ഒരു സംഘം ബൈക്കിൽ പിന്തുടർന്നു, പോലീസിൽ പരാതിപ്പെട്ടപ്പോൾ എന്തിനാണ് രാത്രി എട്ടുമണിക്ക് പുറത്തിറങ്ങി നടന്നതെന്ന് ചോദിച്ചു -ഡോളി സിംഗ്

ഡോളി സിം​ഗ് | ഫോട്ടോ: www.instagram.com/dollysingh/
ഡോളി സിം​ഗ് | ഫോട്ടോ: www.instagram.com/dollysingh/

'താങ്ക് യൂ ഫോർ കമിംഗ്', 'ഡബിൾ എക്സ്എൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ഡോളി സിംഗ്. ഡൽഹിയിൽ വളർന്നുവരുമ്പോൾ താൻ നേരിട്ട അസ്വസ്ഥജനകമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. സ്കൂൾ കുട്ടികളിൽ നിന്നുപോലും തനിക്ക് ഉപദ്രവങ്ങൾ നേരിടേണ്ടിവന്നുവെന്ന് അവർ പങ്കുവെച്ചു. സൂമിന് നൽകിയ അഭിമുഖത്തിലാണ് ഡോളി ഇക്കാര്യം പറഞ്ഞത്.

ഒരു യുവതിയെന്ന നിലയിൽ തൻ്റെ ജീവിതം നിരന്തരമായ ഭയവും ജാഗ്രതയും നിറഞ്ഞതായിരുന്നുവെന്ന് പറഞ്ഞു. അക്കാലത്ത് യമുന വിഹാറിലാണ് താമസിച്ചിരുന്നത്, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് തിരിച്ചുവരാൻ സമയമെടുക്കുമായിരുന്നു. ബസ്സിലാണ് വന്നിരുന്നത്. പലപ്പോഴും ഉച്ചയ്ക്ക് 1:30-ന് ക്ലാസ് തീരുമ്പോൾ അതേ സമയത്താണ് സർക്കാർ സ്കൂളിലെ കുട്ടികളും വിട്ടിരുന്നത്. ആ കുട്ടികൾ തങ്ങളെ അത്രയധികം ഉപദ്രവിക്കുമായിരുന്നു. ആ സമയത്ത് ബസ് സ്റ്റാൻഡിൽ നിന്ന് താമസസ്ഥലത്തേക്ക് സുരക്ഷിതമായി നടന്നുപോവുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ഡോളി ഓർത്തു.

"ഇവർ മുതിർന്ന പുരുഷന്മാരല്ല, മറിച്ച് ചെറിയ കുട്ടികളായിരുന്നു. പക്ഷേ അവർ വലിയ ബഹളമുണ്ടാക്കും. പെൺകുട്ടികളോട് വളരെ മോശമായ കാര്യങ്ങൾ പറയുകയും കല്ലെറിയുകയും ചെയ്യും. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ, പാവകളെ വെച്ച് കളിക്കേണ്ട പ്രായത്തിൽ, നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? ഇങ്ങനെയുള്ള ചിന്തകളെല്ലാം നിങ്ങളുടെ മനസ്സിലേക്ക് എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചിട്ടുണ്ട്." ഡോളി പറഞ്ഞു.

വൈകുന്നേരം തന്നെയും സുഹൃത്തുക്കളെയും പിന്തുടർന്ന ബൈക്കുകാരെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു സംഭവത്തെക്കുറിച്ചും ഇൻഫ്ലുവൻസർ സംസാരിച്ചു. "ഒരിക്കൽ കുറച്ച് ബൈക്കുകാർ പിന്തുടർന്നപ്പോൾ ഞങ്ങൾ പോലീസിൽ പരാതിപ്പെട്ടു. എന്നാൽ പോലീസ് വന്നിട്ട് ഞങ്ങളോട് ചോദിച്ചത് നിങ്ങൾ എന്തിനാണ് പുറത്തിറങ്ങി നടക്കുന്നത് എന്നായിരുന്നു. അപ്പോൾ സമയം രാത്രി 8 മണി മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ, അല്ലാതെ 12 മണിയൊന്നും ആയിരുന്നില്ല. ആ ഒരു ദേഷ്യം, നിങ്ങൾക്കറിയാമല്ലോ.” ഡോളി സിംഗ് കൂട്ടിച്ചേർത്തു.

Content Highlights: Dolly Singh, known for `Thank You for Coming`, reveals harrowing experiences of eve-teasing and harassment by school children and bikers in Delhi.