മമതാ കുൽക്കർണിക്കെതിരായ 2000 കോടിയുടെ മയക്കുമരുന്ന് കേസ്: എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി

ബോളിവുഡ് നടി മമതാ കുൽക്കർണിക്കെതിരായ 2000 കോടി രൂപയുടെ മയക്കുമരുന്ന് കേസിന്റെ എഫ്.ഐ.ആർ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. 2016-ൽ താനെയിൽ രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദുചെയ്തത്. മമത കുറ്റം ചെയ്തെന്ന് തെളിയിക്കുന്ന മതിയായ രേഖകളില്ലെന്ന് കോടതി വിലയിരുത്തി. മമതക്കെതിരായ വിചാരണ തുടരുന്നത് കോടതിയുടെ നടപടി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് കേസ് റദ്ദുചെയ്തുകൊണ്ട് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ഭാരതി ദാംഗ്രേ, മഞ്ജുഷ ദേശ്പാണ്ഡേ എന്നിവരടങ്ങിയ ബെഞ്ചാണ് മമത കുൽക്കർണി ഉൾപ്പെട്ട മയക്കുമരുന്ന് കേസ് പരിഗണിച്ചത്. അഭിഭാഷകരായ വി.എം. തൊറാട്ട്, മാധവ് തൊറാട്ട് എന്നിവരാണ് മമതയ്ക്കായി ഹാജരായത്. മമതയ്ക്കെതിരായ പ്രഥമ വിവര റിപ്പോർട്ട് റദ്ദ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇവരെ പ്രതിയാക്കിയതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെന്നും മറ്റുപ്രതികൾ ചെയ്ത കുറ്റത്തിന് സ്വപ്നത്തിൽപ്പോലും അവർ ഉത്തരവാദിയാകില്ലെന്നും അവർ വാദിച്ചു.
മയക്കുമരുന്ന് കേസിലെ പ്രതികളിലൊരാളായ വിക്കി ഗോസ്വാമിയുമായി തനിക്ക് പരിചയമുണ്ടെന്ന് കുൽക്കർണി സമ്മതിച്ചു. അഭിഭാഷകനായ മാധവ് തൊറാട്ട് മുഖേന സമർപ്പിച്ച മമതാ കുൽക്കർണിയുടെ ഹർജിയിൽ, തനിക്കെതിരായ ആരോപണങ്ങൾ "കൂട്ടുപ്രതികളുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണ്" എന്നും "സ്വാഭാവികമായ തെളിവുകളൊന്നുമില്ല" എന്നുമാണ് വാദിച്ചത്.
2016-ലാണ് മമതയെ കുടുക്കിയ സംഭവം നടക്കുന്നത്. ഏപ്രിൽ 12-ാം തീയതി താനേ പോലീസ് രണ്ടുകാറുകൾ തടഞ്ഞ് പരിശോധന നടത്തി. കാറിലെ യാത്രക്കാരിൽനിന്ന് മൂന്ന് കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെടുത്തു. തുടർന്ന് കാർ ഡ്രൈവർമാരായ മയൂർ, സാഗർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഒരു മരുന്ന് കമ്പനിയുടെ വ്യാജ ഐഡന്റിറ്റി കാർഡും പിടിച്ചെടുത്തിരുന്നു. എൺപത് ലക്ഷം രൂപയാണ് അന്ന് ഈ മയക്കുമരുന്നിന്റെ മൂല്യമായി കണക്കാക്കിയത്.
അന്വേഷണത്തിൽ 10 പേരെ അറസ്റ്റ് ചെയ്യുകയും മമതാ കുൽക്കർണിയടക്കം ഏഴ് പേരെ തിരച്ചിൽ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2016 ജനുവരിയിൽ കെനിയയിലെ ഒരു ഹോട്ടലിൽ വെച്ച് പ്രതികളിലൊരാളായ വിക്കി ഗോസ്വാമിയും മറ്റുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടി പങ്കെടുത്തിരുന്നുവെന്നായിരുന്നു പോലീസ് പറഞ്ഞത്. യോഗത്തിൽ പങ്കെടുത്ത മറ്റൊരു പ്രതിയായ ജെയ്‌ൻ ആയിരുന്നു മമതയ്ക്കെതിരെ മൊഴി നൽകിയത്.
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് കെനിയയിലേക്ക് മെത്താംഫെറ്റാമൈൻ നിർമ്മിക്കുന്നതിനായാണ് എഫെഡ്രിൻ പൊടി കടത്തിയത്. അത് വിക്കി ഗോസ്വാമിയും ഡോ അബ്ദുള്ള എന്നയാളുംചേർന്ന് ആഗോളതലത്തിൽ വിൽക്കും. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് കെനിയയിൽ നടന്നത്. പ്രതികളെല്ലാം മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ഗണ്യമായ അനധികൃത ലാഭം നേടിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.
Content Highlights: Bombay High Court cancels Mamta Kulkarni's drug case