'ലാലേട്ടൻ പദവിയിലേക്ക് തിരിച്ചുവരണം, കുറ്റാരോപിതര്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ എന്തുചെയ്യും?'

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ലൈംഗികപീഡന ആരോപണത്തിൽ രാജിവെച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ പകരക്കാരൻ പ്രേംകുമാര്‍ സംസാരിക്കുന്നു. സിനിമകളിലെ പ്രശസ്തമായ വേഷങ്ങളെല്ലാം തമാശക്കാരുടേതായതിനാല്‍ ജീവിതത്തിലും അങ്ങനെയാണെന്നു കരുതേണ്ട. മനശാസ്ത്രത്തില്‍ ബിരുദവും തിയേറ്റര്‍ ആര്‍ട്‌സില്‍ ഒന്നാം റാങ്കും നേടിയ ആളാണ് പ്രേംകുമാര്‍. സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലേഖനസമാഹാരം 'ദൈവത്തിന്റെ അവകാശികള്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലൊന്നും തമാശയുടെ അംശം പോലുമില്ല. അക്കാദമിയുടെ താല്‍ക്കാലിക ചെയര്‍മാന്‍ സൂചിപ്പിക്കുന്നു.
? പുതിയ ചുമതല
ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ രഞ്ജിത്തിന് ഇങ്ങനെ ഒരവസ്ഥയില്‍ രാജിവെച്ചു പോകേണ്ടി വന്നപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും പകരക്കാരനായി ചുമതലയേല്‍ക്കേണ്ടി വന്നത് സന്തോഷകരമായ കാര്യമല്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എന്റെ സീനിയറായിരുന്നു, ഒരുമിച്ച് നാടകം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ഉടനടി ചെയ്യേണ്ട കാര്യങ്ങളുണ്ട്. ചില നിയമപ്രശ്‌നങ്ങള്‍ കാരണം 2022-ലെ ടെലിവിഷന്‍ അവാര്‍ഡുകള്‍ ഇതുവരെ കൊടുക്കാനായിട്ടില്ല. അത് അടിയന്തിരമായി കൊടുക്കണം. അതിന്റെ അടുത്ത വര്‍ഷത്തെ അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയെ നിശ്ചയിച്ച് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കണം. പിന്നെയുള്ളത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ്. മുഖ്യമന്ത്രിയുടെ സമയം കിട്ടിയാല്‍ ഈ മാസാവസാനത്തോടെ അതു നല്‍കാന്‍ കഴിയുമെന്നു കരുതുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അത്രകണ്ട് വര്‍ണാഭമായി നടത്താന്‍ പറ്റുമോ എന്ന് സംശയമുണ്ട്. എങ്കിലും പകിട്ട് കാര്യമായി കുറയാതിരിക്കാന്‍ ശ്രദ്ധിക്കും. അന്താരാഷ്ട്ര ചലച്ചിത്രമേളയും വരുന്നുണ്ട്. ഈ ചുമതലകളൊക്കെ ഭംഗിയായി നടത്തിക്കൊണ്ടു പോകാന്‍ കഴിവുള്ള ഒരു സംഘം അക്കാദമിയിലുണ്ട്. 25 വര്‍ഷമായി ആര്‍ജ്ജിച്ച അനുഭവസമ്പത്ത് അക്കാദമിക്ക് മുതല്‍ക്കൂട്ടാണ്.
? സിനിമാനയം രൂപീകരിക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങും മുമ്പ് വിവാദത്തിലായല്ലോ...
കോണ്‍ക്ലേവ് സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുക മാത്രമല്ല, പരിഹാര നിര്‍ദ്ദേശങ്ങളും അവയില്‍ ചിലതിന്റെ നടപ്പാക്കലുമുണ്ടാവും. അതിനാല്‍ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കുകയല്ല വേണ്ടത്, പങ്കെടുത്ത് വിയോജിപ്പുകള്‍ പ്രകടിപ്പിക്കണം. വേദി പങ്കിടാന്‍ പറ്റാത്ത അനഭിമതരുണ്ടെങ്കില്‍ അത് പറയാം. അത് ഉത്തരവാദപ്പെട്ടവര്‍ ചര്‍ച്ച ചെയ്യും, കുറ്റാരോപിതരുണ്ടെങ്കില്‍ അവരെ മാറ്റി നിര്‍ത്തുന്നതും ആലോചിക്കാം. എല്ലാവരും സഹപ്രവര്‍ത്തകരാണ്. അവരോടൊക്കെ സംസാരിച്ച് സമവായമുണ്ടാക്കാനാവും എന്നാണ് പ്രതീക്ഷ. കൂടെ നിന്ന് സമഗ്രമായ സിനിമാനയം ഉണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണം. സിനിമാനയം ഈ സര്‍ക്കാരിന്റെ മാത്രമല്ല, പിന്നീടു വരുന്ന എല്ലാ ഗവണ്‍മെന്റുകള്‍ക്കും പിന്‍പറ്റാവുന്ന ഒന്നായിരിക്കും. എല്ലാ രാഷ്ട്രീയകക്ഷികളും സ്വാഗതം ചെയ്യേണ്ട ഒന്നാണിത്.
? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സ്ത്രീചൂഷണം മാത്രമേ ചര്‍ച്ചയാവുന്നുള്ളൂ എന്ന് ആക്ഷേപമുണ്ട്
പണ്ട് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അവ ഊഹാപോഹങ്ങളെന്നോ, ഭാവനാസൃഷ്ടിയെന്നോ കെട്ടുകഥകളാണെന്നോ കരുതിയിരുന്നു. പക്ഷേ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആ ധാരണകള്‍ തിരുത്തി. അതിലുന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കപ്പെടണം. കുറ്റം ചെയ്തതായി തെളിയുന്നവര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാവണം. റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ട മറ്റു പ്രധാന പ്രശ്‌നങ്ങളുമുണ്ട്. സെറ്റുകളില്‍ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമില്ലാത്തതും, അര്‍ഹമായ വേതനം കിട്ടാത്തതും കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവസരം നിഷേധിക്കുന്നതുമടക്കം. പക്ഷേ, മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പൊതുസമൂഹം കേള്‍ക്കാനിഷ്ടപ്പെടുന്നതും ഒരുപക്ഷേ, ലൈംഗിക ചൂഷണവും അതിക്രമവും സംബന്ധിച്ച വാര്‍ത്തകളാണ്. ഹേമ കമ്മിറ്റി 24-ഓളം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇങ്ങനെ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുതന്നെ പ്രശംസയര്‍ഹിക്കുന്നതാണ്. റിപ്പോര്‍ട്ട് വെളിച്ചം കാണാന്‍ വൈകിയതു മാത്രമാണ് ഏകപരാതി. അതിന്റെ കാരണങ്ങള്‍ ഏവര്‍ക്കും അറിയുന്നതാണ്.
? മലയാളസിനിമയിലെ മയക്കുമരുന്നുപയോഗം വര്‍ധിച്ചതായുള്ള ആരോപണം
ശ്രീനിവാസന്‍ ചേട്ടനൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞ കാര്യമാണിത്. അതേത്തുടര്‍ന്ന് ഒരു അന്വേഷണസംഘം രൂപീകരിക്കപ്പെട്ടു. ഒരുപാട് എതിര്‍പ്പുകളുണ്ടായതിനെത്തുടര്‍ന്ന് നിരീക്ഷണം ഫലപ്രദമായില്ല. സെറ്റില്‍ പോലീസിനെ അനുവദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പ്രശ്‌നങ്ങളുണ്ടായി. കോണ്‍ക്ലേവില്‍ സമഗ്ര സിനിമാനയം രൂപീകരിക്കുമ്പോള്‍ ഇതെല്ലാം ചര്‍ച്ച ചെയ്യും. അന്വേഷണസംഘത്തിന്റെ പരിധിയില്‍ മയക്കുമരുന്നടക്കമുള്ള എല്ലാ കുറ്റകൃത്യങ്ങളും വരുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍ 30 കോടിയോളം രൂപ സിനിമാവ്യവസായത്തിനു വേണ്ടി വര്‍ഷം തോറും ചെലവാക്കുന്നുണ്ട്. പക്ഷേ, വ്യവസായം സംബന്ധിച്ച പ്രാഥമികമായ വിവരശേഖരണം പോലും നടക്കുന്നില്ല. എത്ര സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു, എവിടെ വച്ച്, എത്ര പേര്‍ പങ്കെടുക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാമെങ്കില്‍ മാത്രമേ സര്‍ക്കാരിന് ഫലപ്രദമായി ഇടപെടാനാവൂ. അതിനുള്ള സംവിധാനമുണ്ടാവേണ്ടിയിരിക്കുന്നു. ഒരുപാടുപേര്‍ പണിയെടുക്കുന്ന സിനിമാമേഖലയെ സംരക്ഷിക്കുന്നതിനോടൊപ്പം അതില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും സുതാര്യത ഉറപ്പാക്കി ശുദ്ധീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
? വിശ്വാസ്യതാ പ്രതിസന്ധി ഓണം ബോക്‌സോഫീസ് കലക്കുമോ
ഈ പ്രതിസന്ധി താല്‍ക്കാലികമാണെന്നു കരുതുന്നു. സിനിമ ജനങ്ങള്‍ പ്രാണവായു പോലെ കാണുന്ന ഒന്നാണ്. സിനിമ നിലനില്‍ക്കും, പൂര്‍വാധികം ശക്തമായി മുന്നോട്ടുപോവും. സിനിമ വിട്ടൊരു ജീവിതം മലയാളിക്കുണ്ടെന്നു തോന്നുന്നില്ല. നല്ലൊരു സിനിമയുണ്ടായാല്‍- താരമൂല്യമൊന്നും പ്രശ്‌നമില്ല- ജനങ്ങള്‍ തിയേറ്ററില്‍ പോയി കാണും. ഒരു വിവാദവും അവരെ പിന്തിരിപ്പിക്കില്ല.
? ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്നത് മൂന്നു മാഫിയകള്‍- തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി- തമ്മിലുള്ള കിടമത്സരമാണെന്നും എതിരാളികള്‍ക്കെതിരായ ആരോപണങ്ങള്‍ മുതലെടുക്കുന്നതാണു കാണുന്നതെന്നും ഈയിടെ ആരോപണം ഉയർന്നിരുന്നു. അതേപ്പറ്റി
തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് സിനിമാബന്ധമൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍. സിനിമ സ്വപ്നം കാണാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു. എന്തെങ്കിലും ലോബിയോ, ഗ്രൂപ്പോ, പവര്‍ഗ്രൂപ്പോ ഉണ്ടെങ്കില്‍ എന്നെപ്പോലൊരാള്‍ക്ക് കടന്നുവരാനും 150-ഓളം സിനിമകളില്‍ അഭിനയിക്കാനും പറ്റുമായിരുന്നില്ല. അതില്‍ 18 എണ്ണത്തില്‍ നായകനുമായി. തുടക്കകാലത്ത് ടെലിവിഷനില്‍ ലംബോ പോലുള്ള ഒന്നുരണ്ടു വേഷം കിട്ടി, അവ ശ്രദ്ധിക്കപ്പെട്ടു, അവസരങ്ങള്‍ തേടിവന്നു. ഒരു ലോബിയിലും ഞാന്‍ ഉള്‍പ്പെട്ടിരുന്നില്ല, അങ്ങനെ ഒരനുഭവവുമില്ല. എല്ലാ വിഭാഗത്തിന്റെയും പിന്തുണ എനിക്ക് കിട്ടി. ഒരവസരം പോലും പിന്നാലെ നടന്ന് സംഘടിപ്പിച്ചതല്ല, വിളിച്ചു തന്നതാണ്. മറ്റാര്‍ക്കെങ്കിലും അങ്ങനെ അനുഭവമുണ്ടെങ്കില്‍ അവര്‍ പറയട്ടെ.
? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തകളിലും പോസ്റ്റുകളിലുമൊക്കെ മോഹന്‍ലാലിന്റെ ചിത്രം അനാവശ്യമായി ഉപയോഗിക്കുന്നത് വിമര്‍ശിക്കപ്പെട്ടു
ചില മുന്‍ധാരണകളോടെ, മുന്‍വിധികളോടെ നിറം പിടിപ്പിച്ച കഥകള്‍ പറയുക, ഭാവനയില്‍ ചിലതൊക്കെ മെനഞ്ഞെടുക്കുക.. ഇതൊക്കെ മലയാളിയുടെ മാനസികവൈകൃതം കൂടിയാണ്. എന്താണ് ഇവയിലെ വസ്തുത എന്നാരും അന്വേഷിക്കാറില്ല. ഒരു കഥ കേട്ടാല്‍ 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ' എന്നു തീരുമാനിക്കുന്നു. അത്തരത്തില്‍ ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ഇത്തരം കഥകളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രചരിപ്പിക്കുന്നതില്‍ മാനസികസുഖം കണ്ടെത്തുന്നവരുണ്ട്.
