'ഉദയനിധിക്ക് സംഭവിച്ചത് കണ്ടില്ലേ, അടുത്തത് നിങ്ങൾ, സൂക്ഷിച്ചോ'; പരിഹാസത്തിന് മറുപടിയുമായി ധ്യാൻ

#മൂവി ഡെസ്ക്
ധ്യാൻ ശ്രീനിവാസൻ, ഉദയനിധി സ്റ്റാലിൻ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍ \ മാതൃഭൂമി, PTI
ധ്യാൻ ശ്രീനിവാസൻ, ഉദയനിധി സ്റ്റാലിൻ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍ \ മാതൃഭൂമി, PTI

ടി തൃഷയെ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായി ചേർത്ത് അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡയിലായ സംഭവത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. ഈ വിഷയത്തിൽ അതിരൂക്ഷമായ പരിഹാസം നേരിടുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഏതാനും ദിവസങ്ങൾക്കുമുൻപ് വിജയ്‌യെയും തൃഷയെയും പരോക്ഷമായി കളിയാക്കി നടത്തിയ ധ്യാനിന്റെ പ്രസംഗമാണ് ഇതിനു കാരണം. ഇതിനെല്ലാം മറുപടിയുമായി ധ്യാൻ രംഗത്തെത്തിയിരിക്കുകയാണ്.

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായെന്ന വാർത്ത പുറത്തുവന്നതോടെ ഒരു ഇൻസ്റ്റാഗ്രാം ചാനലിൽ ധ്യാൻ മാപ്പുപറയുന്നു എന്ന ധ്വനിയുള്ള ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. അണ്ണൻതമ്പി എന്ന മലയാളചിത്രത്തിലെ രംഗമാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. അടുത്തത് ധ്യാൻ ആണ് കുടുങ്ങാൻ പോകുന്നതെന്ന തരത്തിലായിരുന്നു മിക്ക കമന്റുകളും. ഇതോടെയാണ് ഈ വീഡിയോക്ക് പ്രതികരണമറിയിച്ച് ധ്യാൻതന്നെ എത്തിയത്. 'ഹ ഹ ഹ, അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ' എന്നാണ് ഇമോജികൾ സഹിതം ധ്യാൻ ശ്രീനിവാസൻ കമന്റ് ചെയ്തത്. നിരവധി പേർ പ്രതികരണത്തിന് കമന്റുകളുമായെത്തിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ധ്യാൻ വിജയ്-തൃഷ പരാമർശം നടത്തിയത്. താൻ എന്നെങ്കിലുമൊരിക്കൽ മുഖ്യമന്ത്രിയാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് നവ്യാ നായർ സാരിയുടുത്ത് മുൻനിരയിൽത്തന്നെ ഉണ്ടാകണമെന്നുമാണ് ധ്യാൻ പറഞ്ഞത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അതുകാണാൻ തൃഷ വന്നതുമായി ബന്ധപ്പെടുത്തിയായിരുന്നു ധ്യാനിന്റെ തമാശ."നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ് ഞാനെന്റെ ഇന്റർവ്യൂ ജീവിതം തുടങ്ങുന്നതുതന്നെ. ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരിയുടുത്ത്, കണ്ണുനിറച്ചുകൊണ്ട് മുൻനിരയിൽ നവ്യ ഉണ്ടാവണം." ചടങ്ങിൽ ധ്യാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഇതേ തുടർന്ന് ധ്യാനെതിരെ വ്യാപക പ്രതിഷേധവുമായി തമിഴ് ആരാധകർ രംഗത്തുവന്നിരുന്നു. തമിഴ്നാട്ടിലാണ് ധ്യാനിനെതിരെ പ്രതിഷേധം ഉയർന്നത്. തമിഴ്നാടിന്റെ എല്ലാമെല്ലാമായ വിജയ്‌യെ അപമാനിച്ച ധ്യാൻ മാപ്പ് പറയണമെന്നും പരാമർശം പിൻവലിക്കണമെന്നുമായിരുന്നു ആരാധകരുടെ ആവശ്യം.

Content Highlights: Actor Dhyan Sreenivasan responded with humor to viral social media trolls targeting his earlier indirect remarks about Chief Minister Vijay and actor Trisha, following Udhayanidhi Stalin's recent police custody over defamatory comments.