17-ാം വയസിലാണ് ആ ചിത്രത്തിൽ അഭിനയിക്കുന്നത്, ഇന്നും ഓർമിക്കപ്പെടുന്നത് ഭാരതിരാജ സാർ കാരണം- ഭാഗ്യശ്രീ

അന്തരിച്ച പ്രശസ്ത സംവിധായകൻ ഭാരതിരാജയെ അനുസ്മരിച്ച് പഴയകാല തെന്നിന്ത്യൻ നായിക ഭാഗ്യശ്രീ. ഭാരതിരാജ എന്ന മുടിചൂടാമന്നനായ സംവിധായകന്റെ കീഴിൽ അഭിനയിക്കാൻ ആഗ്രഹമില്ലാത്ത നടീനടന്മാർ അക്കാലത്തുണ്ടായിരുന്നില്ലെന്ന് ഭാഗ്യശ്രീ ഓർമിച്ചു. ഓരോ കഥാപാത്രത്തിനും അനുയോജ്യരായ അഭിനേതാക്കളെ അദ്ദേഹം തന്നെ തിരഞ്ഞെടുക്കുകയായിരുന്നതിനാൽ പലരും ആ ആഗ്രഹം ഉള്ളിലൊതുക്കുകയായിരുന്നു. കൊടിപറക്കുത് എന്ന ചിത്രത്തിന്റെ ആലോചനാവേളയിൽ അക്കാലത്തെ ഒരു മാനേജർ തന്റെ ഒരു ഫോട്ടോ ഭാരതിരാജ സാറിനെ കാണിച്ചു. അദ്ദേഹം ആ സിനിമയിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച രജനികാന്ത് സാറിന്റെ ദാദ എന്ന കഥാപാത്രത്തിന്റെ കാമുകിയായി തന്നെ തിരഞ്ഞെടുത്തുവെന്നും ഭാഗ്യശ്രീ ഓർത്തെടുത്തു.
'അമലയായിരുന്നു മറ്റൊരുകഥാപാത്രമായിരുന്ന രജനിസാറിന്റെ ജോഡി. മനോഹരമായി കേശാലങ്കാരം ചെയ്തു എപ്പോഴും വെറ്റില മുറുക്കുകയും തുപ്പാനായി കോളാമ്പിയുമായി ഒരു സഹായിയെയും കൂടെ കൊണ്ടുനടക്കുന്ന എന്റെ കഥാപാത്രം ഇന്നും തമിഴ്നാട്ടിലെ ജനങ്ങൾ ഓർത്തിരിക്കുന്നത് ഭാരതിരാജ സാറിന്റെ കഴിവുകൊണ്ടുമാത്രമാണ്. കേവലം 17 വയസ്സുമാത്രമുള്ളപ്പോഴാണ് ഞാൻ ആ ചിത്രത്തിൽ അഭിനയിക്കുന്നത്. വെറ്റിലമുറക്കാൻ പറയുമ്പോൾ മുഖം ചുളിക്കുന്ന എന്നെ നോക്കി ഭാരതിരാജ സാർ വാത്സല്യത്തോടെ കണ്ണുരുട്ടുമായിരുന്നു. എന്താണ് പാപ്പാ നിനക്ക് വെറ്റില എന്ന് കേൾക്കുമ്പോൾ ഇത്ര വിരോധം എന്ന് സാർ ചോദിക്കും. എന്റെ അമ്മ പറയും അവളുടെ പല്ലിന്റെ ഭംഗിയെല്ലാം പോകും എന്നുപറഞ്ഞാണ് അവൾ ഇരിക്കുന്നത് എന്ന്. ദന്തഡോക്ടറെ കാണിച്ചു ക്ലീൻ ചെയ്താൽ പോരേ, അതിനാണോ ഈ വക കോപ്രായങ്ങൾ എന്ന് സാർ ചോദിച്ചു', നടി പറഞ്ഞു.
'തുടർന്ന് പ്രൊഡക്ഷനിൽ ഉള്ളവരോട് വെറ്റില കൊണ്ടുവരാൻ പറയും. എന്റെ അമ്മ അക്കാലത്ത് കാരൈക്കുടിയിൽ മാത്രം സുലഭമായ ഒരു തരം മധുരം നിറഞ്ഞ സുഗന്ധമുള്ള വീര്യം കുറഞ്ഞ പാക്ക് വരുത്തുമായിരുന്നു. അത് വെറ്റിലയിൽ വച്ച് തരും. ഈ കാര്യം ഭാരതിരാജ സാറിന്റെ ശ്രദ്ധയിൽ പെട്ടു. അമ്മ എന്താണ് വെറ്റിലയിൽവെക്കുന്നതെന്ന് മനസിലാക്കിയ സാർ ഉച്ചഭക്ഷണം കഴിഞ്ഞാൽ അദ്ദേഹത്തിന്റെ സഹായിയെ അമ്മയുടെ അടുത്തേക്ക് പറഞ്ഞയക്കും. ഭാഗ്യ അമ്മയുടെ കയ്യിൽ ഒരു പാൻ ഉണ്ട്, പോയി അതുവാങ്ങിവാ എന്ന് പറയും. സാർ അടുത്തിടെ സംസാരിച്ചപ്പോൾ പോലും അന്നത്തെ കാലങ്ങളെല്ലാം ഓർത്തു പറയുമായിരുന്നു', അവർ സ്മരിച്ചു.
'നാലുവർഷം മുൻപ് അമ്മ എന്നെ വിട്ടുപോയി. ഇപ്പോൾ അനശ്വരമായ ഒരു കഥാപാത്രം എനിക്ക് തന്ന ഭാരതിരാജ സാറും അരങ്ങൊഴിഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ആത്മാർത്ഥമായി പ്രാർഥിക്കുന്നു. മണ്ണിന്റെ മണമുള്ള സിനിമകൾ എടുത്ത ഭാരതിരാജാസാറിനെപോലെയുള്ളവരുടെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ കനത്ത നഷ്ടമാണ്', ഭാഗ്യലക്ഷ്മി ( ഭാഗ്യശ്രീ) പറഞ്ഞു നിർത്തി.
Content Highlights: Bhagyashree recounts her debut experience under Bharathiraja at age 17. Details behind the iconic betel-chewing character in Kodiparakkuthu. Heartfelt tribute to Bharathiraja's mentorship and unique filmmaking style. Reflections on the deep bond between the director and the actress's family