‘നടൻ രാഹുൽ ബാനർജിയുടെ മരണത്തിൽ ദുരൂഹത, സത്യം പുറത്തുവരണം’; പരാതിയുമായി ഭാര്യയും ബംഗാളി താരങ്ങളും

#മൂവി ഡെസ്ക്
നടൻ രാഹുൽ അരുണോദയ് ബാനർജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്തയിൽ ചലച്ചിത്ര പ്രവർത്തകർ നടത്തിയ മാർച്ചിൽനിന്ന് | ഫോട്ടോ: PTI
നടൻ രാഹുൽ അരുണോദയ് ബാനർജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്തയിൽ ചലച്ചിത്ര പ്രവർത്തകർ നടത്തിയ മാർച്ചിൽനിന്ന് | ഫോട്ടോ: PTI

ടൻ രാഹുൽ ബാനർജിയുടെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ബംഗാൾ ചലച്ചിത്രലോകം. ഇക്കഴിഞ്ഞ മാർച്ച് 29-ന് ഒഡീഷയിലെ തൽസാരി ബീച്ചിൽ ഒരു പരമ്പരയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം മുങ്ങിമരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് വെസ്റ്റ് ബംഗാൾ മോഷൻ പിക്ചേഴ്സ് ആർട്ടിസ്റ്റ് ഫോറം ശക്തമായ പ്രതിഷേധത്തിലാണ്. പരമ്പരയുടെ നിർമാതാക്കൾക്കെതിരെ ആർട്ടിസ്റ്റ് ഫോറം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

'ഭോലേബാബ പാർ കരേഗ' എന്ന ബംഗാളി പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് രാഹുൽ ബാനർജിക്ക് അപകടം സംഭവിച്ചത്. ചിത്രീകരണ വേളയിലുണ്ടായ ഈ അപകടത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് വിശദീകരണം തേടി ഏപ്രിൽ ഒന്നിന് ആർട്ടിസ്റ്റ് ഫോറം നിർമ്മാണ കമ്പനിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഏപ്രിൽ രണ്ടിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ഫോറം വ്യക്തമാക്കി. തുടർന്ന് നിർമാതാക്കൾക്കെതിരെ പോലീസ് പരാതി നൽകാൻ ആർട്ടിസ്റ്റ് ഫോറം തീരുമാനിച്ചു.

ഏപ്രിൽ നാലിന് കൊൽക്കത്തയിലെ റീജന്റ് പാർക്ക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രാഹുലിന്റെ ഭാര്യയും നടിയുമായ പ്രിയങ്ക സർക്കാരും പരാതി നൽകാൻ ഫോറത്തോടൊപ്പം ചേർന്നു. സംഭവത്തിൽ സുതാര്യവും നീതിയുക്തവുമായ അന്വേഷണം വേണമെന്നാണ് താരങ്ങളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ടെക്നീഷ്യൻസ് സ്റ്റുഡിയോ മുതൽ രാധ സ്റ്റുഡിയോ വരെയാണ് സിനിമാ പ്രവർത്തകർ ഈ പ്രതിഷേധ മാർച്ച് നടത്തിയത്. അപർണ സെൻ, അഞ്ജൻ ദത്ത്, ശ്രീജിത്ത് മുഖർജി തുടങ്ങിയ സംവിധായകരും 'രാഹുലിന് നീതി വേണം' എന്ന പ്ലക്കാർഡുകളുമായി നടത്തിയ മാർച്ചിൽ അണിനിരന്നു.

പ്രോസൻജിത് ചാറ്റർജി, ശാന്തിലാൽ മുഖർജി, ഋതുപർണ്ണ സെൻഗുപ്ത തുടങ്ങിയ പ്രമുഖ താരങ്ങൾ പോലീസ് സ്റ്റേഷന് പുറത്ത് നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു. അപകടത്തിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഫോറം പ്രതിനിധികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബംഗാളി വിനോദ വ്യവസായത്തിലെ ചിരപരിചിത മുഖമായിരുന്നു രാഹുൽ അരുണോദയ് ബാനർജി. 2008-ലെ സൂപ്പർഹിറ്റ് ചിത്രമായ 'ചിരോദിനി തുമി ജെ അമർ' എന്ന സിനിമയിലൂടെയാണ് അദ്ദേഹം വലിയ പ്രശസ്തി നേടിയത്. 'ജാക്ക്പോട്ട്', 'ലവ് സർക്കസ്', 'ശോനോ മോൻ ബോലി തുമയ്' തുടങ്ങിയ സിനിമകളിലും 'ഗീത എൽഎൽബി', 'ദേശർ മാതി' തുടങ്ങിയ നിരവധി ടെലിവിഷൻ ഷോകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Content Highlights: The West Bengal Motion Pictures Artist Forum and actress Priyanka Sarkar have filed an FIR against producers following the tragic drowning of actor Rahul Banerjee during a serial shoot in Odisha, leading to massive protests by top Bengali celebrities.