450 കോടി ആസ്തി, 100 ഏക്കർ ഫാംഹൗസ്, ആഡംബര കാറുകൾ; ധർമേന്ദ്ര കെട്ടിപ്പടുത്ത സാമ്രാജ്യം ഇനി ആർക്ക്?

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട ധർമേന്ദ്ര 89-ാം വയസ്സിലാണ് ഈ ലോകത്തോട് വിടപറയുന്നത്. ഡിസംബർ എട്ടിന് ജുഹുവിലെ വസതിയിൽ 90-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. നടൻ എന്നതിനുപുറമേ സിനിമാനിർമാതാവും രാഷ്ട്രീയനേതാവുമായിരുന്നു ധർമേന്ദ്ര. കൂടാതെ, ബോളിവുഡിന്റെ ‘ഗരം ധരം’ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിൽ അഭിനേതാക്കളും, ചലച്ചിത്ര നിർമാതാക്കളും, മറ്റ് പ്രൊഫഷണലുകളും ഉൾപ്പെടുന്നു.
കോടികളുടെ സ്വത്ത്
ആറ് പതിറ്റാണ്ടുകൾ നീണ്ട സിനിമാ പാരമ്പര്യം വലിയ സാമ്പത്തിക അടിത്തറയാണ് ധർമേന്ദ്രയ്ക്ക് നൽകിയത്. ഏകദേശം 335 കോടി മുതൽ 450 കോടി രൂപ വരെ ധർമേന്ദ്രയ്ക്ക് ആസ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വെള്ളിത്തിരയിലെ സൂപ്പർതാരമെന്നതിലുപരി റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ആഡംബര ശേഖരങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിക്ഷേപങ്ങളും 'ബോളിവുഡിന്റെ ഹീമാന്' സ്വന്തമായിരുന്നു.
അദ്ദേഹത്തിൻ്റെ സിനിമകളെ അടിസ്ഥാനമാക്കിയുള്ള റെസ്റ്റോറന്റ് ശൃംഖലയായ 'ഗരം ധരം' ഒരു ജനപ്രിയ ഭക്ഷണ-ഹോസ്പിറ്റാലിറ്റി ബ്രാൻഡായി മാറിയിരുന്നു. 2022-ൽ അദ്ദേഹം കർണാൽ ഹൈവേയിൽ 'ഹീ-മാൻ' എന്ന പേരിൽ മറ്റൊരു ഭക്ഷണശാലയും തുറന്നു. ഇതിന് പുറമെ, മഹാരാഷ്ട്രയിൽ 17 കോടിയിലധികം രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ഇദ്ദേഹത്തിനുണ്ട്. ലോണാവാലയിലെ 100 ഏക്കറിൽ പരന്നുകിടക്കുന്ന ഫാംഹൗസും ധർമേന്ദ്രയ്ക്ക് സ്വന്തമായിരുന്നു.
കാറുകൾ
ധർമേന്ദ്രയ്ക്ക് വാഹനങ്ങളോട് വലിയ ഇഷ്ടമുണ്ടായിരുന്നു. വിന്റേജ് ഫിയറ്റ് മുതൽ റേഞ്ച് റോവർ ഇവോക്ക് പോലുള്ള ആഡംബര കാറുകൾ വരെ ധർമേന്ദ്രയുടെ ഗാരേജ് ഭരിച്ചിരുന്നു. 98.11 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് SL500-ഉം അദ്ദേഹത്തിന് സ്വന്തമായിരുന്നു.
ധർമേന്ദ്രയുടെ കുടുംബം
1954-ല്‍ തന്റെ 19-ാം വയസിലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. പ്രകാശ് കൗറായിരുന്നു വധു. ധര്‍മേന്ദ്ര സിനിമയിലെത്തുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. നാല് മക്കളാണ് ഇരുവര്‍ക്കും ഉണ്ടായത്. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവരെ അറിയാത്ത സിനിമാപ്രേമികളുണ്ടാകില്ല. ഇവര്‍ക്ക് പുറമെ വിജിത, അജിത എന്നീ പെണ്‍മക്കളും ധര്‍മേന്ദ്ര-പ്രകാശ് കൗര്‍ ദമ്പതിമാര്‍ക്ക് ഉണ്ടായിരുന്നു.
1980-ല്‍ ധര്‍മേന്ദ്ര, ഹേമമാലിനിയെ വിവാഹം ചെയ്തു. പ്രകാശ് കൗറുമായുള്ള വിവാഹബന്ധം നിലനില്‍ക്കെയായിരുന്നു ഇത്. ഹേമമാലിനിയുമായുള്ള ബന്ധത്തില്‍ രണ്ട് പെണ്‍മക്കളാണ് ധര്‍മേന്ദ്രയ്ക്കുള്ളത് - ഇഷാ ഡിയോളും അഹാനാ ഡിയോളും. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രകാശ് കൗറിനും അവരുടെ മക്കള്‍ക്കുമൊപ്പമാണ് ധര്‍മേന്ദ്ര താമസിച്ചിരുന്നത്. ഹേമയും പെണ്‍മക്കളും മുംബൈയില്‍ മറ്റൊരു വീട്ടിലായിരുന്നു. എന്നാല്‍ ധര്‍മേന്ദ്ര ഇടയ്ക്കിടെ വീട്ടിലെത്തി അവരെ കാണുമായിരുന്നു. രണ്ട് കുടുംബങ്ങളും സ്വതന്ത്രമായാണ് ജീവിച്ചിരുന്നത്.
Content Highlights: Explore Dharmendra`s massive net worth, from real estate to his restaurant chain. Click to learn more