സാങ്കേതിക തകരാര്‍: 'ബൊഗെയ്ന്‍വില്ല' ദേശീയ അവാര്‍ഡിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല; കോടതിയെ സമീപിച്ച് നിര്‍മാതാക്കള്‍

സാങ്കേതിക തകരാര്‍ മൂലം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് 'ബൊഗെയ്ന്‍വില്ല' നിര്‍മാതാക്കള്‍ നല്‍കിയ നിവേദനം പരിഗണിക്കാന്‍ കേന്ദ്രവാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തോട് നിര്‍ദേശിച്ച് ഹൈക്കോടതി.
ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നിവേദനം പരിഗണിക്കണമെന്നാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് മന്ത്രാലയം സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. പത്തു ദിവസത്തിനകം കാര്യകാരണസഹിതം ഉത്തരവ് പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു.
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ, പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അപേക്ഷാ ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. പണമടയ്ക്കല്‍ മാത്രം ബാക്കി നില്‍ക്കെ പോര്‍ട്ടല്‍ തകരാറിലായെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതുമൂലം അവസാന തീയതിയായ ഒക്ടോബര്‍ 31-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
ചിത്രത്തിന് വലിയ നിരൂപകപ്രശംസ ലഭിച്ചെന്നും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴ് അംഗീകാരങ്ങള്‍ ലഭിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, ദേശീയ പുരസ്‌കാരത്തില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നത് നിര്‍മാണക്കമ്പനിയെ മാത്രമല്ല, ചിത്രവുമായി ബന്ധപ്പെട്ട കലാകാരന്മാരേയും പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞു.
ഔദ്യോഗിക പോര്‍ട്ടല്‍ ഒക്ടോബര്‍ പത്തുമുതല്‍ പ്രവര്‍ത്തനകക്ഷമായിരുന്നുവെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. കേരളത്തില്‍ മാത്രം 21 പരസ്യങ്ങള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സാങ്കേതിക തകരാര്‍ മൂലമാണോ ഹര്‍ജിക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാഞ്ഞതെന്നതിലേക്ക് കടക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാര്‍ പരാതി നല്‍കുകയും യഥാസമയം നിവേദനം സമര്‍പ്പിക്കുകയും ചെയ്തതിനാല്‍, അഭ്യര്‍ഥനയില്‍ ബന്ധപ്പെട്ട അധികാരി എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. റിട്ട് ഹര്‍ജി തീര്‍പ്പാക്കിയ കോടതി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയോട് ഹര്‍ജിക്കാരുടെ നിവേദനം പരിഗണിച്ച് പത്ത് ദിവസത്തിനകം കാരണങ്ങള്‍ സഹിതം ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദ്ദേശിച്ചു.
Content Highlights: Kerala High Court Directs Centre To Decide Amal Neerad Productions' Plea To Submit 'Bougainvillea' For National Film Awards