“പുരുഷവിദ്വേഷിയായ ചിന്മയി പുരുഷന്മാരെ വെറുക്കുന്നു”- പരിഹാസത്തിന് മറുപടി നൽകി ഗായിക

സോഷ്യൽ മീഡിയയിൽ തന്നെ പുരുഷവിദ്വേഷി എന്ന് വിളിച്ച് അധിക്ഷേപിച്ചയാൾക്ക് ശക്തമായ മറുപടി നൽകി ഗായിക ചിന്മയി ശ്രീപദ. പുരുഷന്മാർക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അവർക്ക് നിയമപരിരക്ഷ ഇല്ലാത്തതിനെക്കുറിച്ചും സംസാരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് താനെന്ന് ചിന്മയി തുറന്നടിച്ചു. തന്നെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ചിന്മയിയുടെ പ്രതികരണം.
"പുരുഷവിദ്വേഷിയായ ചിന്മയി പുരുഷന്മാരെ വെറുക്കുന്നു. അവരെ വിവാഹം കഴിക്കരുത്, സ്വന്തം നിലയ്ക്ക് ജീവിക്കുക എന്നാണ് അവർ പറയുന്നത്" എന്നായിരുന്നു ചിന്മയിക്കെതിരെ ഒരു എക്സ് യൂസർ പോസ്റ്റ് ചെയ്തത്.
18 വയസിനു മുകളിൽ ഉള്ള പുരുഷന്മാർക്കെതിരെയുള്ള പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽ മതിയായ നിയമപരിരക്ഷ ഇല്ലെന്നതും ആൺകുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമണങ്ങളെ കുറിച്ചും സംസാരിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് താൻ എന്ന് ചിന്മയി എക്സിൽ കുറിച്ചു. ഇന്ത്യയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമെതിരെയുള്ള ലൈംഗിക ആരോപണക്കേസുകളിൽ നിരന്തരം പ്രതികരിക്കുന്ന തന്നെ ഒരു പുരുഷവിരോധിയായി ചിത്രീകരിക്കുന്നത് പ്രതികാരമനോഭാവത്തോടെയാണെന്നും അവർ പറഞ്ഞു. അതേസമയം ഈ പോസ്റ്റ് പിന്നീട് ചിന്മയി നീക്കം ചെയ്തിട്ടുണ്ട്.
മുമ്പും ഇത്തരം ആരോപണങ്ങളിൽ ചിന്മയി പ്രതികരിച്ചിട്ടുണ്ട്. പുരുഷവിദ്വേഷം എന്ന ആരോപണം യഥാർത്ഥത്തിൽ അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ കോപത്തെ നിശ്ശബ്ദരാക്കാനുള്ള ഒരു തന്ത്രമാണെന്ന് വ്യക്തമാക്കുന്ന പോളിൻ ഹാർമഞ്ചിന്റെ (Pauline Harmange) ഒരു ഉദ്ധരണിയും അവർ തന്റെ അക്കൗണ്ടിലൂടെ മുമ്പ് പങ്കുവെച്ചിരുന്നു.
2018ലെ #മിടൂ വെളിപ്പെടുത്തലുകളിക്കിടെ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു. അതിനെത്തുടർന്ന് അവരുടെ പല അവസരങ്ങളും നഷ്ടപ്പെട്ടിരുന്നു.
തമിഴ് നടനും സംവിധായകനുമായ രാഹുൽരവീന്ദ്രനെയാണ് ചിന്മയി വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് ഇരട്ടകുട്ടികളാണ് .
Content Highlights: Singer Chinmayi Sripaada strongly responded to a social media troll who labeled her a 'man-hater', pointing out that she is actually one of the few voices actively advocating for adult male victims of sexual abuse in India.