‘ചിലരെ മാത്രം മാഷ് ശകാരിക്കില്ല, പകരം തൊലി ഉരിയുംവിധം കളിയാക്കും’; മണിയുടെ വാക്കുകൾ ഓർത്ത് വിനയൻ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ നിതിൻരാജിന്റെ മരണത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവെച്ച് കലാഭവൻ മണി തന്നോടുപറഞ്ഞ ഒരു സംഭവം ഓർത്തെടുത്താണ് അദ്ദേഹം നിതിൻരാജിന് അനുശോചനം രേഖപ്പെടുത്തിയത്. സ്കൂൾ പഠനകാലത്ത് തനിക്ക് അധ്യാപകരിൽനിന്ന് തൊലി ഉരിയും വിധമുള്ള കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്ന് കലാഭവൻ മണി പറഞ്ഞിരുന്നെന്ന് വിനയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡെന്റൽ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ മണി പറഞ്ഞ കാര്യം മനസ്സിലേക്ക് ഓടിവന്നുവെന്നും വിനയൻ കുറിച്ചു.
വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്:
നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ നേരത്തേ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഓർത്തു പോയി. മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ. കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു.
ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്കഷനിടയിൽ മണി പറഞ്ഞു.. "ഇപ്പൊ നമ്മുടെ നാട്ടിൽ ജാതിയുടെം നിറത്തിന്റേം പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ.. പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ.. അന്ന് ക്ലാസിൽ പരീക്ഷേടെ റിസൾട്ട് വരുമ്പോൾ എനിക്കെന്നും മാർക്കു കുറവാരിക്കും.. മിക്കവാറും ഞാൻ സംപൂജ്യനാണ്.. മാർക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും..
പക്ഷേ ഞങ്ങൾ ചിലരെമാത്രം മാഷ് ശകാരിക്കില്ല പകരം കളിയാക്കും.. തൊലി ഉരിക്കുന്ന കളിയാക്ക്.. മറ്റു കുട്ടികൾ അതുകേട്ടു പരിഹസിച്ചുചിരിക്കമ്പോൾ മാഷും ചിരിക്കും.. പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷു പറയുന്നേ.. അതുകേൾക്കുമ്പോ വല്ലാത്ത സങ്കടം തോന്നും.. ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട്.." മണിയുടെ തനതായ ശൈലിയിൽ ഇതു കേൾക്കുമ്പോൾ ആരുടേം മനസ്സു നൊമ്പരപ്പെട്ടുപോകും ..
ഡെന്റൽ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ മണി പറഞ്ഞ കാര്യം മനസ്സിലേക്ക് ഓടിവന്നു.. നമ്മൾ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പഴും ജീവിക്കുന്നത്.. നവോത്ഥാനോം പൂരോഗമനോം ഒക്കെ പ്രസംഗിക്കുകേം, എഴുതുകേം, പഠിപ്പിക്കുകേം ചെയ്യുന്നവർ അതു സ്വന്തം മനസ്സിൽ കൂടി ഉൾക്കൊള്ളണ്ടേ?
നമ്മുടെ സമൂഹത്തിൽ ചേർത്തു പിടിക്കപ്പെടേണ്ടവരാണ് ദളിതരും പട്ടിക വിഭാഗവും ആദിവാസികളുമൊക്കെ.. സാമൂഹ്യപരമായി ആ വിഭാഗം അതർഹിക്കുന്നു.. പ്രിയ നിതിൻരാജിന് ആദരാഞ്ജലികൾ.
Content Highlights: Director Vinayan pays tribute to deceased dental student Nithin Raj by recalling a painful story shared by late actor Kalabhavan Mani regarding the skin-deep caste discrimination and mockery he faced during his school days.