മരണസമയത്ത് അരവിന്ദൻ ഭാര്യയോട് പറഞ്ഞേൽപ്പിച്ചു; ദേശീയ പുരസ്കാര ശില്പം ബാവയ്ക്ക് സൗഹൃദ സമ്മാനം

പൊന്നാനി : സംവിധായകൻ അരവിന്ദന് ‘ചിദംബരം’ സിനിമയ്ക്ക് 1986-ൽ ലഭിച്ച അവാർഡ് ശില്പം സൂക്ഷിച്ചിരിക്കുന്നത്, മുംബൈയിൽ തെരുവുകച്ചവടക്കാരനായിരുന്ന പൊന്നാനി പള്ളിപ്രത്തെ ബാവാ സൈനുദ്ദീന്റെ വീട്ടിൽ. കുറച്ചുമാത്രം സംസാരിക്കുകയും വളരെക്കുറച്ചുപേരോടുമാത്രം സൗഹൃദമുണ്ടാക്കുകയും ചെയ്തിരുന്ന അരവിന്ദൻ എന്ന വലിയ സംവിധായകൻ ഹൃദയത്തിൽസ്വീകരിച്ച കൂട്ടുകാരനാണ് ബാവ. ആ വലിയ സൗഹൃദത്തിന്റെ ഓർമയിൽ അരവിന്ദന്റെ നിർദേശപ്രകാരം ഭാര്യ കൗമുദി വീട്ടിലെത്തിച്ചുകൊടുത്തതാണ് ആ ദേശീയപുരസ്കാരശില്പം.
‘ഒരിടത്ത് ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മൈക്രോ കാസറ്റ് വാങ്ങാൻ മുംബൈയിലെ തെരുവോര വിദേശസാധനവിൽപ്പനക്കാരുടെ അടുത്ത് കയറിയിറങ്ങുകയായിരുന്നു അരവിന്ദൻ. ഒരു പോക്കുവെയിൽ കിനാവുപോലെ അന്നാണ് അരവിന്ദൻ ബാവയെ കണ്ടുമുട്ടിയത്.
പൊതുവേ മൗനിയും ഗൗരവക്കാരനുമായ അരവിന്ദൻ നിമിഷങ്ങൾകൊണ്ട് ബാവയുടെ മിത്രമായി. പിന്നീട് മുംബൈയിലെ ഏതുകാര്യത്തിനും അരവിന്ദന് ബാവ തുണയായി. നല്ല കോട്ടൺവസ്ത്രങ്ങളും പേനകളും ഇഷ്ടപ്പെട്ടിരുന്ന അരവിന്ദന് അവ വാങ്ങാനും മുംബൈയിലെവിടെയും സഞ്ചരിക്കാനും ബാവയായിരുന്നു തുണ.
കേരളത്തിലെത്തുമ്പോൾ ബാവ അരവിന്ദനെപ്പോയി കാണുമായിരുന്നു. 1991 മാർച്ച് 10-നായിരുന്നു മുംബൈയിൽ ബാവയുടെ ഗൃഹപ്രവേശം. ചടങ്ങിനെത്തുമെന്ന് ഉറപ്പുപറഞ്ഞിരുന്നെങ്കിലും അരവിന്ദന് എത്താനായില്ല. അഞ്ചാംദിവസം -മാർച്ച് 15-ന് അരവിന്ദൻ ഈ ലോകത്തോടു വിടപറയുകയുംചെയ്തു.
രണ്ടുപതിറ്റാണ്ടിനുശേഷം 2011-ൽ അരവിന്ദന്റെ ഭാര്യ കൗമുദി, ബാവയുടെ പൊന്നാനിയിലെ പുതിയവീടിന്‍റെ ഗൃഹപ്രവേശത്തിനെത്തിയപ്പോഴാണ് അരവിന്ദന് ലഭിച്ച മികച്ചസംവിധായകനുള്ള പുരസ്കാരശില്പം കൈമാറിയത്. മുംബൈയിൽ ബാവയുടെ ഗൃഹപ്രവേശത്തിന് എത്താൻ സാധിക്കാതെപോയ അരവിന്ദൻ അവാർഡ് ശില്പം ബാവയ്ക്ക് നൽകണമെന്ന് മരണസമയത്ത് കൗമുദിയെ പറഞ്ഞേൽപ്പിച്ചതായിരുന്നു.
Content Highlights: director g aravindan 33 death anniversary