‘വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ട് നേടിയത് ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കി; വേദനിച്ചു, പക്ഷേ തകർന്നിട്ടില്ല’

#Movies Desk
ഷംസുദ്ദീൻ
ഷംസുദ്ദീൻ

നിർമാതാവിന്റെ പരാതിയിലെടുത്ത കേസിൽ അറസ്റ്റുചെയ്യപ്പെട്ടപ്പോൾ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ഷംസുദ്ദീൻ. തനിക്കൊപ്പം നിന്നവർക്കും വിശ്വസിച്ചവർക്കും സംവിധായകൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിൽ നന്ദി അറിയിച്ചു. വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ട് താൻ സിനിമാമേഖലയിൽ നേടിയെടുത്ത സ്ഥാനം ഇല്ലാതാക്കാൻ ചിലർക്ക് ഒറ്റരാത്രിമതിയായെന്ന് ഷംസുദ്ദീൻ പറഞ്ഞു.

'എന്റെ 31 വർഷത്തെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട രണ്ടുദിവസങ്ങളായിരുന്നു കടന്നുപോയത്. എന്റെ ഫ്‌ളാറ്റിന്റെ വാതിൽ തല്ലിതകർത്തു. യഥാർഥ്യത്തേക്കാൾ കെട്ടുകഥകളോട് അടുത്തുനിൽക്കുന്ന ആരോപണങ്ങളിന്മേൽ എന്നെ രാഷ്ട്രീയസമ്മർദ്ദത്തിൽ അറസ്റ്റുചെയ്തു. എന്റെ ജീവിതത്തിൽ ആദ്യമായി 24 മണിക്കൂർ ഞാൻ പോലീസ് സ്‌റ്റേഷനിൽ ചെലവഴിച്ചു, അതും എന്റെ മുൻകൂർജാമ്യദിനത്തിൽ. സമയം വളരേ കൗതുകമുള്ളതായിരുന്നു. എന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയശക്തിയുടെ പ്രകടനമായും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിയമങ്ങളുടെ സൗകര്യപൂർവ്വമായ ദുരുപയോഗമായും അനുഭവപ്പെട്ടു. വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ടാണ് ഞാൻ ഇന്ന് സിനിമാ മേഖലയിൽ ഒരു സ്ഥാനം നേടിയെടുത്തത്. നന്നായി അസൂത്രണംചെയ്യപ്പെട്ട ഒറ്റരാത്രിമതിയാവും ചിലർക്ക് അതില്ലാതാക്കാൻ', ഷംസുദ്ദീൻ കുറിച്ചു.

'ഒരുനിമിഷത്തേക്ക് ഞാൻ അങ്ങേയറ്റത്തേക്ക് തള്ളിവിടപ്പെട്ടതായി തോന്നി. വേദനിച്ചു, പക്ഷേ തകർന്നിട്ടില്ല. ഇതൊക്കെ എന്തിനുവേണ്ടിയാണെന്ന് എനിക്ക് കൃത്യമായി ബോധ്യമായി. സമ്മർദ്ദത്തിനും പിന്തിരിപ്പിക്കാനും ഒഴിവാക്കാനും ഒരുപക്ഷേ നിശബ്ദമാക്കാനുമുള്ള ശ്രമം. നിങ്ങളുടെ നിർഭാഗ്യം, അത് സംഭവിക്കാൻ പോവുന്നില്ല. എനിക്കൊപ്പം നിന്ന, എന്നെ വിശ്വസിച്ച, എന്റെ മൗനത്തെ മാനിച്ച എല്ലാവർക്കും നന്ദി. ഈ കഥയുടെ രണ്ടാംഭാഗത്തിൽ സമ്മർദ്ദമോ രാഷ്ട്രീയമോ പ്രകടനങ്ങളോ ഉണ്ടാവില്ല. അത് സത്യമെഴുതും. ആ ഭാഗം ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ', സംവിധായകൻ കൂട്ടിച്ചേർത്തു.

നിർമാതാവ് ആൻസരിഗ ആന്റണിയുടെ പരാതിയിലാണ് 'അഭിലാഷം' ചിത്രത്തിന്റെ സംവിധായകനായ ഷംസുദ്ദീനെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അറസ്റ്റുചെയ്തത്. കാക്കനാടുള്ള ഫ്‌ളാറ്റിൽനിന്ന് സംവിധായകനെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റുചെയ്യുകയായിരുന്നു. സിനിമയുടെ ചിത്രീകരണം സംവിധായകൻ വൈകിപ്പിച്ചതായും ഇതുമൂലം നാലുകോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായും നിർമാണ കമ്പനിയായ സെക്കൻഡ് ഷോ പ്രൊഡക്ഷൻസിന്റെ മാനേജിങ് പാർട്ണർ ആൻസരിഗ ആന്റണിയുടെ പരാതിയിൽ പറയുന്നു. സിനിമയുടെ മാസ്റ്റർ പ്രിന്റ് കൈക്കലാക്കി വഞ്ചിച്ചുവെന്നും പരാതിയിലുണ്ട്.

Content Highlights: Director Shamsudheen expresses gratitude to those who supported him after his arrest over a producer`s complaint. He vows to continue