‘നായികമാരെ ഗ്ലാമർ വേഷങ്ങളിൽ അവതരിപ്പിച്ചാലേ സിനിമ വിറ്റുപോകൂ എന്ന് കരുതുന്നവരാണ് മാറേണ്ടത്’

#മൂവി ഡെസ്ക്
ഡിംപിൾ ഹയാത്തി, പെദ്ധി എന്ന ചിത്രത്തിൽ ജാൻവി കപുർ | ഫോട്ടോ: www.instagram.com/dimplehayathi/, സ്ക്രീൻ​ഗ്രാബ്
ഡിംപിൾ ഹയാത്തി, പെദ്ധി എന്ന ചിത്രത്തിൽ ജാൻവി കപുർ | ഫോട്ടോ: www.instagram.com/dimplehayathi/, സ്ക്രീൻ​ഗ്രാബ്

ബുച്ചി ബാബു സന സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ഡ്രാമയായ 'പെദ്ധി'യുമായി ബന്ധപ്പെട്ട വിവാദങ്ങൾ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. രാം ചരൺ നായകനായ ഈ ചിത്രത്തിൽ ജാൻവി കപൂർ അവതരിപ്പിച്ച നായിക കഥാപാത്രത്തെ അമിതമായി ലൈംഗികവൽക്കരിച്ചുവെന്ന വിമർശനമാണ് ഒരു വിഭാഗം പ്രേക്ഷകർ ഉയർത്തുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടി ഡിംപിൾ ഹയാത്തി.

ജാൻവിക്ക് പിന്തുണ പ്രഖ്യാപിച്ച അവർ തന്നെ പരിഹസിച്ചവർക്ക് ശക്തമായ മറുപടിയും നൽകി. ഒരു സ്ത്രീ സ്വന്തം അഭിപ്രായം പറയുന്നത് ഒരു വാർത്തയാകേണ്ട കാര്യമില്ലെന്നും അത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണെന്നും അവർ എക്സിലൂടെ (X) വ്യക്തമാക്കി.

മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കണമെന്ന് അവർ ആവശ്യപ്പെട്ടു. "ഞാൻ എൻ്റെ ജീവിതം കണ്ടെത്തുന്നു, എൻ്റെ അഭിപ്രായമോ എൻ്റെ അനുഭവങ്ങളോ നിങ്ങളുമായി പങ്കുവെക്കേണ്ടതില്ല." അവർ മറ്റൊരു പോസ്റ്റിൽ കൂട്ടിച്ചേർത്തു.

പെദ്ധി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ജാൻവി കപൂറിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും പകരം സിനിമയുടെ അണിയറപ്രവർത്തകരെയും വ്യവസ്ഥിതിയെയും ആണ് ചോദ്യം ചെയ്യേണ്ടതെന്നും ഡിംപിൾ വാദിക്കുന്നു. നടിമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവർക്ക് ലഭിക്കുന്ന വേഷങ്ങൾ എങ്ങനെ എഴുതപ്പെടുന്നു എന്നതിലേക്കാണ് ശ്രദ്ധ നൽകേണ്ടത്. നായികമാരെ ഗ്ലാമർ വേഷങ്ങളിൽ മാത്രം അവതരിപ്പിച്ചാലേ സിനിമ വിറ്റുപോകൂ എന്ന് കരുതുന്ന നിർമാതാക്കളും സംവിധായകരുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെന്ന് താരം ചൂണ്ടിക്കാട്ടി.

https://x.com/DimpleHayathi/status/2063721402285666387

എല്ലാ നടിമാർക്കും അവരുടെ കഴിവ് പൂർണമായും പുറത്തെടുക്കാൻ കഴിയുന്ന വേഷങ്ങൾ ലഭിക്കാറില്ല. പലപ്പോഴും തങ്ങൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വർഷങ്ങളോളം ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ നടിമാർക്കുണ്ട്. നായക കേന്ദ്രീകൃതമായ സിനിമകളിൽ നടിമാരുടെ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം പരിമിതമാണെന്നും അവർക്ക് സ്വയം തെളിയിക്കാനുള്ള അവസരങ്ങൾ കുറവാണെന്നും ഡിംപിൾ അഭിപ്രായപ്പെട്ടു.

പെദ്ധി എന്ന ചിത്രത്തിൽ ജാൻവി കപൂറിനെ ചിത്രീകരിച്ചത് വളരെ മോശമായാണെന്ന് വിമർശനം ഉയർന്നിരുന്നു. തുടർന്ന് ക്ഷമാപണവുമായി സംവിധായകൻ ബുച്ചി ബാബു സന രംഗത്തെത്തി. സിനിമ ഒരു ആസ്വാദകനെയും അസ്വസ്ഥനാക്കാനോ അപമാനിക്കാനോ പാടില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ചിത്രത്തിലെ ഏതെങ്കിലും ഭാഗങ്ങൾ പ്രേക്ഷകരെ അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കിൽ അതിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും മാറുന്ന കാലത്തെ അഭിരുചികൾക്കനുസരിച്ച് സിനിമാപ്രവർത്തകർ മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Telugu actor Dimple Hayathi has strongly retaliated against social media users trolling her for backing Janhvi Kapoor amid the heavy backlash surrounding the film Peddi. She made it clear that public criticism needs to shift away from individual female performers and point directly at the underlying filmmaking industry, industry stereotyping, and flawed character scriptwriting.