'ഞാനുംകൂടെ കയർത്താൽ പ്രശ്നം വലുതാകുമെന്ന് കരുതി, നിരുപാധികം മാപ്പ്'; പ്രതികരിച്ച് സംവിധായകൻ

അബിൻ ഹരിഹരൻ, ​ഗൗരി കിഷൻ | Photo: Screengrab, Mathrubhumi
അബിൻ ഹരിഹരൻ, ​ഗൗരി കിഷൻ | Photo: Screengrab, Mathrubhumi

ബോഡി ഷെയ്മിങ് വിവാദത്തിൽ നടി ഗൗരി ജി. കിഷന് പിന്തുണയുമായി സംവിധായകൻ അബിൻ ഹരിഹരൻ. ഇക്കാര്യത്തിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. നേരത്തെ നടന്ന വിഷയം ഒഴിവാക്കാമായിരുന്നു. സംഭവസമയത്ത് മൗനം പാലിച്ചത് ചൂണ്ടിക്കാട്ടി ഒട്ടെറെപ്പേർ വിമർശിച്ചതുകണ്ടു. തന്നെ സംബന്ധിച്ചും പ്രസ് മീറ്റ് അത്ര പരിചയമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്നലെ നടന്ന സംഭവത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു. ഈ കാര്യം എനിക്ക് ഒഴിവാക്കാമായിരുന്നു. ഞാൻ അവിടെ ശബ്ദിച്ചില്ലെന്ന് ഒട്ടേറെപ്പേർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ക്ഷമ ചോദിക്കുന്നത്. എന്നെ സംബന്ധിച്ച് എനിക്കും അതൊരു ഷോക്ക് ആയിരുന്നു. അധികം പ്രസ് മീറ്റിലൊന്നും പങ്കെടുത്തിട്ടില്ല. ഗൗരി സംസാരിക്കുന്നതിനിടെ ഞാനും കയർത്ത് സംസാരിച്ചാൽ പ്രശ്നം വലുതാകുമോ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്. ഇതെല്ലാം ആലോചിച്ച് സ്റ്റക്ക് ആയിരിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ.

ഗൗരിക്കൊപ്പം തന്നെ നിൽക്കുന്നു. ഇത്തരം പ്രസ് മീറ്റുകളിൽ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനപ്പുറമുള്ള കാര്യങ്ങൾ ഒഴിവാക്കണം. ഞാൻ എത്രത്തോളം സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന കാര്യം എന്റെ സിനിമയിലും നിങ്ങൾക്ക് കാണാനാകും. ഒരു ക്ലീഷേ റോളിനുവേണ്ടി ഒരു നടിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. അവരുടെ കഴിവിൽ വിശ്വസിച്ചാണ് ഞാൻ അവരെ സിനിമയെടുത്തത്', അബിൻ ഹരിഹരൻ പറഞ്ഞു.

ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ഗൗരിക്കുനേരെ യൂട്യൂബർ മോശം പരാമർശം നടത്തിയത്. സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.

തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചുചോദിച്ചു. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളിൽ പ്രതികരിച്ചു.

Content Highlights: Director Abin Hariharan apologizes for his silence during the body shaming incident involving actress Gouri G. Kishan at a press meet. Learn more about the controversy.