‘അറപ്പ് തോന്നുന്നു, ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും ഭീകരമായ രൂപം’; TG മോഹൻദാസിനെതിരെ അഞ്ജലി മേനോൻ

#മൂവി ഡെസ്ക്
ടി.ജി. മോഹൻദാസ്, സംവിധായിക അഞ്ജലി മേനോൻ | ഫോട്ടോ: പി. കൃഷ്ണപ്രദീപ്, അഞ്ജലി മേനോൻ \ മാതൃഭൂമി
ടി.ജി. മോഹൻദാസ്, സംവിധായിക അഞ്ജലി മേനോൻ | ഫോട്ടോ: പി. കൃഷ്ണപ്രദീപ്, അഞ്ജലി മേനോൻ \ മാതൃഭൂമി

ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ പരാമർശത്തിനെതിരെ രൂക്ഷപ്രതികരണവുമായി സംവിധായിക അഞ്ജലി മേനോൻ. വൃത്തികെട്ട ഒരു വിദ്വേഷപ്രചരണമാണിതെന്ന് അവർ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ദയവായി ഇതിനെ അവഗണിക്കരുത്. ഇതിനെ ചോദ്യം ചെയ്യുകയും ഇതിനെ അപലപിക്കുകയും വേണമെന്നും അവർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു അഞ്ജലി മേനോന്റെ പ്രതികരണം.

“ഇത് എന്നിൽ കോപം നിറയ്ക്കുന്നു. ഈ വികൃതമായ വാക്കുകളിൽ നിന്ന് തികഞ്ഞ അറപ്പോടെ മുഖം തിരിക്കാനാണ് എനിക്ക് ആദ്യം തോന്നുന്നത്. എന്നാൽ ഇത് എതിർക്കപ്പെടേണ്ടതുണ്ട്. ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ്. ഇതിന്റെ ഉത്തരവാദിത്തം ഇത് പറഞ്ഞ വ്യക്തിക്കും, ഇത് റെക്കോർഡ് ചെയ്തയാൾക്കും, യൂട്യൂബിൽ പങ്കുവച്ചയാൾക്കും, ഇത് ലൈക്ക് ചെയ്തവർക്കും, ഇതിനെ പിന്തുണച്ച എല്ലാവർക്കും ഉള്ളതാണ്.

ഇത്തരമൊരു ഭാവി സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു 'മാനോസ്ഫിയർ' ചിന്താഗതിയാണിത്. ‘ഒരാൾ സംസാരിക്കുന്ന വാക്കുകൾ അയാളുടെ ആന്തരിക സ്വഭാവത്തെ വെളിപ്പെടുത്തുന്നു; അത് വ്യക്തിപരമായ സ്വഭാവശുദ്ധിയുടെയും ധാർമികതയുടെയും കണ്ണാടിയായി വർത്തിക്കുന്നു. അവ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ പ്രതിഫലിപ്പിക്കുകയും, പൊതുസ്വഭാവം നിർവചിക്കുകയും, ഭാവിയിലെ ഫലങ്ങളെ നിർദ്ദേശിക്കുകയും ചെയ്യുന്നു. അതിനാൽ ദയവായി ഇത് അവഗണിക്കരുത്. ഇതിനെ ചോദ്യം ചെയ്യുക. അപലപിക്കുക. വേരോടെ പിഴുതെറിയുക.’’അഞ്ജലി മേനോൻ കുറിച്ചു.

ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം.

‘ഡൽഹിയിൽ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറുമെന്ന്’ മറ്റൊരു വീഡിയോയിൽ മോഹൻദാസ് പറഞ്ഞതും വിവാദമായിരുന്നു. സംഭവത്തിൽ മോഹൻദാസിനെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: Director Anjali Menon strongly condemned RSS leader TG Mohandas for his controversial remarks targeting students protesting at Delhi's Jantar Mantar, labeling his comments as hate speech in its ugliest form and urging the public to call out and weed out such toxic mindsets.