ധനുഷും രാഷ്ട്രീയത്തിലേക്ക്? ആരാധകർ ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം

#മൂവി ഡെസ്ക്
ധനുഷ് | ഫോട്ടോ: PTI
ധനുഷ് | ഫോട്ടോ: PTI

ർച്ചയായി തമിഴ് സൂപ്പർതാരം ധനുഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ. സാമൂഹിക സേവനത്തിനിറങ്ങണമെന്ന് തന്റെ ആരാധകരുടെ കൂട്ടായ്മയോട് ധനുഷ് ആവശ്യപ്പെട്ടതാണ് ഈ സംശയത്തിന് വഴിമരുന്നിട്ടത്. ആരാധകർ സംഘടിപ്പിച്ച ഒരു രക്തദാന ക്യാമ്പിൽ സംസാരിക്കവേയാണ് ധനുഷ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകുന്ന പ്രസ്താവനകൾ നടത്തിയത്.

ആരാധകരുടെ ഒത്തൊരുമയ്ക്ക് വലിയ ശക്തിയുണ്ടെന്നും അതിനൊരു ലക്ഷ്യം ഉണ്ടാകണമെന്നും ധനുഷ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. സിനിമകളുടെ ഓഡിയോ ലോഞ്ചുകൾക്കും ആരാധക സംഗമങ്ങൾക്കും അപ്പുറം, തങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ ആരാധകർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "നിങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനം തോന്നണം" എന്ന് താരം പറഞ്ഞത്, ഒരു രാഷ്ട്രീയ പാർട്ടിയുടെ അടിത്തറ പാകുന്നതിനുള്ള നീക്കമാണോ എന്ന് പലരും സംശയിക്കുന്നു.

"ഇവിടെ ഇത്രയേറെപേർ ഒത്തുകൂടിയിരിക്കുന്നു. ഈ ഒത്തൊരുമയ്ക്ക് ഒരു ശക്തിയുണ്ട്. ആ ശക്തിയെ നിങ്ങൾ പോസിറ്റീവായ വഴിയേ കൊണ്ടുപോകണം. ആ ശക്തിക്ക് ഒരു ലക്ഷ്യം നൽകണം. ഒന്നിച്ചിരുന്ന് ഫോട്ടോയെടുക്കുന്നതിനും ഓഡിയോ ലോഞ്ചുകൾക്കും അപ്പുറം എല്ലാവരും ഒരുമിച്ചുചേർന്ന് സമൂഹത്തിനായി പ്രവർത്തിക്കണം. നിങ്ങളുടെ നാട്ടിൽ, അയൽപക്കത്ത് എന്തുവേണമെന്ന് മനസിലാക്കി എല്ലാവരുംചേർന്ന് കൈകോർത്താൽ നിങ്ങളെക്കൊണ്ട് സാധിക്കും. മറ്റുള്ളവർക്കായി നിങ്ങളെക്കൊണ്ട് സാധിക്കുന്നത് ചെയ്യണം. അങ്ങനെയെങ്കിൽ നിങ്ങളെക്കുറിച്ചോർത്ത് ഞാനിനിയും അഭിമാനിക്കും. നിങ്ങളത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു." ധനുഷിന്റെ വാക്കുകൾ.

ഈ നീക്കത്തെ മറ്റൊരു സൂപ്പർതാരമായ വിജയ്‌യുടേതുമായി താരതമ്യം ചെയ്യുകയാണ് ആരാധകർ. തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് വർഷങ്ങളോളം വിജയ് തന്റെ ആരാധക സംഘടനകളിലൂടെ സമാനമായ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക് എത്തുകയാണെങ്കിൽ തമിഴ് രാഷ്ട്രീയത്തിലെ താരപ്പോരാട്ടം പുതിയ തലത്തിലേക്ക് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ ധനുഷിന്റെ ഈ പ്രസംഗം വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‌നാടിന് വിദ്യാസമ്പന്നരും ധൈര്യശാലികളുമായ പുതിയ ശബ്ദങ്ങളെ ആവശ്യമുണ്ടെന്ന് ചിലർ താരത്തെ സ്വാഗതം ചെയ്ത് കുറിച്ചു. എന്നാൽ മറ്റുചിലർ സിനിമയിൽ നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശനാത്മകമായാണ് കാണുന്നത്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ധനുഷ് നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ഓരോ നീക്കവും വലിയ ആകാംക്ഷയോടെയാണ് ആരാധകർ നിരീക്ഷിക്കുന്നത്.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം ആണ് ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു താരം. സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാർ.

Content Highlights: Tamil actor Dhanush sparked widespread speculation regarding his potential political entry after urging his fan clubs to move beyond film celebrations and focus on grassroots social welfare initiatives.