ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടവര്‍; അവരും ആ അവസാന അതിഥിയെ കണ്ട് ഞെട്ടിപ്പോയി

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ബലാത്സംഗ കൊലപാതകങ്ങളെ ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന ദേവി എന്ന ഹിന്ദി ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. കജോള്‍, ശ്രുതി ഹാസന്, നേഹ ധുപിയ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹ്രസ്വചിത്രത്തില്‍ ജാതി-മത-പ്രായഭേദമന്യേ ബലാത്സംഗത്തിനും തുടര്‍ന്നു കൊലപാതകത്തിനും ഇരകളാവുന്ന സ്ത്രീ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകളാണ്.
ഒരു കൂട്ടം സ്ത്രീകള്‍ ഒത്തുകൂടിയ ഒരു മുറിയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെയാണ് ചിത്രം പുരേഗമിക്കുന്നത്. അതില്‍ പുടവ ചുറ്റിയവരുണ്ട്, ബുര്‍ഖ ധരിച്ചവളുണ്ട്, വാര്ധക്യത്തിലെത്തിയവരുണ്ട്, ഭര്തൃമതികളുണ്ട്. ഇവര്‍ ഒന്നിച്ച് ഒരിടത്ത് താമസിക്കുന്നവരാണെന്ന് പ്രേക്ഷകര്‍ ചിന്തിച്ച് തുടങ്ങുന്നിടത്താണ് അവര്‍ മരിച്ച് പോയവരാണെന്ന് ഞെട്ടലോടെ തിരിച്ചറിയപ്പെടുന്നത്. അതും ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടവര്‍. കൂട്ടത്തിലേക്ക് പുതിയ അന്തേവാസി വരുമ്പോള്‍ എവിടെ താമസിപ്പിക്കും എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ വന്ന അതിഥിയെ കണ്ട് ബാക്കിയുള്ളവര്‍ സ്തബ്ധരാകുന്നതോടൊപ്പം പ്രേക്ഷകനിലും ഞെട്ടല്‍ ഉളവാകുന്നു.
80 ശതമാനത്തിലധികം ആളുകള്‍ സ്ത്രീദൈവങ്ങളെ ആരാധിക്കുന്ന ഒരു രാജ്യത്ത് പ്രതിദിനം തൊണ്ണൂറിലധികം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടിയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്. പ്രിയങ്ക ബാനര്‍ജിയാണ് 'ദേവി' കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
Content highlights : Devi Short Film Kajol Sruthi Hassan Neha Dupia
Content Highlights: