‘നായകന് എത്ര വയസുവേണമെങ്കിലും ആകാം, പക്ഷേ നായികയ്ക്ക് പതിനെട്ടേ പാടുള്ളൂ’; വിമർശനവുമായി ഷെഫാലി ഷാ

#മൂവി ഡെസ്ക്
ഷെഫാലി ഷാ | ഫോട്ടോ: AFP
ഷെഫാലി ഷാ | ഫോട്ടോ: AFP

ബോളിവുഡിലെ ലിംഗവിവേചനത്തെയും പ്രായത്തെ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകളെയും രൂക്ഷമായി വിമർശിച്ച് നടി ഷെഫാലി ഷാ. പുരുഷതാരങ്ങൾക്ക് പ്രായം ഒരു തടസമാകാത്തപ്പോൾ, നടിമാർക്ക് മാത്രം പ്രായപരിധി നിശ്ചയിക്കുന്ന ഇൻഡസ്ട്രിയുടെ രീതിയെ അവർ ചോദ്യം ചെയ്തു. തന്നേക്കാൾ പ്രായക്കൂടുതലുള്ള നടന്മാരുടെ അമ്മയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു. നായകൻ എത്ര പ്രായമുള്ളയാളാണെങ്കിലും നായികയ്ക്ക് പതിനെട്ടോ ഇരുപത്തഞ്ചോ വയസുമാത്രമേ പാടുള്ളൂ എന്നാണ് ബോളിവുഡിലെന്നും ഷെഫാലി ചൂണ്ടിക്കാട്ടി.

ബോളിവുഡിലെ സമീപകാല ബോക്സോഫീസ് ഹിറ്റായ ധുരന്ധർ എന്ന ചിത്രത്തിൽ 40-കാരനായ രൺവീർ സിങ്ങിന് 20-കാരിയായ സാറ അർജുനാണ് നായിക എന്ന കാര്യം മുൻനിർത്തിയായിരുന്നു ഷെഫാലി ഷായുടെ വിമർശനം. നായികമാർ 18-നും 25-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം എന്നത് സിനിമാ മേഖലയിലെ ഒരു അലിഖിത നിയമമായി മാറിയിരിക്കുകയാണെന്നും അവർ പറഞ്ഞു.

"ഇതൊരു മാനദണ്ഡമാകരുത്, പക്ഷെ നിർഭാഗ്യവശാൽ, നമ്മുടെ വ്യവസായം നായകൻ, നായിക, വില്ലൻ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ്. നായകൻ എത്ര വയസ്സുള്ള ആളുമാകാം, പക്ഷേ നായികയ്ക്ക് 18 നും 25 നും ഇടയിൽ മാത്രമേ പ്രായം പാടുള്ളൂ. അത് വളരെ പ്രധാനമാണ്. നായികമാർക്ക് പ്രായം കൂടാൻ പാടില്ല. അവർക്ക് ഒരു ഷെൽഫ് ലൈഫ് ഉണ്ട്," ഷെഫാലിയുടെ വാക്കുകൾ.

2005-ൽ പുറത്തിറങ്ങിയ 'വഖ്ത്: ദി റേസ് എഗെയ്ൻസ്റ്റ് ടൈം' എന്ന ചിത്രത്തിൽ തന്നെക്കാൾ പ്രായമുള്ള അക്ഷയ് കുമാറിന്റെ അമ്മയായി അഭിനയിക്കേണ്ടി വന്ന സാഹചര്യം അവർ വിവരിച്ചു. ഒരു അഭിനേത്രി എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെയും ഭാവങ്ങളെയും അവതരിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെങ്കിലും, സിനിമയിലെ ലിംഗപരമായ മാനദണ്ഡങ്ങൾ സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഷെഫാലി പറയുന്നു.

ജോലി സമയത്തെക്കുറിച്ചുള്ള ചർച്ചകളിലും ഈ ലിംഗവിവേചനം പ്രകടമാണെന്ന് അവർ പറയുന്നു. "വേനൽക്കാലത്ത് കുട്ടികൾക്ക് അവധിക്കാലം ലഭിക്കുമ്പോൾ രണ്ട് മൂന്ന് മാസത്തേക്ക് ജോലി ചെയ്യുന്നില്ലെന്ന് തീരുമാനിക്കുന്ന നിരവധി പുരുഷ നടന്മാരുണ്ടെന്ന് എനിക്കറിയാം. ഇത്രയും മാസങ്ങൾ ജോലി ചെയ്യില്ലെന്ന് അവർ പറയുന്നു. അത് വളരെ നല്ല കാര്യമാണ്. കാരണം അവർക്ക് ജോലിയും കുടുംബവും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ നിലനിർത്തണമെന്ന് അറിയാം. പക്ഷേ അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. എന്നാൽ ഒരു സ്ത്രീ നിശ്ചിത ജോലി സമയം വേണമെന്ന് ആവശ്യപ്പെട്ടാൽ അത് വലിയ വിവാദമായി മാറുന്നു. പുരുഷന്മാർ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചാൽ അത് വാർത്തയാകുക പോലും ഇല്ല." ഷെഫാലി അഭിപ്രായപ്പെട്ടു.

സിനിമയിൽ അഭിനയിക്കുന്നതും നിബന്ധനകൾ വെക്കുന്നതും ഓരോ വ്യക്തിയുടെയും ആവശ്യമാണെന്നും, ആരെയും നിർബന്ധിച്ച് അഭിനയിപ്പിക്കാനാവില്ലെന്നും ഷെഫാലി ഷാ ഓർമ്മിപ്പിക്കുന്നു. ഇത്തരം ചർച്ചകൾ ലിംഗഭേദത്തിന്റെ പേരിൽ മാത്രം ഉണ്ടാകുന്നത് ശരിയല്ലെന്നും അവർ വിശ്വസിക്കുന്നു. ചിലർക്ക് ഇതിനോട് യോജിക്കാൻ കഴിഞ്ഞെന്ന് വരില്ല. തന്നെ അഭിനയിപ്പിക്കണം, ഇത് ചെയ്യണം എന്ന് ആരും ആരുടെയും നേരെ തോക്ക് ചൂണ്ടി പറയുന്നില്ല. അപ്പോൾ പിന്നെ എന്തിനാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്? ഒരു പുരുഷൻ ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇക്കാര്യങ്ങൾ പുറത്തുവരിക പോലും ഇല്ലായിരുന്നുവെന്നും ഷെഫാലി ഷാ കൂട്ടിച്ചേർത്തു.

Content Highlights: Shefali Shah critiques Bollywood`s double standards on age and working hours for actors, highlighting gender bias in the film industry.