? 'അമ്മ' സംഘടനയുടെ കൂട്ടരാജി
ഭാരവാഹികള്‍ ഒരു കാരണവശാലും രാജിവെക്കരുതായിരുന്നു. ജനാധിപത്യസ്വഭാവമുള്ള ഈ സംഘടനയുടെ സ്ഥാപകാംഗമാണ് ഞാന്‍. ആരോപണവിധേയര്‍ മാറി, അതു നല്ല കാര്യം. ഒരു കുറ്റാരോപണവുമില്ലാത്തവര്‍ എന്തിനു രാജിവെച്ചു? ലാലേട്ടനെതിരെ നിലവില്‍ ആരോപണമൊന്നുമില്ലല്ലോ. കൂട്ടരാജിയുടെ കാരണമില്ലായിരുന്നു. മാത്രമല്ല, കൂടെ രാജിവെച്ചവര്‍ ബലിയാടുകളായി എന്നാണ് തോന്നിയത്. ആരോപണമൊന്നും നേരിടാത്തവരുടെ രാജി ജനാധിപത്യവിരുദ്ധവും വോട്ടുചെയ്തു ജയിപ്പിച്ച സാധാരണ അംഗങ്ങളോടുള്ള അവഹേളനവുമാണ്. ലാലേട്ടനൊക്കെ രാജിവെച്ച പദവികളിലേക്ക് തിരിച്ചുവരണമെന്നാണ് ഞാന്‍ ശക്തിയായി ആവശ്യപ്പെടുന്നത്. തിരിച്ചുവന്ന് ധൈര്യപൂര്‍വം നേതൃത്വത്തില്‍ തുടരണം.
? തനിക്കെതിരായ ആരോപണത്തെ നിവിന്‍ പോളി നേരിട്ട രീതി
നിവിന്‍ പോളിയെ അഭിനന്ദിക്കുകയാണ്. എത്ര ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രശ്‌നത്തെ നേരിട്ടത്. ഇപ്പോള്‍ അദ്ദേഹത്തിനനുകൂലമായ തെളിവുകളും പുറത്തുവരുന്നു. ഇപ്പോള്‍ നിരവധി ആരോപണങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. ചിലതൊക്കെ സത്യവുമായിരിക്കാം. അതിലേറെ അര്‍ധസത്യങ്ങളും അസത്യങ്ങളുമുണ്ട്. അതിനു പിന്നില്‍ ബ്ലാക്ക് മെയിലിംഗ്, പ്രതികാരം തീര്‍ക്കല്‍ എന്നിവ പോലുള്ള ലക്ഷ്യങ്ങളുമുണ്ടാവാം. അതിനാല്‍ കൃത്യമായ അന്വേഷണം പ്രധാനമാണ്. ഒരു ആരോപണത്തിന്റെ മാത്രം പേരില്‍ ആരെയും ക്രൂശിക്കരുത്, സമൂഹവും അത് ചെയ്യരുത്. സിനിമ മാത്രം പാപികളുടെ സമൂഹവും മറ്റെല്ലാം വിശുദ്ധരും എന്ന നിലയ്ക്കുള്ള വിചാരണകള്‍ നടക്കുന്നു. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യത്തെ കല്ലെറിയട്ടെ' എന്നാണ് യേശു ക്രിസ്തു പറഞ്ഞത്. സിനിമക്കാരെ മാത്രം നികൃഷ്ടജീവികളായി കാണുന്ന ഇപ്പോഴത്തെ സമീപനം വളരെ ക്രൂരമാണ്. നാളെ ആരോപണവിധേയര്‍ നിരപരാധികളെന്നു തെളിഞ്ഞാല്‍ അവരും കുടുംബങ്ങളും അനുഭവിച്ച പീഡനങ്ങള്‍ക്ക് എന്തു പരിഹാരമാണ് ചെയ്യാന്‍ കഴിയുക? അതിനാല്‍ ഇപ്പോഴേ വിചാരണയും വിധിയെഴുത്തും വേണ്ട, അതിന് അധികാരപ്പെട്ട സംവിധാനങ്ങളും നിയമവ്യവസ്ഥയുമുണ്ട്. അവരന്വേഷിച്ച് കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കട്ടെ. അതിനു മുമ്പ് കുറ്റവാളികളായി മുദ്രയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുകയാണ്.
