'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്,; ചിലർ ഗൂഢാലോചന നടത്തിയെന്ന് നായകൻ

ശേഖർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: twitter.com/ActorRajasekhar
ശേഖർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: twitter.com/ActorRajasekhar

ഹൈദരാബാദ്: രാജശേഖർ നായകനായ തെലുങ്ക് ചിത്രം ശേഖറിന് കോടതിയുടെ പ്രദർശനവിലക്ക്. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്ന് രാജശേഖർ പറഞ്ഞു. ജോജു ജോർജ് നായകനായ ജോസഫിന്റെ റീമേക്ക് ആണ് ശേഖർ.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവേയാണ് പ്രാദേശിക കോടതിയുടെ ഉത്തരവ് വന്നത്. എല്ലാ പ്രദർശനങ്ങളും നിർത്തിയതിന് പിന്നാലെയാണ് ഇതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖർ രം​ഗത്തെത്തിയത്.

"എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന ചിത്രമായിരുന്നു. പക്ഷേ ഇപ്പോൾ..." അദ്ദേഹം പറഞ്ഞു.

സിനിമയുടെ പ്രദർശനം തടയാൻ ചിലർ ​ഗൂഢാലോചന നടത്തി. സിനിമയാണ് ഞങ്ങളുടെ ജീവിതം. ഈ സിനിമയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഈ സിനിമയ്ക്ക് അതർഹിക്കുന്ന അം​ഗീകാരങ്ങൾ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും  അദ്ദേഹം പറഞ്ഞു. രാജശേഖറിന്റെ ഭാര്യ കൂടിയായ ജീവിത രാജശേഖറാണ് ശേഖർ സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Shekar Telugu Movie Exhibition Ban, Rajasekhar against Court Order