാക്കൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഹോളിവുഡ് സൂപ്പർതാരം വിൽ സ്മിത്ത് വില്ലൻ വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുണ്ട്.
Also Read: ‘മനുഷ്യമൃഗമായി’ ഞെട്ടിക്കുന്ന ലുക്കിൽ അല്ലു അർജുൻ; അറ്റ്ലീ ചിത്രത്തിന് പേരായി, ഫസ്റ്റ്ലുക്ക് പുറത്ത്
നേരത്തെ 'AA22xA6' എന്ന താൽക്കാലിക പേരിട്ടിരുന്ന ഈ ചിത്രം ഏപ്രിൽ 8-ന് അല്ലു അർജുന്റെ 44-ാം ജന്മദിനത്തോടനുബന്ധിച്ചാണ് 'രാക്ക' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തത്. ഇതോടൊപ്പം പുറത്തുവിട്ട അല്ലു അർജുന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആരാധകരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. തല മൊട്ടയടിച്ച ലുക്കിലുള്ള അല്ലു അർജുന്റെ മുഖത്തിന്റെ ഒരു ഭാഗം കൂർത്ത നഖങ്ങളുള്ള, ചെന്നായയുടേത് പോലുള്ള ഒരു കൈകൊണ്ട് മൂടിനിൽക്കുന്ന രീതിയിലായിരുന്നു പോസ്റ്റർ രൂപകൽപ്പന ചെയ്തിരുന്നത്.
Content Highlights: Lokah director Dominic Arun shared his excitement after meeting Telugu superstar Allu Arjun, calling it a true fanboy moment as the Icon Star personally appreciated the ₹300-crore blockbuster Malayalam fantasy film and encouraged its upcoming chapters.