‘അവിടെ ഭിത്തിയിൽ എഴുതിവെച്ചിരുന്നത് LSD എന്നായിരുന്നില്ലേ’-ബോളിവുഡ് താരങ്ങളേയും ചിരിപ്പിച്ച് ബേസിൽ

'ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ' യുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സദസിനെ ചിരിപ്പിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പൊന്മാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 'ഇന്ത്യാസ് സ്‌പോട്ട്‌ലൈറ്റ്' വിഭാഗത്തിലാണ് ബേസിലിന് പുരസ്‌കാരം ലഭിച്ചത്. ഇത് സ്വീകരിക്കുന്നതിനിടയിൽ തന്റെ ആവേശവും പരിഭ്രമവും ആരാധനയും മറച്ചുവെയ്ക്കാതെയായിരുന്നു ബേസിലിന്റെ പ്രസംഗം.
സംവിധായകരായ രാജ് കുമാർ ഹിറാനി, വിധു വിനോദ് ചോപ്ര എന്നിവരിൽ നിന്നാണ് ബേസിൽ പുരസ്‌കാരം സ്വീകരിച്ചത്. പ്രസംഗത്തിനെല്ലാം തയ്യാറെടുത്ത് വന്നെങ്കിലും ഈ വേദിയിൽ നിൽക്കുമ്പോൾ പരിഭ്രമം തോന്നുന്നുണ്ടെന്നും ഈ പുരസ്‌കാരം നൽകിയ രണ്ട് വ്യക്തികളുടേയും വലിയ ആരാധകനാണ് താനെന്നും ബേസിൽ പറഞ്ഞു. പൊന്മാന്റെ സംവിധായകൻ ജ്യോതിഷ്, ടൊവിനോ തോമസ്, സിനിമയുടെ ഭാഗമായ നടൻമാർ, സാങ്കേതിക പ്രവർത്തകർ എന്നിവരോടെല്ലാം കടപ്പെട്ടിരിക്കുന്നുവെന്നും ബേസിൽ വ്യക്തമാക്കി. വേദി വിടുന്നതിന് മുമ്പ് രാജ് കുമാർ ഹിറാനിക്കും വിധു വിനോദ് ചോപ്രയ്ക്കുമൊപ്പം സെൽഫി എടുക്കാനും ബേസിൽ മറന്നില്ല.
ബേസിലിന്റെ പ്രസംഗം
'ഒരു സംവിധായകനായാണ് സിനിമാ ജീവിതം തുടങ്ങിയത്. പിന്നീടാണ് നടനായി മാറിയത്. ഇത്രയധികം പ്രതിഭകൾക്ക് മുന്നിൽ ഈ വേദിയിൽ നിൽക്കാനായതിൽ അഭിമാനമുണ്ട്. ഒരു നടൻ എന്ന നിലയിൽ അവാർഡ് ലഭിക്കുക എന്നത് എന്നെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ജീവിതം ഇത്രത്തോളം മാറിമറഞ്ഞതിൽ പ്രപഞ്ചത്തോടും ദൈവത്തോടും നന്ദി പറയുന്നു.
സത്യം പറഞ്ഞാൽ ഇത്തരം വില കൂടിയ വസ്ത്രങ്ങൾ ധരിച്ചും വലിയ പാർട്ടികളിൽ പങ്കെടുത്തും എനിക്ക് അത്ര ശീലമില്ല. ഇവിടെ എത്തിയപ്പോൾ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ഞാൻ സുന്ദരനായിട്ടുണ്ടെന്ന് പറഞ്ഞ് എല്ലാവരും എന്നെ ആശ്വസിപ്പിച്ചു. നിങ്ങളും സുന്ദരനായിട്ടുണ്ടെന്ന് അവരോടെല്ലാം തിരിച്ചു പറയാൻ ഞാൻ മറന്നുപോയി. ഇതിനിടയിൽ ഒരു നടി എന്റെ അടുത്ത് വന്ന് 'ബേസിൽ, നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്' എന്ന് പറഞ്ഞു. 'എനിക്ക് നിങ്ങളേയും ഇഷ്ടമാണ്' എന്ന് ഞാൻ അപ്പോൾതന്നെ തിരിച്ചുപറഞ്ഞു.
സർ (സംവിധായകൻ രാജ് കുമാർ ഹിറാനിയോട്), ഒരു ചലച്ചിത്ര നിർമാതാവ് എന്ന നിലയിൽ തമാശയ്ക്ക് പ്രാധാന്യമുള്ള സിനിമകളാണ് ഞാൻ ചെയ്യുന്നത്. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങളുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു. നിങ്ങളുടെ ഓഫീസിന്റെ ഭിത്തിയിൽ ഫ്രെയിം ചെയ്തുവെച്ചിരുന്ന ചില വാക്കുകൾ ഞാൻ ശ്രദ്ധിച്ചു. അതിൽ ഒരെണ്ണം ഞാൻ എഴുതിവെച്ചിരുന്നു. ഓരോ സീനിലും ഉണ്ടായിരിക്കേണ്ട ഘടകങ്ങളായിരുന്നു അത്. എൽ.എസ്.ഡി എന്നല്ലേ അത്. സോറി, എൽ.സി.ഡി എന്നാണ്. അതിൽ ആദ്യത്തേത്ത് ലാഫും അവസാനത്തേത് ഡ്രാമയുമാണ്. രണ്ടാമത്തേത് മറന്നുപോയി. സർ, ഞാൻ അത് പോയിട്ട് വീണ്ടും നോക്കാം.'
Content Highlights: basil josephs viral award speech