അറംപറ്റിയ ടൈറ്റിൽ, തിരിച്ചുവരവെന്ന് തോന്നിച്ച ‘രാമലീല’; ജനപ്രീതിയുടെ അഗ്നിപരീക്ഷയാവാൻ ‘ഭ.ഭ.ബ’

എറണാകുളം നോർത്തിലെ ഹോട്ടലുകൾ മിമിക്രിക്കാരുടെ താവളങ്ങളായിരുന്ന കാലത്ത് തട്ടുകടയിൽന്ന് ഭക്ഷണവും കഴിച്ച് ആലുവയ്ക്കുള്ള രാത്രിബസിനായി കാത്തു നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ. ഒരു വിസിലിനോളം മെലിഞ്ഞതായിരുന്നുവെങ്കിലും തൊണ്ടയിൽനിന്ന് കേൾപ്പിച്ച പലതരം ശബ്ദങ്ങളിലൂടെ അവൻ സ്വപ്നംകണ്ട് ഒരുവിളിപ്പാടകലെയുള്ള കലാഭവൻ എന്ന സ്ഥാപനമായിരുന്നു. അവിടെ സിനിമയിലേക്കുള്ള ഒരു കവാടം തുറന്നിരിപ്പുണ്ടെന്ന് അവൻ വിശ്വസിച്ചു.
ഗോപാലകൃഷ്ണൻ എന്ന ഔദ്യോഗികനാമവും ദിലീപ് എന്ന വിളിപ്പേരുമുള്ള ആ ചെറുപ്പക്കാരൻ കലാഭവനിൽനിന്ന് പതിയെ സിനിമയുടെ പിന്നാമ്പുറങ്ങളിലേക്കെത്തി. കമലിൻ്റെ സംവിധായക സഹായിയിൽനിന്ന് 1992-ൽ 'എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലെ ഒരു രംഗത്തിലൂടെ അഭിനയത്തിലേക്ക് തലനീട്ടൽ. 'സൈന്യ'ത്തിലെ അംഗമായി കുറച്ചുകൂടി വലിയ വേഷം. 'മാനത്തെ കൊട്ടാര'ത്തിലൂടെ കിനാവുകളുടെ അന്തഃപുരങ്ങളിലേക്ക്. ഏഴുപേർക്കിടയിൽ 'അര'യായും നായകന്മാരുടെ അനുജൻ തമാശയായുമുള്ള അരങ്ങൊരുക്കലിൽ നിന്ന് 1996-ൽ ഒരു വലിയ വിജയ 'സല്ലാപം'.
അവിടെനിന്ന് ദിലീപ് എന്ന നായകൻ ആരോഹണം തുടങ്ങുന്നു. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയുള്ള അവിശ്വസനീയമായ ആ വളർച്ച ജനപ്രിയനായകൻ എന്ന അലങ്കാരത്തോടെ അനേകം ശാഖകളായി പടർന്നുനിൽക്കുമ്പോഴാണ് നടിയെ ആക്രമിച്ച കേസിൽ അകത്താവുന്നത്. ഒരു നായകനു വേണ്ടതെന്ന് സിനിമ തീർപ്പുകല്പിച്ച പല പ്രത്യക്ഷലക്ഷണങ്ങളുമില്ലാതെയാണ് ദിലീപ് മലയാള സിനിമയുടെ താരശ്രേണിയിലെ ആദ്യസ്ഥാന ങ്ങളിലെത്തിയത്. അതിൽ പലതരം കരുനീക്കങ്ങളുടെ കറുപ്പും വെളുപ്പും കളങ്ങളുണ്ടായിരുന്നു.
