പ്രിയം ഇറങ്ങുമ്പോൾ ഇദ്ദേഹം സ്കൂളിൽ പഠിക്കുന്നു, ഇന്ന് തിരക്കുള്ള നടനും നിർമാതാവും, എന്നെ ഞെട്ടിച്ചു, -ദീപാ നായർ

ദീപാ നായരും അജു വർ​ഗീസും | സ്ക്രീൻ​ഗ്രാബ്
ദീപാ നായരും അജു വർ​ഗീസും | സ്ക്രീൻ​ഗ്രാബ്

പ്രിയം എന്ന ഒറ്റച്ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾ ഇന്നും മറക്കാത്ത നടിയാണ് ദീപാ നായർ.വിവാഹത്തിനു ശേഷം ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്താണ് ദീപ സ്ഥിരതാമസം. ഇപ്പോൾ അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയിട്ടുണ്ട് താരം. മുംബൈയിൽ വെച്ച് പഴയ ഒരു ആരാധകനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അവർ. പ്രിയം റിലീസ് ചെയ്യുന്ന സമയത്ത് വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം ഇപ്പോഴത്തെ ഒരു തിരക്കേറിയ നടനാണെന്ന് ദീപ പറഞ്ഞു.

അല്പം സർപ്രൈസ് നിലനിർത്തിയാണ് ദീപ ആരാധകനെക്കുറിച്ച് പറയുന്നത്. അന്നത്തെ ആ സ്കൂൾ വിദ്യാർത്ഥി ഇന്ന് നടനും നിർമാതാവും ആണെന്ന് ദീപ പറഞ്ഞു. മലയാളികളുടെ പ്രിയതാരം അജു വർഗീസ് ആണ് ദീപാ നായരുടെ ആ ആരാധകൻ. ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അജു വർഗീസാണ് തന്നെ തിരിച്ചറിഞ്ഞതെന്നും ദീപ പറഞ്ഞു.

ദീപ നായരുടെ വാക്കുകൾ: "മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാനീ വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നത്. എനിക്ക് ദീർഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹം. പല തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്കൂളിൽ ആയിരുന്നിരിക്കണം. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിങ്ങൾക്ക് ഈ വ്യക്തി ആരാണെന്ന് ഊഹിക്കാമോ? ഞാൻ ചില സൂചനകൾ തരാം. മലയാളത്തിൽ പ്രശസ്തനായ ഒരു അഭിനേതാവാണ്.

മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്. ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഇദ്ദേഹം അരങ്ങേറിയത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും. അതെ, പ്രതിഭാധനനായ അജു വർഗീസ് ആണ് ഞാൻ പറഞ്ഞ ആരാധകൻ. ഈ കൂടിക്കാഴ്ചയുടെ രസം എന്താണെന്നു വച്ചാൽ അജുവാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. ഞാൻ ആളെ തിരിച്ചറിയുന്നതിന് മുൻപെ അജു എന്നെ മനസ്സിലാക്കി. നന്ദി അജു, എന്നെ തിരിച്ചറിഞ്ഞതിന്! മറ്റൊരു സമയത്ത് നമുക്ക് ഇനിയും കാണാം." ദീപയുടെ വാക്കുകൾ.

സനലിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രിയം. കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. മഞ്ജിമ, അരുൺ, അശ്വിൻ തമ്പി എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളിൽ. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

Content Highlights: Actress Deepa Nair, known for `Priyam`, shares a surprising encounter with fan Aju Varghese in Mumbai. He was a school student when `Priyam` released and is now a popular actor.