ലാൽ സിങ് ഛദ്ദ ഗംഭീരമെന്ന് ചിരഞ്ജീവി, സന്തോഷത്താൽ കണ്ണീരണിഞ്ഞ് ആമിർ ഖാൻ | VIDEO

ലാൽ സിങ് ഛദ്ദ കണ്ടശേഷം ആമിർ ഖാനെ ആലിം​ഗനം ചെയ്യുന്ന ചിരഞ്ജീവി, വികാരാധീനാവുന്ന ആമിർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ലാൽ സിങ് ഛദ്ദ കണ്ടശേഷം ആമിർ ഖാനെ ആലിം​ഗനം ചെയ്യുന്ന ചിരഞ്ജീവി, വികാരാധീനാവുന്ന ആമിർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന താരമാണ് ആമിർ ഖാൻ. ആമിർ നായകനാവുന്ന ലാൽ സിങ് ഛദ്ദ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രത്യേക പ്രദർശനം തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ വസതിയിൽ സംഘടിപ്പിച്ചിരുന്നു. ചിത്രം കണ്ട ശേഷം ആമിറിനെ അഭിനന്ദിക്കുന്ന ചിരഞ്ജീവിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

തെലുങ്ക് താരങ്ങളായ നാ​ഗാർജുന അക്കിനേനി, നാ​ഗചൈതന്യ, രാം ചരൺ തേജ, സംവിധായകരായ എസ്.എസ്. രാജമൗലി, സുകുമാർ എന്നിവർക്കൊപ്പമാണ് ചിരഞ്ജീവിയും ആമിർ ഖാനും ലാൽ സിങ് ഛദ്ദ കണ്ടത്. പ്രദർശനത്തിന് ശേഷം ചിരഞ്ജീവി ആമിറിനെ കെട്ടിപ്പിടിക്കുന്നതും ആമിർ വികാരാധീനനാവുന്നതും വീഡിയോയിൽ കാണാം. സിനിമയിൽ മറ്റൊരു വേഷത്തിലെത്തുന്ന നാ​ഗചൈതന്യയേയും ചിരഞ്ജീവി കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നുണ്ട്.

നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. ചിരഞ്ജീവിയും രാജമൗലിയും ഇങ്ങനെയാണെങ്കിൽ ഈ സിനിമ തീർച്ചയായും നല്ലതായിരിക്കുമെന്നാണ് ഒരാളുടെ അഭിപ്രായം. ഇതൊരു പാൻ ഇന്ത്യൻ വിജയമാണെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ആമിറിനേയും നാ​ഗചൈതന്യയേയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

1994-ൽ പുറത്തുവന്ന ഫോറസ്റ്റ് ​ഗംപ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. 1986-ൽ ഫോറസ്റ്റ് ​ഗംപ് എന്ന പേരിൽ വിൻസ്റ്റൺ ​ഗ്രൂം എഴുതിയ നോവലിന്റെ ചലച്ചിത്ര ഭാഷ്യമായിരുന്നു ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ചിത്രം. ഫോറസ്റ്റ് ​ഗംപിൽ മൈക്കൽറ്റി വില്ല്യംസൺ അവതരിപ്പിച്ച ബെഞ്ചമിൻ ബഫോർഡ് ബ്ലൂവിന് സമാനമായ വേഷമാണ് നാ​ഗചൈതന്യ അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തിന്റെ സൈനിക ക്യാമ്പിലെ സുഹൃത്തായിരുന്നു ഈ കഥാപാത്രം.

കരീന കപൂർ, മോന സിങ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം ആ​ഗസ്റ്റ് 11-ന് തിയേറ്ററുകളിലെത്തും.

Content Highlights: Lal Singh Chaddha Special Preview for Chiranjeevi, Aamir Khan, Naga Chaitanya