ബുദ്ധിമുട്ടേറിയ ഗസലുകൾ അതിമനോഹരമായി പാടുന്ന ദേവ സാർ; എന്റെ ഒരാഗ്രഹം മാത്രം സാധിച്ചില്ല -ചിന്മയി

#മൂവി ഡെസ്ക്
ചിന്മയി ശ്രിപാദ, ദേവ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍\മാതൃഭൂമി, X
ചിന്മയി ശ്രിപാദ, ദേവ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍\മാതൃഭൂമി, X

അന്തരിച്ച സംഗീത സംവിധായകനും ഗായകനുമായ ദേവയെ അനുസ്മരിച്ച് ഗായിക ചിന്മയി ശ്രിപാദ. ഹിന്ദി ഭാഷയിൽ കാര്യമായ പ്രാവീണ്യമില്ലെങ്കിലും, പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗസലുകൾ പോലും മനോഹരമായി ആലപിക്കുമായിരുന്ന അപൂർവ്വ പ്രതിഭയായിരുന്നു ദേവയെന്ന് ചിന്മയി പറഞ്ഞു. ആകാശവാണിയിൽ ഹിന്ദുസ്ഥാനി സംഗീതത്തിലും ഗസലിലും പുരസ്കാരം നേടിയ ഗ്രേഡഡ് ആർട്ടിസ്റ്റായ തന്നോട്, റെക്കോർഡിംഗ് വേളകളിൽ മെഹ്ദി ഹസൻ, ഗുലാം അലി തുടങ്ങിയ ഇതിഹാസങ്ങളുടെ ഗസലുകൾ അദ്ദേഹം പാടിക്കേൾപ്പിക്കാറുണ്ടായിരുന്നുവെന്നും അവർ ഓർത്തെടുത്തു.

തനിക്ക് നന്നായി ഹിന്ദി അറിയില്ലെന്നു പുഞ്ചിരിയോടെ പറയുമ്പോഴും, ഗസലുകളിലെ സങ്കീർണ്ണമായ ഈണങ്ങൾ ഒരു കൊച്ചരുവി ഒഴുകുന്നതുപോലെ വളരെ ലളിതമായും മാന്ത്രികമായും അദ്ദേഹം ആലപിച്ചിരുന്നുവെന്ന് ചിന്മയി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. വലിയ ഇതിഹാസങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ താൻ ഒന്നുമല്ലെന്ന എളിമയുള്ള നിലപാടായിരുന്നു ദേവ എപ്പോഴും സ്വീകരിച്ചിരുന്നതെന്നും, എന്നാൽ അദ്ദേഹത്തിന്റെ ഗസൽ ആലാപനം കേട്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ചിന്മയി കുറിച്ചു. ഏതെങ്കിലും വേദിയിൽവെച്ച് ദേവയെക്കൊണ്ട് ഒരു ഗസലെങ്കിലും പാടിക്കാൻ സാധിക്കാതെ പോയത് തന്റെ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന വലിയൊരു നിരാശയും സങ്കടവുമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

"ദേവ സർ. എത്ര പേർക്ക് അറിയാമെന്ന് എനിക്കറിയില്ല- എന്നാൽ അദ്ദേഹം ഗസലുകൾ വളരെ മനോഹരമായി പാടുമായിരുന്നു. കൗമാരകാലഘട്ടത്തിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും ഗസലുകളിലും ആകാശവാണിയുടെ ഗ്രേഡഡ് ആർട്ടിസ്റ്റായിരുന്ന എനിക്ക്, ആ വിഭാഗങ്ങളിൽ മെഡലുകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയമായിരുന്ന അപൂർവ്വം ചിലരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരു കൊച്ചരുവി ഒഴുകുന്നതുപോലെ ഏറ്റവും സങ്കീർണ്ണമായ ഗസൽ വരികൾ അദ്ദേഹം വളരെ മൃദുവായി; എന്നാൽ മാന്ത്രികമായി പാടും. എന്നിട്ട് പറയും, 'അവങ്കളല്ലാം പെരിയ ലെജൻഡ്സ്, നമുക്കെല്ലാം അവളോ വരാത്' (അവരൊക്കെ വലിയ ലെജൻഡ്സ് ആണ്, നമുക്ക് ആ നിലവാരത്തിലേക്ക് എത്താനാകില്ല). അത് കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്- അദ്ദേഹത്തിന് സ്വന്തം കഴിവിലുള്ള അവിശ്വാസമാണോ അതെന്ന് ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്.

ഞാൻ പുതുമുഖ ഗായികയായിരുന്ന കാലത്ത് പോലും, സംഗീതം പഠിപ്പിക്കുമ്പോൾ അദ്ദേഹത്തിന് എപ്പോഴും വലിയ പോസിറ്റീവിറ്റിയും ദയയും അനുകമ്പയും ഉണ്ടായിരുന്നു. റെക്കോർഡിങ് സെഷനുകൾക്ക് ശേഷം എപ്പോഴും വലിയ അഭിനന്ദനവും കയ്യടിയും ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ മകൻ ശ്രീകാന്ത് ആ രീതി ഇപ്പോഴും തുടരുന്നുണ്ട്. നിലത്തിരുന്നുകൊണ്ട് ഹാർമോണിയം വായിച്ചുകൊണ്ടുള്ള, എല്ലാവരെയും കണ്ണിൽനിന്ന് കണ്ണീർ വരുത്തുന്ന നിരവധി തമാശകളും ഓരോ ഇതിഹാസതുല്യമായ സന്ദർഭങ്ങളും ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കും. അദ്ദേഹത്തിനായി പാടാൻ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. അദ്ദേഹത്തിന്റെ മരണം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. വാക്കുകളിലൂടെ അത് പ്രകടിപ്പിക്കാൻ കഴിയുന്നില്ല." ചിന്മയിയുടെ വാക്കുകൾ.

1950 നവംബർ 20-ന് ജനിച്ച ദേവ, തന്റെ 76-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് അന്തരിച്ചത്. ദക്ഷിണേന്ത്യയിൽ 400-ലധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1986-ൽ പുറത്തിറങ്ങിയ 'മാട്ടുക്കാര മണ്ണാരു' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. കരിയറിൽ ഉടനീളം നിരവധി സൂപ്പർതാര ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. ഇന്നും സൂപ്പർതാരം രജനികാന്ത് ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ആമുഖ തീം മ്യൂസിക് ഒരുക്കിയത് ദേവയാണ്.

Content Highlights: Renowned singer Chinmayi Sripaada penned a deeply emotional tribute to late veteran music composer Deva, recalling his surprising mastery of Hindustani ghazals, his utmost humility despite his legendary status, and her lifelong regret of not being able to feature him singing a ghazal live on stage.