വിജയങ്ങളിലേക്ക് പലപ്പോഴും എത്തിപ്പെടുകയായിരുന്നില്ല, വിജയമുള്ള ഇടങ്ങളെല്ലാം തിരിച്ചറിഞ്ഞ് അതിനെ പലവഴികളിലൂടെ തന്റേതാക്കി മാറ്റുകയായിരുന്നു ഈ നായകൻ. മഞ്ജുവാര്യർ എന്ന നായികയ്ക്കുചുറ്റും മലയാളസിനിമ ഭ്രമണം ചെയ്തുതുടങ്ങിയ നാളുകളിലെ ഒരു പ്രഭാ തത്തിലാണ് ആലുവ ശ്രീകൃഷ്ണക്ഷേത്രം ദിലീപിന്റെ അതിഗൂഢമായ പ്രണയകഥയുടെ വിജയകരമായ പര്യവസാനത്തിന് സാക്ഷിയായത്. മഞ്ജുവിനെ ദിലീപ് സ്വന്തമാക്കിയപ്പോൾ അമ്പരന്നത് പ്രേക്ഷകർ മാത്രമായിരുന്നില്ല. ഇവിടത്തെ സിനിമാലോകം തന്നെയായിരുന്നു.
മഞ്ജുവിനുശേഷം കാവ്യയിലേക്ക് നായികാസങ്കല്പം കേന്ദ്രീകരിച്ചപ്പോൾ അവിടെയും നായകസ്ഥാനത്ത് ദിലീപായിരുന്നു. സിനിമയിലും ജീവിതത്തിലും. കാവ്യയുമായി ചേർത്തുള്ള ഗോസിപ്പുകളെ നിഷ്പ്രയാസം തോൽപ്പിക്കാൻ ദിലീപിനായി. കാവ്യയുടെ വിവാഹമോചനത്തിലെ വില്ലനെന്ന ആരോപണം പോലും പതിവ് ചിരികൊണ്ട് ദിലീപ് മറികടന്നു.
ആരോടും പ്രത്യക്ഷത്തിൽ എതിർപ്പിനില്ല. പക്ഷേ, നുള്ളിയെടുക്കേണ്ടതിനെ അനായാസം. എന്നാൽ പ്രകടമാകാതെ കൈയിലാക്കാൻ കഴിയുന്നയാൾ. ഇതാണ് ദീലിപിനെക്കുറിച്ച് സിനിമാ മേഖലയിലുള്ളവർ പറഞ്ഞിരുന്നത്. സൂപ്പർതാരപദവി എത്തിപ്പിടിക്കാൻ നോക്കാതെയും നിലവിലുള്ള താരരാജാക്കന്മാർക്ക് അപ്രീതിയുണ്ടാക്കാതെയും അവരുടെ അനുജനെപ്പോലെ നിന്നുകൊണ്ട് അവരോളം വളരുകയായിരുന്നു ദിലീപ്.
ഇതിനിടെയാണ് കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസിലെ സംശയമുനകൾ ദിലീപിലേക്ക് നീണ്ടത്. റിയൽ എസ്റ്റേറ്റ് ബന്ധത്തിലെ വിള്ളലിനെത്തുടർന്നുണ്ടായ വൈരാഗ്യം തീർക്കാൻ നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകി എന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. കുടുംബപരമായ വിഷയത്തിൽ നടി ഇടപെട്ടതാണ് വൈരാഗ്യത്തിന് കാരണമെന്ന് പിന്നീട് കണ്ടെത്തി. ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനെ അറിയിച്ച് ആക്രമിക്കപ്പെട്ട നടിയാണെന്നും അതിന്റെ വൈരാഗ്യത്തിൽ ആക്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.
അറസ്റ്റിലായതോടെ ഒരുകാലത്ത് സിനിമയുടെ സകലമേഖലകളും നിയന്ത്രിച്ചിരുന്ന ദിലീപിന്റെ പതനം ആരംഭിച്ചു. പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒരെണ്ണം മാത്രമാണ് സാമാന്യം സാമ്പത്തിക വിജയം നേടിയത്. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് ദിലീപിന്റേതായി ഒടുവിലിറങ്ങിയ ചിത്രം 'വെൽകം ടു സെൻട്രൽ ജയിൽ' ആയിരുന്നു. ചിത്രത്തിന്റെ പേര് അന്വർഥമായെന്ന് അറസ്റ്റിന് പിന്നാലെ സാമൂഹികമാധ്യമങ്ങൾ ട്രോളി.
