ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ ടീമിന്റെ 'കമ്മീഷണര്‍' 4K അറ്റ്‌മോസില്‍, ടീസര്‍ എത്തി

ടീസറില്‍നിന്ന്‌ | Photo: Screen grab/ YouTube: Hy Studioz
ടീസറില്‍നിന്ന്‌ | Photo: Screen grab/ YouTube: Hy Studioz

സുരേഷ് ഗോപി എന്ന നടനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കു നയിച്ച ആദ്യ ചിത്രമാണ് 'കമ്മീഷണര്‍'. രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനംചെയ്ത ചിത്രം സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയാണ് നിര്‍മിച്ചത്. കര്‍മ്മധീരനും ആദര്‍ശശാലിയുമായ ഭരത് ചന്ദ്രന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു 'കമ്മീഷണര്‍'. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

ചിത്രത്തോട് പ്രേക്ഷകര്‍ക്ക് ഇന്നുമള്ള ആഭിമുഖ്യം കണക്കിലെടുത്ത് ആധുനിക ശബ്ദ- ദൃശ്യവിസ്മയങ്ങളു മായി 4K അറ്റ്‌മോസില്‍ വീണ്ടും എത്തുകയാണ്. മഹാലഷ്മി ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം തെക്കുടന്‍ ഫിലിംസുമായി സഹകരിച്ചു കൊണ്ടാണ് 4K അറ്റ്‌മോസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ചിത്രത്തിന്റെ 4K അറ്റ്‌മോസ് ടീസര്‍ പുറത്തിറങ്ങി. റിലീസ്സിനുമുന്നോടിയായി എത്തിയിരിക്കുന്ന ടീസര്‍ വളരെ വ്യത്യസ്ഥമായി ഫോര്‍ കെ. ആക്കുന്നതിന്റെ ബിഫോര്‍ ആഫ്റ്റര്‍ വെര്‍ഷന്‍ ആയിട്ടാണ് ഇറങ്ങിയിരിക്കുന്നത്. 4K അറ്റ്‌മോസില്‍ എത്തി മികച്ച അഭിപ്രായം നേടിയ 'ദേവദൂതന്‍', 'ഛോട്ടാ മുംബൈ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റര്‍ ചെയ്യുന്ന ചിത്രമാണ് 'കമ്മീഷണര്‍'.

സംഗീതം: രാജാമണി, ഛായാഗ്രഹണം: ദിനേശ് ബാബു, എഡിറ്റിങ്: എല്‍. ഭൂമിനാഥന്‍, 4K റീമാസ്റ്ററിങ് നിര്‍മാണം: ഷൈന്‍ വി.എ, മെല്ലി വി.എ, ലൈസണ്‍ ടി.ജെ, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ഹര്‍ഷന്‍. ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കളറിങ്: ഷാന്‍ ആഷിഫ്, അറ്റ്‌മോസ് മിക്‌സ്: ഹരി നാരായണന്‍, മാര്‍ക്കറ്റിങ്: ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ്. പിആര്‍ഒ: വാഴൂര്‍ജോസ്.