മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്, 'ബെത്‌ലഹേ'മിലൂടെ ചരിത്രമെഴുതി നിവിൻ പോളിയും മമിതയും ഗിരീഷ് എ.ഡിയും

#മൂവി ഡെസ്ക്
ബെത്‌ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
ബെത്‌ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook

കേരള ബോക്സോഫീസിൽ ചരിത്രമെഴുതി ബെത്‌ലഹേം കുടുംബയൂണിറ്റ്. കേരളത്തിൽനിന്നുമാത്രം 131 കോടി കളക്ഷൻ സ്വന്തമാക്കി മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ചിത്രം മാറി. ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ നടൻ ഫഹദ് ഫാസിലാണ് ഇക്കാര്യം അറിയിച്ചത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഭാവനാ സ്റ്റുഡിയോസാണ് നിർമിച്ചത്. പ്രേക്ഷകരുടെ മന:ശാസ്ത്രം കൃത്യമായി തൊട്ടറിഞ്ഞുള്ള മേക്കിംഗാണ് ചിത്രത്തെ തുണച്ചത്.

24 ദിവസംകൊണ്ടാണ് ബെത്‌ലഹേം കുടുംബയൂണിറ്റ് ഈ നേട്ടം കൈവരിച്ചതെന്ന് ഫഹദ് ഫാസിൽ സോഷ്യൽ മീഡിയാ കുറിപ്പിൽ പറഞ്ഞു. സ്നേഹംകൊണ്ട് ചരിത്രം തിരുത്തി എഴുതിയിരിക്കുന്നുവെന്നും കേരളത്തിൽനിന്ന് ഏറ്റവുംകൂടുതൽ കളക്ഷൻ നേടുന്ന മലയാളസിനിമയായി ബെത്‌ലഹേം കുടുംബയൂണിറ്റ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണക്കാരുടെ ജീവിതത്തിലെ തമാശകളെയും ബന്ധങ്ങളെയും അങ്ങേയറ്റം സ്വാഭാവികമായി സ്ക്രീനിലെത്തിക്കാനുള്ള ഗിരീഷിന്‍റെ കഴിവ് ഒരിക്കൽ കൂടി ഈ ചിത്രത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. നിവിൻ പോളിയുടെ 'ജസ്റ്റിൻ ചേട്ടായി'യെയും മമിതയുടെ 'ആഷ്‍ലി'യെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാക്കി മാറ്റിയത് ഗിരീഷിന്‍റെ കൃത്യതയുള്ള മേക്കിംഗാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ ഭാവനാ സ്റ്റുഡിയോസ് മികച്ച പ്രൊജക്റ്റുകൾ മാത്രം തിരഞ്ഞെടുക്കുന്നതിൽ വീണ്ടും മാതൃകയായിരിക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വിദേശത്തും വൻ കളക്ഷനാണ് നേടുന്നത്.

Also Read: ഒരേ വർഷം മൂന്ന് 200 കോടി ക്ലബ് ചിത്രങ്ങൾ, ദീപികയ്ക്കും ആലിയയ്ക്കും ഒപ്പമെത്തി മമിത ബൈജു

വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്‌മൽ സാബുവിന്‍റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസിന്‍റെ എഡിറ്റിംഗും സിനിമയുടെ ഒഴുക്കിന് വലിയ പിന്തുണ നൽകി. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.

Content Highlights: Bhavana Studios' Bethlehem Kudumba Unit, starring Nivin Pauly and Mamitha Baiju and directed by Girish AD, has officially scripted history by becoming the new Malayalam Industry Hit after collecting over ₹131 crore from Kerala alone in just 24 days.