'എന്റെ ജീവൻ ഒരു കുഴപ്പവുമില്ലാതെ തിരിച്ചെത്തിയിരിക്കുന്നു'; കുറിപ്പുമായി ശ്രേയസ് തൽപഡേയുടെ ഭാര്യ

ബോളിവുഡ് താരം ശ്രേയസ് തല്‍പഡേയെ ഹൃദയാഘാതത്തേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നത് ചലച്ചിത്ര പ്രേമികളെയൊന്നടങ്കം ആശങ്കപ്പെടുത്തിയ വാര്‍ത്തയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. ചികിത്സയെല്ലാം കഴിഞ്ഞ് ശ്രേയസ് വീട്ടിൽ തിരിച്ചെത്തിയ വിവരം പങ്കുവെച്ചിരിക്കുകയാണ് ഭാര്യ ദീപ്തി തൽപഡേ.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രേയസ് തൽപഡേയുടെ സുഖവിവരം ദീപ്തി അറിയിച്ചത്. ശ്രേയസ് തൽപഡേ സുരക്ഷിതനായും ആരോഗ്യവാനായും വീട്ടിൽ തിരിച്ചെത്തിയെന്ന് ദീപ്തി കുറിച്ചു.
'എവിടെയാണ് വിശ്വാസം അര്‍പ്പിക്കേണ്ടതെന്ന് അറിയില്ല എന്നുപറഞ്ഞ് ശ്രേയസിനോട് ഞാന്‍ തര്‍ക്കിക്കുമായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് അറിയാനാവുന്നു. ദൈവം എന്നതാണ് അതിനുള്ള ഉത്തരം. ആ സായാഹ്നത്തില്‍ ഞങ്ങളുടെ ജീവിതത്തെ പിടിച്ചുലച്ച സംഭവം നടന്നപ്പോള്‍ ദൈവം ഒപ്പമുണ്ടായിരുന്നു. ഇനിയൊരിക്കലും ഞാന്‍ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുമെന്ന് കരുതുന്നില്ല'. ദീപ്തി കുറിച്ചു.
“ഞങ്ങളുടെ നാട്ടിലെ നല്ല മനസുള്ളവരോട് നന്ദി പറയാൻ ഈ നിമിഷം ആഗ്രഹിക്കുകയാണ്. അന്ന് വൈകുന്നേരം ഞാൻ സഹായത്തിനായി പലരേയും വിളിച്ചു. പത്തുപേരെ എനിക്കുകിട്ടി. ശ്രേയസ് കാറിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആരെയാണ് സഹായിക്കുന്നതെന്ന് അവരാരും അറിഞ്ഞിരുന്നില്ല. അവർ ഓടി വരികയായിരുന്നു. എന്റെ സന്ദേശം നിങ്ങളിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളോട് എന്നും
നന്ദിയുള്ളവളായിരിക്കുമെന്ന് ദയവായി അറിയുക.” ദീപ്തി എഴുതി.
സുഹൃത്തുക്കളോടും കുടുംബത്തോടും സിനിമാ മേഖലയോടും നന്ദി പറയാൻ ആഗ്രഹിക്കുകയാണ്. പലരും അവരുടെ ജോലിപോലും മാറ്റിവെച്ച് തന്റെ കൂടെ നിന്നു. താനൊരിക്കലും തനിച്ചായിരുന്നില്ല. അതിനുകാരണം നിങ്ങളെല്ലാവരുമാണ്. തനിക്ക് ചായാൻ തോളുകളും ധൈര്യത്തോടെ നില്‍ക്കാന്‍ വലിയ പിന്തുണയും ഉണ്ടായിരുന്നുവെന്നും ദീപ്തി കൂട്ടിച്ചേർത്തു. ശ്രേയസിനെ ചികിത്സിച്ച ഡോക്ടർമാർക്കും അവർ കുറിപ്പിൽ നന്ദി പറയുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച 'വെൽക്കം ടു ദ ജംഗിൾ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ ഉടനേയാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തതായും സുഖം പ്രാപിച്ചുവരുന്നതായും അവർ പിന്നീട് അറിയിച്ചു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെൽ വ്യൂ ആശുപത്രിയിലാണ് ശ്രേയസ് ചികിത്സയിൽക്കഴിഞ്ഞിരുന്നത്.
Content Highlights: deepti talpade about her husband actor shreyas talpade's health, shreyas talpade's health update