'ഉറ്റവർ'ക്കും ബിജേഷ് ചന്ദ്രയ്ക്കും ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാരം

ഉറ്റവർ സിനിമയുടെ പോസ്റ്റർ
ഉറ്റവർ സിനിമയുടെ പോസ്റ്റർ

2022-ലെ ദേശീയ തലത്തിൽ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാരം ബിജേഷ്‌ ചന്ദ്ര താങ്കിക്ക്‌. വൈറൽ വേൾഡ്‌ എന്ന തെലുങ്ക് ചിത്രമാണ്‌ ബിജേഷിന് പുരസ്കാരം നേടിക്കൊടുത്തത്‌. 

“ഉറ്റവർ” എന്ന മലയാള ചലച്ചിത്രത്തിലൂടെ അനിൽ ദേവ് സംവിധായകനുള്ള പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. സംവിധായകനും ഛായാ​ഗ്രാഹകനുമായ വേണു, സംവിധായകനും ദൂരദർശൻ മുൻ ഡയറക്ടറുമായ ബൈജു ചന്ദ്രൻ, സി ഡിറ്റ് മുൻ ഡയറക്ടർ മോഹൻ കുമാർ, തിരക്കഥാകൃത്ത് വിനു എബ്രഹാം, ചലച്ചിത്ര ഫിലിം സൊസൈറ്റി അം​ഗം പി.കെ. നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ്‌ പുരസ്കാരം നിർണയിച്ചത്‌.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുമായി 14 ചിത്രങ്ങളാണ്‌ ഈ വർഷം അരവിന്ദൻ പുരസ്‌കാര മത്സരത്തിൽ പങ്കെടുത്തത്‌. 25,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന പുരസ്കാരം മെയ്‌ 20ന്‌, തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Content Highlights: chalachithra film society aravindan awards declared, uttavar movie