2017-ൽ പുറത്തിറങ്ങിയ 'ജോർജ്ജേട്ടൻസ് പൂരം' നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടംപിടിച്ചു. കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ അറിയില്ലെന്ന് അന്വേഷണസംഘത്തിന് മൊഴി നൽകിയതിന് പിന്നാലെ, ചിത്രത്തിന്റെ സെറ്റിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു.
എന്നാൽ, വിവാദങ്ങളെയെല്ലാം മറികടക്കുന്നതായിരുന്നു അരുൺ ഗോപി സംവിധാനംചെയ്ത 'രാമലീല' എന്ന ചിത്രത്തിന്റെ വിജയം. ചിത്രം ദിലീപിന്റെ തിരിച്ചുവരവാകുമെന്ന് കരുതി. പക്ഷേ, തുടര്ന്നു വന്ന പടങ്ങളൊന്നും സാമ്പത്തികമായി വിജയമായില്ല. കുറ്റാരോപിതനായ ദിലീപുമായി ചിത്രം പ്രഖ്യാപിച്ചതോടെ, സിനിമയിലെ തൊഴിലാളി സംഘടനാ നേതാവായ ബി. ഉണ്ണികൃഷ്ണനും വിമർശനങ്ങളുടെ ചൂടറിഞ്ഞു. 2019-ലെ 'കോടതി സമക്ഷം ബാലൻവക്കീലി'നും ദിലീപിലെ താരത്തെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ല. ദിലീപിന്റെ ശക്തിമേഖകൾ എല്ലാം നിലനിർത്തിക്കൊണ്ടുതന്നെ പല ഗണത്തിലുള്ള ചിത്രങ്ങൾ പരീക്ഷിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയ ചില പടങ്ങൾ ഒടിടിക്കുപോലും വേണ്ടാതായി.
കടുത്ത വിശ്വാസിയായ ദിലീപ് മുൻകൂട്ടിക്കണ്ട തിരിച്ചുവരവിന് അനുകൂലമായ സൂചനകൾ നൽകിയ വർഷമാണ് 2025. ഈ വർഷം ഇറങ്ങിയ 'പ്രിൻസ് ആൻഡ് ഫാമിലി' സാമാന്യം ഭേദപ്പെട്ട വിജയമായിരുന്നു. ചിത്രം കാണാൻ കുടുംബപ്രേക്ഷകർ കൂട്ടമായെത്തി. പിന്നാലെ, തന്റെ ഇമേജിനും കരിയറിനും വ്യക്തിജീവിതത്തിനും മുകളിൽ കരിനിഴലായി നിന്ന കേസിൽ കുറ്റാരോപിതനായി.
ഡിസംബറിൽ തന്നെ ദിലീപിനെ വ്യത്യസ്ത വേഷത്തിൽ അവതരിപ്പിക്കുന്ന 'ഭ.ഭ.ബ (ഭയം ഭക്തി ബഹുമാനം)'. പുറത്തിറങ്ങാനിരിക്കുന്നത്. ക്രിസ്മസിന് മുന്നോടിയായി 18 ന് തീയേറ്ററിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറ്റാരോപിതനായശേഷം തീയേറ്ററിലെത്തുന്ന ആദ്യചിത്രമെന്ന നിലയിൽ ദിലീപിന്റെ നഷ്ടപ്പെട്ട ജനപ്രീതിയുടെ ഉരകല്ലുകൂടിയായി ചിത്രം മാറും.
ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ വരുന്ന തിങ്കളാഴ്ച ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ ദിലീപ് ചേരും. ഇനി മുപ്പത് ദിവസത്തോളം ദിലീപിന്റെ ഭാഗം ചിത്രീകരിക്കാൻ ബാക്കിയുണ്ട്. ദിലീപിന്റെ 152-ാം ചിത്രമാണിത്.