? മലയാളസിനിമയില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ (WCC) റോള്‍
WCC-യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ അഭിവാദ്യം. 2017-ല്‍ നമുക്ക് പ്രിയങ്കരിയായ ഒരു നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായതാണല്ലോ ഈ സംഘടന. അതിലെ അതിജീവിതയുടെ ധീരമായ പോരാട്ടത്തിന്റെ കൂടി ഫലമായാണ് ഹേമ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. അവഹേളനമോ, അതിക്രമമോ, പീഡനമോ നേരിട്ടാല്‍ അപമാനഭാരത്താല്‍ മാളത്തില്‍ ഒളിച്ചിരിക്കേണ്ടവരല്ല സ്ത്രീകള്‍. ധീരമായി സമൂഹത്തിനു മുന്നില്‍ വന്ന് അനുഭവങ്ങള്‍ തുറന്നുപറയുകയും വേണ്ട ഇടങ്ങളില്‍ പരാതിപ്പെടാന്‍ ധൈര്യം കാണിക്കുകയും വേണം. ഈ കേസിലെ അതിജീവിത അതിനു ധൈര്യം കാട്ടിയതു കൊണ്ടാണ് അതൊരു വലിയ പ്രസ്ഥാനമായി മാറിയത്. WCC ഒപ്പം നിന്നു, ധീരമായി പോരാടി. അതിന്റെയൊക്കെ ഫലമായി ഒരു ക്രിമിനല്‍ ജയിലിലായി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു വന്നു. എല്ലാം തുടങ്ങിയത് ഒരു സ്ത്രീയുടെ ധൈര്യത്തില്‍ നിന്നാണ്. പ്രിയപ്പെട്ട ആ നടിക്ക് അഭിവാദ്യങ്ങള്‍. കൂടെ നിന്ന WCC പ്രവര്‍ത്തകര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍.
? സിനിമയില്‍ തമാശവേഷങ്ങളില്‍ ടൈപ്പ്കാസ്റ്റ് ആയത് വേദനിപ്പിച്ചോ?
ഞാന്‍ അര്‍ഹിക്കുന്നതിലും അപ്പുറമുള്ള അവസരങ്ങളാണ് എനിക്കു കിട്ടിയത്. എന്നെക്കാളും വളരെയധികം പ്രതിഭയും കഴിവും ആകാരസൗഷ്ഠവവുമുള്ള എത്രയോ നടന്‍മാര്‍ക്ക് കിട്ടാത്ത അവസരം എനിക്കു കിട്ടി. അതിനാല്‍ ആരോടും പരാതിയും പരിഭവവുമില്ല. എന്റെ സ്വഭാവപ്രത്യേകത കൊണ്ടും നിലപാടുകള്‍ കൊണ്ടും ചില അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അതിലും നിരാശയില്ല. പരസ്യചിത്രങ്ങളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്കു ബോധ്യമില്ലാത്ത, അറിയാത്ത ഉത്പന്നങ്ങള്‍ പ്രൊമോട്ടു ചെയ്യാന്‍ കഴിയില്ല. എന്നെ ഞാനാക്കിയ ജനങ്ങളോട് എനിക്കു ബോധ്യമില്ലാത്ത ഒന്നിനെക്കുറിച്ചും പറയില്ല. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായ ശേഷം അഭിനയിക്കാന്‍ സമയം കിട്ടിയിട്ടില്ല. ഗുരുവായൂരമ്പലനടയില്‍ പോലെ ചില ചിത്രങ്ങളില്‍ ഓഫറുണ്ടായിരുന്നു.
? രാഷ്ട്രീയം...
ദൈവവിശ്വാസിയായ കമ്യൂണിസ്റ്റാണ് ഞാന്‍. എന്റെ അച്ഛന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് യൂണിയന്‍ ഭാരവാഹിയുമായിരുന്നു. ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അതിനാല്‍ പഠിക്കുന്ന കാലത്ത് കെ.എസ്.യുക്കാരനായിരുന്നു ഞാന്‍. പിന്നീട് സഖാവ് കൃഷ്ണപിള്ള എന്ന സിനിമയില്‍ ടൈറ്റില്‍ റോളഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം പഠിച്ചപ്പോഴാണ് കമ്യൂണിസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലായത്. കമ്യൂണിസത്തിന് കാലാതിവര്‍ത്തിയായ പ്രസക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ, മാനവികതയുടെ മഹത്തായ പ്രത്യയശാസ്ത്രമാണത്.
Content Highlights: Chalachitra Academy chairman prem kumar interview