ബോളിവുഡിനെ മാന്ദ്യത്തിൽനിന്ന് രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം വേണ്ടിവരും -അജയ്‌ദേവ്ഗണ്‍

അജയ് ദേവ്ഗണ്‍ നായകനായെത്തിയ ദൃശ്യം രണ്ടാം ഭാഗം 86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി മുന്നേറുകയാണ്. തബുവും അക്ഷയ്ഖന്നയും പ്രധാന വേഷത്തിലെത്തിയ ചിത്രം സസ്‌പെന്‍സ് ത്രില്ലറായ ദൃശ്യ(2015)ത്തിന്റെ തുടർച്ചയാണ്.. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം (2013) , ദൃശ്യം 2 (2021) എന്നീ സിനിമകളുടെ ഹിന്ദി റീമേക്കാണിത്.
ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് നടന്‍ അജയ് ദേവ്ഗണ്‍ പറഞ്ഞു. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റര്‍ടൈന്‍മെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"എന്നാല്‍ വിനോദസിനിമകള്‍ നിര്‍മ്മിക്കുന്നത് ഒരുതരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്തെങ്കിലും വെറുതേ കൊടുത്താല്‍ മതിയാവില്ല. അവര്‍ അറിവുള്ളവരും സ്മാർട്ടുമാണ്. അതിനാല്‍ പുതുമയുള്ളതെന്തിങ്കിലും അവര്‍ നല്‍കേണ്ടതുണ്ട്."
വലിയ കാര്യങ്ങള്‍ നടപ്പിലാക്കുകയും ത്യാഗപൂര്‍ണമായ ജീവിതം നയിച്ചവരെക്കുറിച്ചുള്ള സിനിമകള്‍ ചെയ്യണം. ആരാലും അറിയപ്പെടാത്ത അത്തരം കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അത്തരത്തിലുളള ചില കഥകളുടെ ജോലിയിലാണിപ്പോളെന്നും അദ്ദേഹം പറഞ്ഞു.
താനാജി : ദ അണ്‍സങ് വാരിയര്‍ എന്ന അദ്ദേഹത്തിന്റെ സിനിമ 2020-ല്‍ വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമയാണ്. അറിയപ്പെടാതെപോകുന്ന മഹത് ജീവിതങ്ങള്‍ ബിഗ് സ്‌ക്രീനിലെത്തിക്കണമെന്നാണ് തന്റെ ആഗ്രഹം. അവരുടെ ത്യാഗങ്ങള്‍ അന്നത്തെ കാലത്ത് മാത്രമല്ല ഇന്നും പ്രസക്തമാണ്. അവര്‍ ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തിയവരാണെന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു.
ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദിപ്പതിപ്പായ ഭോല ആണ് അജയ്‌ദേവ്ഗണിന്റെ അടുത്തചിത്രം. ചിത്രത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 2023 മാര്‍ച്ചിലാണ് റിലീസ് ചെയ്യാനിരിക്കുന്നത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ അമൂല്യ വ്യക്തിത്വമായ സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം മൈദാന്‍ വൈകാതെ തീയേറ്ററുകളിലെത്തും. പ്രിയാമണി, രുദ്രനില്‍ ഘോഷ്, ഗജരാജ് റാവു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്‌മാനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി 17 -ന് ചിത്രം റിലീസ് ചെയ്യും.
Content Highlights: Bollywood, ajay devgn interview,drishyam 2