ഹ്രസ്വചിത്രം നിർമിക്കാമെന്ന് വാഗ്ദാനംചെയ്തു, വിസമ്മതിച്ച യുവാവിനെ ഭീഷണിപ്പെടുത്തി, മർദിച്ചു; നടി വർഷിണി അറസ്റ്റിൽ

ചെന്നൈ: നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ. കൂട്ടാളികൾക്കൊപ്പം ചേർന്ന് യുവാവിനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും 5.5 ലക്ഷം രൂപ തട്ടിയെടുക്കുകയും മൊബൈൽ ഫോണുകൾ കവർച്ച ചെയ്യുകയും ചെയ്തു എന്നതാണ് കേസ്. ഗിണ്ടിയിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന തരുൺ ആണ് പരാതിക്കാരൻ. നടിയുടെ സുഹൃത്തുകൂടിയാണ് ഇയാൾ.
തന്റെ സുഹൃത്തും ടെലിവിഷൻ നടിയുമായ വർഷിണി വെങ്കട്ട് താൻ സുഹൃത്തുക്കളോടൊപ്പം നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹം പോലീസിനോട് പറഞ്ഞു. എന്നാൽ അത് നിരസിച്ചപ്പോൾ, വർഷിണിയും കൂട്ടാളികളും ചേർന്ന് തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
ചൊവ്വാഴ്ച പുലർച്ചെ പുറത്തുപോയി ഹോസ്റ്റലിൽ തിരിച്ചെത്തിയ താനുമായി വർഷിണി, സഞ്ജയ് എന്നിവരുൾപ്പെടെ നാല് പേർ തർക്കത്തിലേർപ്പെടുകയും മർദ്ദിച്ച് പണം ആവശ്യപ്പെടുകയും ചെയ്തെന്നാണ് തരുണിന്റെ പരാതിയിൽ പറയുന്നത്. തരുൺ ആദ്യം അവർക്ക് 50,000 രൂപ നൽകി. പിന്നീട് സഞ്ജയ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 3 ലക്ഷം രൂപ വർഷിണിയുടെ ബാങ്ക് അക്കൗണ്ടിലേക്കും 2 ലക്ഷം രൂപ സഞ്ജയിന്റെ അക്കൗണ്ടിലേക്കും മാറ്റി നൽകി. ആകെ 5.5 ലക്ഷം രൂപ നൽകിയിട്ടും സഞ്ജയ് തന്നോട് 27 ലക്ഷം രൂപ കൂടി ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.
തരുണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗിണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ ബാങ്ക് ഇടപാടുകൾ പരിശോധിച്ച പോലീസ് വർഷിണിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
മൈലാപ്പൂർ ഡോ. രംഗ റോഡ് സ്വദേശിനിയായ വർഷിണിയെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് ഒരു ഐഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Tamil television actor Varshini Venkat (28) has been arrested by Guindy police and remanded to judicial custody for allegedly assaulting a 26-year-old stock trader and extorting ₹5.5 lakh from him after he refused to fund her short film project.