'ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല'; മകന്റെ കല്ലറ വൃത്തിയാക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് സെലീന ജെയ്റ്റ്ലി

#മൂവി ഡെസ്ക്
സെലീന ജെയ്റ്റ്ലി | ഫോട്ടോ: Instagram
സെലീന ജെയ്റ്റ്ലി | ഫോട്ടോ: Instagram

മകൻ ഷംഷേറിന്റെ കല്ലറ വൃത്തിയാക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി സെലീന ജെയ്റ്റ്ലി. അവർതന്നെയാണ് ഓസ്ട്രിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഭർത്താവ് പീറ്റർ ഹാഗുമായുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കുകയാണെന്നും തന്റെ മൂന്ന് മക്കളെ കാണാൻ പോലും അനുവാദം നൽകുന്നില്ലെന്നും സെലീന പറഞ്ഞു. സ്വന്തം മക്കളിൽ നിന്നും ദീർഘകാലമായി വേർപിരിഞ്ഞ് കഴിയുകയാണെന്നും അവർ പറഞ്ഞു.

വിവാഹമോചന കേസിന്റെ വിചാരണയ്ക്കായാണ് സെലീന ജെയ്റ്റ്ലി ഓസ്ട്രിയയിൽ എത്തിയത്. തന്റെ ജീവിച്ചിരിക്കുന്ന മക്കളെ കാണാൻ സാധിച്ചില്ലെന്ന് അവർ വ്യക്തമാക്കി. തനിക്ക് കാണാൻ സാധിച്ച ഏക മകൻ ഷംഷേർ ആണ് എന്നാണ് വിതുമ്പിക്കൊണ്ട് അവർ പറയുന്നത്. ഹൃദയസംബന്ധമായ അസുഖം മൂലമാണ് 2017-ൽ ഷംഷേർ മരിച്ചത്. തന്റെ മക്കളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും കോടതി ഉത്തരവുണ്ടായിട്ടും അവരെ കാണാൻ അനുവദിക്കുന്നില്ലെന്നും സെലീന ആരോപിക്കുന്നു.

"ഒരു അമ്മയെന്ന നിലയിൽ എൻ്റെ ദുരിതങ്ങൾ ലോകത്തിനു കാണിച്ചുകൊടുക്കാൻ ഈ വേദനാജനകമായ വീഡിയോ പങ്കുവെക്കുകയല്ലാതെ എനിക്ക് മറ്റു മാർഗമുണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകൾ എൻ്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ദിവസങ്ങളായിരുന്നു. എൻ്റെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ഞാൻ ഓസ്ട്രിയയിലായിരുന്നു. കുട്ടികളെ അവർ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഓസ്ട്രിയൻ ജഡ്ജിയുടെ മുന്നിൽ സത്യം ചെയ്തിട്ടുപോലും ഇങ്ങനെ സംഭവിച്ചു. ജനനം മുതൽ കുട്ടികൾക്കായി എല്ലാം ചെയ്ത ഒരു അമ്മയുടെ ഹൃദയം തകർത്ത കഥയാണിത്." അവർ പറഞ്ഞു.

പീറ്റർ ഹാഗുമായുള്ള വിവാഹജീവിതത്തിൽ താൻ അനുഭവിച്ച ക്രൂരതകളെക്കുറിച്ചും സെലീന മനസ് തുറന്നു. തങ്ങളുടെ 15-ാം വിവാഹ വാർഷികത്തിന് സമ്മാനം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചാണ് ഭർത്താവ് വിവാഹമോചന നോട്ടീസ് നൽകിയത്. മക്കൾക്ക് താനുമായുള്ള ബന്ധം തടസ്സപ്പെടുത്തുന്നതിനായി അവരെ ബ്രെയിൻവാഷ് ചെയ്യുന്നുണ്ട്. ജോയിന്റ് കസ്റ്റഡി ഉത്തരവ് നിലനിൽക്കെ തന്നെ മക്കളുമായി സംസാരിക്കാൻ പോലും അനുവദിക്കാതെ തന്നെ തളർത്തുകയാണെന്നും നടി വെളിപ്പെടുത്തി.

ഭർത്താവിന്റെ കരിയറിനായി തന്റെ മാതാപിതാക്കളെയും രാജ്യത്തെയും സിനിമാ കരിയറിനെയും ഉപേക്ഷിച്ച് ദുബായ്, സിംഗപ്പൂർ, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക് പലതവണ താമസം മാറാൻ താൻ തയ്യാറായെന്ന് സെലീന ഓർക്കുന്നു. എന്നാൽ ഈ ആത്മാർത്ഥതയ്ക്ക് പകരമായി തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടുവെന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങിയെന്നും അവർ പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനായി സമാധാനപരമായ വേർപിരിയലിന് ശ്രമിച്ചെങ്കിലും തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് ഭർത്താവ് ശ്രമിക്കുന്നതെന്നും താരം കുറ്റപ്പെടുത്തി.

മക്കളെ കാണാൻ ഭർത്താവ് പീറ്റർ ഹാഗ് സമ്മതിക്കുന്നില്ലെന്ന് സെലീന നേരത്തേയും വെളിപ്പെടുത്തിയിരുന്നു. മക്കളെ കാണാൻ ഭർത്താവ് അനുവദിക്കുന്നില്ലെന്നും കഴിഞ്ഞ ഒക്ടോബർ പതിനൊന്നിന് അയൽവാസികളുടെ സഹായത്തോടെയാണ് താൻ ഓസ്ട്രിയയിലെ വീട്ടിൽ നിന്നും രക്ഷപ്പെട്ടതെന്നും സെലീന പറഞ്ഞിരുന്നു. ഓസ്ട്രിയൻ കോടതി മക്കളുടെ ഗാർഡിയൻഷിപ്പിൽ സംയുക്ത അവകാശം നൽകിയിട്ടുണ്ടെങ്കിലും മക്കളുമായി സംസാരിക്കാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അന്ന് ഓസ്ട്രിയയിൽ നിന്ന് രക്ഷപ്പെടുമ്പോൾ തന്റെ ബാങ്ക് അക്കൗണ്ടിൽ വളരെ കുറഞ്ഞ പൈസയാണുണ്ടായിരുന്ന. ശേഷിച്ച ജീവിതം നയിക്കാൻ ആ പൈസ മാത്രം കൈയിൽ കരുതി ഇന്ത്യയിലേക്ക് മടങ്ങാൻ താൻ നിർബന്ധിതയായെന്നും അവർ പറഞ്ഞിരുന്നു.

Content Highlights: Celina Jaitly shared a devastating video of her cleaning the grave of her late son, Shamsher, stating it was the only "meeting" she could have while her living children are kept at an undisclosed location.