ലൈംഗികാതിക്രമക്കേസ്: രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക്, കള്ളക്കേസെന്ന് പ്രതികരണം

#മാതൃഭൂമി ന്യൂസ്
• സംവിധായകൻ രഞ്ജിത്തിനെ കൊച്ചിയിൽനിന്നുള്ള പോലീസ്‌ സംഘമെത്തി തൊടുപുഴ സ്റ്റേഷനിൽനിന്ന്‌ കൊണ്ടുപോകുന്നു |ഫോട്ടോ: അജേഷ്‌ ഇടവെട്ടി
• സംവിധായകൻ രഞ്ജിത്തിനെ കൊച്ചിയിൽനിന്നുള്ള പോലീസ്‌ സംഘമെത്തി തൊടുപുഴ സ്റ്റേഷനിൽനിന്ന്‌ കൊണ്ടുപോകുന്നു |ഫോട്ടോ: അജേഷ്‌ ഇടവെട്ടി

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിവിട്ട രഞ്ജിത്തിനെ നേരെ മരടിലെ സിവിൽ ജഡ്ജിന്റെ വീട്ടിലെത്തിച്ചാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. സംവിധായകനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ്.

ഈ മാസം 13 വരെയാണ് റിമാൻഡ്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകനെ എറണാകുളം വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പ്രതിയെ പോലീസ് സ്‌റ്റേഷനിൽ എത്തിക്കാതെ നേരെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി റിമാൻഡ് നടപടികൾ പൂർത്തിയാക്കുകയായിരുന്നു.

ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നും ബുധനാഴ്ച തന്നെ പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടതായി സംവിധായകന്റെ അഭിഭാഷകൻ മുഹമ്മദ് സിയാദ് അറിയിച്ചു.

അതേസമയം, കേസ് വ്യാജമാണെന്ന് സംവിധായകൻ ആവർത്തിച്ചു. കള്ളക്കേസാണെന്നാണ് മജിസ്‌ട്രേറ്റിന്റെ വസതിയിൽനിന്ന് സബ് ജയിലിലേക്ക് കൊണ്ടുപോകും വഴി രഞ്ജിത്തിന്റെ പ്രതികരണം. നേരത്തേ, ആശുപത്രിയിൽവെച്ചും സമാനപ്രതികരണമായിരുന്നു സംവിധായകൻ നടത്തിയത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നടിയാണ് പരാതിക്കാരി. കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെ കാരവലിനുള്ളിൽവെച്ച് രഞ്ജിത്ത് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.

അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദവും ഇസിജിയിൽ വ്യതിയാനവും കണ്ടെത്തി. തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

Content Highlights: Director Ranjith remanded following a sexual assault complaint. Legal proceedings conducted at the Maradu Civil Judge's residence. Transferred to Ernakulam Sub Jail after medical examination