'അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല, എന്റെ പേരിൽ നിർമാതാക്കളെ സമീപിച്ചത് ആരാണെന്നറിയില്ല-അരവിന്ദ് സ്വാമി

ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ സംഗീതാസ്വാദകർക്കിടയിൽ വീണ്ടും തരംഗമായ ഗാനമാണ് യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ. വർഷങ്ങൾക്കുമുൻപ് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങേണ്ടിയിരുന്ന അന്ന എന്ന ചിത്രത്തിലെ ഗാനമാണിത്. അരവിന്ദ് സ്വാമിയായിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ സിനിമ ചിത്രീകരണം നടക്കാതെ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ഇങ്ങനെയൊരു സിനിമ താൻ ചെയ്യാമെന്ന് ഏറ്റിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അരവിന്ദ് സ്വാമി.
ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ട്രൂലി റാം എന്ന പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുക്കവേയാണ് അന്ന എന്ന ചിത്രത്തെക്കുറിച്ച് അരവിന്ദ് സ്വാമി സംസാരിച്ചത്. ബെത്ലഹേം കുടുംബ യൂണിറ്റിനെക്കുറിച്ചും ആ സിനിമയിൽ അന്നയിലെ പാട്ട് ഉൾപ്പെടുത്തിയതിനെക്കുറിച്ചുമാണ് രാംകുമാർ ചോദിച്ചത്. ഇതിനുള്ള മറുപടിയായാണ് അന്ന എന്ന പേരിൽ ഒരു ചിത്രം താൻ കമ്മിറ്റ് ചെയ്തിരുന്നില്ലെന്ന് അരവിന്ദ് സ്വാമി വെളിപ്പെടുത്തിയത്. തന്റെ പേരുപറഞ്ഞ് ആരാണ് അന്ന എന്ന ചിത്രത്തിന്റെ നിർമാതാക്കളെ സമീപിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"യഥാർഥത്തിൽ ആ പേരിലുള്ള ഒരു സിനിമ ഞാൻ ചെയ്യാമെന്ന് ഏറ്റിരുന്നില്ല. എന്തോ ഒരു കമ്മ്യൂണിക്കേഷൻ പ്രശ്നം അക്കാലത്ത് നടന്നിരുന്നു. എന്റെ പേരിൽ ആരാണ് ആ സിനിമയുടെ അണിയറപ്രവർത്തകരെ ബന്ധപ്പെട്ടതെന്ന് അറിയില്ല. ഞാൻ ആ സിനിമയുടെ കഥ കേട്ടിട്ടില്ല. എനിക്ക് ആ സിനിമയുമായി യാതൊന്നും അറിയില്ല. ആ സമയത്ത് ഞാൻ ഈ ഇൻഡസ്ട്രിയിൽ പുതിയ ആളായിരുന്നു. അന്ന എന്ന സിനിമ ഞാൻ ചെയ്യുമെന്ന് പറഞ്ഞ് ആരാണ് അവരോട് സംസാരിച്ചതെന്ന് അറിയില്ല. ഞാൻ ആ സിനിമ ചെയ്യുമെന്ന് അവർ സ്വയം കരുതിയതാണോയെന്നും അറിയില്ല. ആ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടേയില്ല." അരവിന്ദ് സ്വാമിയുടെ വാക്കുകൾ.
യവനകഥയിൽ നിന്നുവന്ന എന്ന ഗാനം വലിയ ഹിറ്റാണല്ലോ എന്ന് പറഞ്ഞപ്പോൾ താൻ അങ്ങനെ കേട്ടു എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ മറുപടി.
Also Read: യവനകഥയിൽനിന്നുവന്ന ഇടയകന്യക, 'അന്ന' ബിഗ്സ്ക്രീനിലേക്ക്, അവകാശം സ്വന്തമാക്കി ടോമിച്ചൻ മുളകുപാടം
ബെത്ലഹേം കുടുംബ യൂണിറ്റ് ഇറങ്ങിയതിനുപിന്നാലെയാണ് അന്ന എന്ന ചിത്രവും പാട്ടും വീണ്ടും ചർച്ചയായത്. അരവിന്ദ് സ്വാമിയുടെ ചിത്രമുള്ള ഓഡിയോ കാസറ്റ് കവറും വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അരവിന്ദ് സ്വാമി അഭിനയിക്കുന്നു എന്ന രീതിയിൽ യവനകഥ എന്ന ഗാനത്തിന്റെ എഐ വീഡിയോകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഷിബു ചക്രവർത്തി രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് ഈണമിട്ടത്.
Content Highlights: Actor Arvind Swamy clarified in a recent podcast interview that he had never committed to or known about the unreleased Joshiy directorial Anna, a movie whose track 'Yavanakathayil Ninnu' recently went viral after being reused in the movie Bethlehem Kudumba Unit.