46 വർഷം, 537 ഗാനങ്ങൾ, 24,000 നൃത്തച്ചുവടുകൾ; ചിരഞ്ജീവിക്ക് ഗിന്നസ് ലോക റെക്കോർഡ്

ചിരഞ്ജീവിയെ ​ഗിന്നസ് അധികൃതർ ആദരിക്കുന്നു, നടൻ ആമിർ ഖാൻ സമീപം | ഫോട്ടോ: https://x.com/upasanakonidela
ചിരഞ്ജീവിയെ ​ഗിന്നസ് അധികൃതർ ആദരിക്കുന്നു, നടൻ ആമിർ ഖാൻ സമീപം | ഫോട്ടോ: https://x.com/upasanakonidela

ആരാധകർ സ്നേഹത്തോടെ മെ​ഗാ സ്റ്റാർ എന്ന് വിളിക്കുന്ന തെലുങ്ക് താരമാണ് ചിരഞ്ജീവി. ​ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഇന്ത്യൻ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാർ പദവി ​എന്ന ഗിന്നസ് റെക്കോർഡ് നേട്ടമാണ് ചിരഞ്ജീവിയെ തേടിയെത്തിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ​ഗിന്നസ് അധികൃതർ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയും താരത്തെ ആദരിക്കുകയും ചെയ്തു.

1978 സെപ്റ്റംബർ 22-നാണ് ചിരഞ്ജീവിയുടെ ആദ്യസിനിമ പുറത്തിറങ്ങിയത്. ഇതിന് ആദരമർപ്പിച്ചുകൊണ്ടാണ് ​ഗിന്നസ് അധികൃതർ കഴിഞ്ഞദിവസം ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ചിരഞ്ജീവിയുടെ ​ഗാനങ്ങൾക്കും നൃത്തരം​ഗങ്ങൾക്കും ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. സിനിമയിൽ അരങ്ങേറി 46 വർഷങ്ങൾകൊണ്ട് 537 പാട്ടുകളിലാണ് അദ്ദേഹം അഭിനയിച്ചത്. 24,000 നൃത്തച്ചുവടുകളുംവെച്ചു. ഇതാണ് ചിരഞ്ജീവിയെ തേടി ​ഗിന്നസ് ലോക റെക്കോർഡ് എത്താൻ കാരണം.

ഇന്ത്യയിലെ മറ്റൊരു നടനും ഈ നാഴികക്കല്ലിലേക്ക് എത്താൻ സാധിച്ചിട്ടില്ല. 15 സിനിമകൾ അഭിനയിച്ചിട്ടുണ്ടെങ്കിലും ചിരഞ്ജീവിയുടെ 143 ചിത്രങ്ങളേ ​ഗിന്നസ് അധികൃതർ പരി​ഗണിച്ചിട്ടുള്ളൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിരഞ്ജീവിയെ ​ഗിന്നസ് അധികൃതർ ആദരിക്കുന്ന ചടങ്ങിൽനിന്നുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ മകൻ രാംചരൺ തേജയുടെ ഭാര്യയായ ഉപാസന കോനിഡേല പങ്കുവെച്ചു. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും ചടങ്ങിനുണ്ടായിരുന്നു.

ചിരഞ്ജീവിയുടെ ഏതെങ്കിലും ഒരു ​ഗാനം കാണുകയാണെങ്കിൽ ഹൃദയം അതിലേക്കിറങ്ങിച്ചെല്ലുന്നതായി അനുഭവിക്കാമെന്ന് ആമിർ പറഞ്ഞു. ഓരോ ചലനങ്ങളും ആസ്വദിച്ചാണ് ചിരഞ്ജീവി ചെയ്യുന്നത്. അതുകൊണ്ട് പ്രേക്ഷകർക്ക് അദ്ദേഹത്തിൽനിന്ന് കണ്ണെടുക്കാനാവില്ല. ഇനിയും ഒരുപാട് നാഴികക്കല്ലുകൾ ചിരഞ്ജീവിയെ തേടിയെത്തട്ടേയെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു. ചിരഞ്ജീവിയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകൻ രാജമൗലിയും രം​ഗത്തെത്തി.

ചിരഞ്ജീവിയുടെ മകൾ സുഷ്മിത കോനിഡേല, കുടുംബാം​ഗങ്ങളും നടന്മാരുമായ വരുൺ തേജ്, സായ് ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. വസിഷ്ഠ സംവിധാനം ചെയ്യുന്ന വിശ്വംഭര എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ചിത്രീകരണത്തിലിരിക്കുന്നത്. 2025 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Content Highlights: Chiranjeevi has been awarded the Guinness World Record for Most Prolific Film Star in India