‘എന്നെ കണക്കിലെടുക്കേണ്ട, അയാൾ പീഡിപ്പിച്ച മറ്റു 16 പേരോ’; സൈബർ ആക്രമണം നേരിടുന്നെന്ന് ചിന്മയി

ജ്ഞാനപീഠ പുരസ്കാരം നേടിയ വൈരമുത്തുവിനേയും അദ്ദേഹത്തെ പ്രശംസിച്ച കമൽഹാസൻ, രജനീകാന്ത് എന്നിവരെയും വിമർശിച്ച ഗായിക ചിന്മയിക്കെതിരെ സൈബർ ആക്രമണം. അവർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയാ കുറിപ്പിലൂടെ അറിയിച്ചത്. വേട്ടക്കാർക്കെതിരേ സ്ത്രീകളുയർത്തിയ കൂട്ടായ ശബ്ദം ഈ പുരസ്കാരപ്രഖ്യാപനത്തിലൂടെ നിശ്ശബ്ദമാക്കപ്പെടുകയാണെന്നാണ് വൈരമുത്തുവിനെതിരേ ചിന്മയി പറഞ്ഞത്.
"പീഡകരെ പിന്തുണയ്ക്കുന്നവർ എന്റെ സോഷ്യൽ മീഡിയാ ടൈംലൈനിൽ പ്രതികരണവുമായെത്തുന്നതിൽ വലിയ പ്രശ്നമില്ല. നിങ്ങളുടെ നായകന്മാരെ ഞാൻ ചോദ്യം ചെയ്തതിലും, എന്റെ പെരുമാറ്റത്തിലും, യോഗ്യതയിലും നിങ്ങൾക്ക് തൃപ്തിയില്ലെങ്കിലും കുഴപ്പമില്ല. ലൈംഗിക പീഡനത്തിന് ഇരയായ ഒരാളാണ് ഞാൻ. ആ കവി പീഡിപ്പിച്ചെന്ന് പറയുന്ന 17 പേരിൽ ഒരാളാണ് ഞാൻ. എന്നെ കണക്കിലെടുക്കേണ്ട, അയാൾ പീഡിപ്പിച്ച മറ്റ് 16 പേരോ? അവരെ എന്ത് ന്യായീകരണം പറഞ്ഞ് നിങ്ങൾ നിഷ്കരുണം മാറ്റി നിർത്തും?" ചിന്മയിയുടെ വാക്കുകൾ.
വൈരമുത്തുവിന് ജ്ഞാനപീഠപുരസ്കാരം എന്ന വാർത്ത വന്നതിനുശേഷം രൂക്ഷമായ പ്രതികരണങ്ങളാണ് ചിന്മയി നടത്തുന്നത്. ‘‘വ്യത്യസ്ത പ്രായത്തിലുള്ള ഒട്ടേറെ സ്ത്രീകൾ ഒരു പ്രമുഖ ഗാനരചയിതാവിൽനിന്ന് ലൈംഗികാതിക്രമങ്ങൾ നേരിട്ട കാര്യം വെളിപ്പെടുത്തിക്കൊണ്ട് 2018-ൽ രംഗത്തുവരുകയുണ്ടായി. ആ സ്ത്രീകളുടെ കൂട്ടായ പ്രതിഷേധങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ട്, ആ വ്യക്തിക്ക് ജ്ഞാനപീഠം നൽകപ്പെട്ടിരിക്കുകയാണ്. ഇതിനുമുൻപ് ജ്ഞാനപീഠം നേടിയ ജയകാന്തനെപ്പോലുള്ള ഒരു മഹാനായ എഴുത്തുകാരന്റെ പേരിൽ വ്യാജക്കത്ത് ചമച്ചെന്ന ആരോപണം നേരിട്ടയാളാണ് അദ്ദേഹം. നീതിക്കായി കാത്തിരിക്കുന്ന ഒരുപാട് സ്ത്രീകളുടെ ശബ്ദം ഇവിടെ അവഗണിക്കപ്പെടുകയാണ്. പോരാട്ടം തുടരുന്ന ഓരോ സ്ത്രീയും ഈ നിശ്ശബ്ദമാക്കലിന്റെ ഇരകളാണ്’’ -ചിൻമയി മുൻപ് പറഞ്ഞതിങ്ങനെ.
മുൻപ് കേരളത്തിൽനിന്ന് വൈരമുത്തുവിന് ഒ.എൻ.വി. കുറുപ്പ് അവാർഡ് പ്രഖ്യാപിച്ചെങ്കിലും സാംസ്കാരിക കേരളത്തിൽ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആ തീരുമാനം പിൻവലിക്കേണ്ടിവന്നെന്ന കാര്യം ചിൻമയി ചൂണ്ടിക്കാണിച്ചിരുന്നു. താൻ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന സുഹൃത്തെന്നാണ് വൈരമുത്തുവിനെ കമൽഹാസൻ വിശേഷിപ്പിച്ചത്. പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ എന്നാണ് രജനീകാന്ത് പ്രതികരിച്ചത്. ഇതിനെതിരെ പ്രതികരിച്ചതിനാണ് ചിന്മയിക്ക് സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നത്.
Content Highlights: Chinmayi Sripaada criticizes Vairamuthu for receiving the Jnanpith award despite serious harassment allegations., The singer highlights the plight of 17 women who accused the poet of sexual misconduct., Chinmayi reports facing severe cyber-attacks for questioning prominent figures like Kamal Haasan and Rajinikanth., The article emphasizes the silencing of survivors and the ongoing struggle for justice.