നൃത്തസംവിധാന സഹായിക്കെതിരെ ലൈംഗികാതിക്രമം; ഗണേഷ് ആചാര്യക്ക് ജാമ്യം

ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രശസ്ത നൃത്തസംവിധായകൻ ഗണേഷ് ആചാര്യക്ക് ജാമ്യം. മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ഗണേഷ് ആചാര്യ അറസ്റ്റിലായിരുന്നില്ല. വ്യാഴാഴ്ച കോടതിയിൽ അദ്ദേഹം ഹാജരാവുകയായിരുന്നു. തന്നെ മർദിച്ചെന്നാരോപിച്ച് അസിസ്റ്റന്റ് കോറിയോഗ്രാഫർ അംബോലി സ്റ്റേഷനിൽ പരാതി നൽകിയ സംഭവത്തിലാണ് ഗണേഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
2020 ഫെബ്രുവരിയിലാണ് നൃത്തസംവിധാന സഹായിയായ യുവതി ഗണേഷിനെതിരെ പരാതിയുമായി രംഗത്തെത്തുന്നത്. 2009-2010 കാലത്ത് ഗണേഷിന്റെ ഓഫീസിൽ ചെല്ലുമ്പോൾ തന്നെ അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കാറുണ്ടായിരുന്നെന്നാണ് അവർ പരാതിയിൽ പറയുന്നത്. ഇതേ രീതിയിൽ ഇയാൾ മറ്റു പല സ്ത്രീകളോടും പെരുമാറിയിരുന്നെന്നും പരാതിയിലുണ്ട്. ഇതേ തുടർന്ന് ഈ വർഷം ഏപ്രിലിൽ ലൈംഗികാതിക്രമം അടക്കം നിരവധി കുറ്റങ്ങൾ ചുമത്തി മുംബൈ പോലീസ് കേസെടുക്കുകയായിരുന്നു.
ഗണേഷ് ആചാര്യയും മറ്റ് രണ്ടുപേരും ചേർന്ന് 2020 ജനുവരി 26-ന് നടന്ന ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കോറിയോഗ്രാഫേഴ്സ് അസോസിയേഷൻ അന്ധേരിയിൽ നടത്തിയ ചടങ്ങിൽ വെച്ച് തന്നെ കയ്യേറ്റം ചെയ്തതായും പരാതിക്കാരി പറയുന്നു. അതേസമയം ആരോപണങ്ങളെല്ലാം ഗണേഷ് ആചാര്യ നിഷേധിച്ചിട്ടുണ്ട്.
1990-കളുടെ തുടക്കത്തിൽ കൊറിയോഗ്രാഫർ കമൽജിയുടെ സഹായിയായാണ് ഗണേഷ് തന്റെ കരിയർ ആരംഭിച്ചത്. 1992-ൽ അനാം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കോറിയോഗ്രാഫറായെങ്കിലും 2001-ൽ പുറത്തിറങ്ങിയ ലജ്ജയിലെ ബഡി മുഷ്‌കിൽ എന്ന ഗാനമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. 2007-ൽ, മനോജ് ബാജ്‌പേയ്, ജൂഹി ചൗള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്വാമി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദേഹാത്തി ഡിസ്കോ എന്ന ചിത്രമാണ് ഗണേഷ് ആചാര്യയുടേതായി വരാനിരിക്കുന്ന ചിത്രം.
Content Highlights: choreographer ganesh acharya case, ganesh acharya granted bail, sexual harassment case