എന്താണ് 'ബള്‍ട്ടി'?; ഷെയ്‌ന്‍ നിഗം ചിത്രത്തിന്റെ പേരിന് പിന്നിലെ കൗതുകം വെളിപ്പെടുത്തി സംവിധായകന്‍

കേരള-തമിഴ്നാട് അതിർത്തിയായ വേലംപാളയത്തെ, എന്തിനും ഏതിനുംപോന്ന നാലു കൂട്ടുകാരുടെ കഥപറയുന്ന ‘ബൾട്ടി’ തിയേറ്ററുകളിൽ ഇടിമുഴക്കം തീർക്കുന്നു. ഷെയിൻ നിഗത്തെ നായകനാക്കി സ്പോർട്സ് ആക്‌ഷൻ ജോണറിൽ എത്തിയ ചിത്രം പ്രണയവും പ്രതികാരവും സൗഹൃദവും സംഘർഷവുമെല്ലാമായി കുതിക്കുകയാണ്. ഷെയ്‌നിന്റെ ഇരുപത്തിയഞ്ചാം സിനിമകൂടിയാണ് ‘ബൾട്ടി’. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് താരം എത്തിയത്.
‘‘സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷം. യുവാക്കൾക്കുമാത്രം ആഘോഷമായി ആസ്വദിക്കാൻപറ്റുന്ന ഒരടിപ്പടം മാത്രമല്ല ‘ബൾട്ടി’. തിയേറ്ററിൽ കൈയടിച്ചും വിസിലടിച്ചും കാണാവുന്ന രംഗങ്ങളേറെയുണ്ടെങ്കിലും കഥയും കഥാപാത്രങ്ങളും കുടുംബപ്രേക്ഷകരുമായി ചേർന്നുനിൽക്കുന്നതാണ്. വൈകാരികമായ ഒട്ടേറെ മുഹൂർത്തങ്ങൾ സിനിമയിലുണ്ട്’’ -ഷെയിൻ പറഞ്ഞു.
കബഡി കോർട്ടിലും പുറത്തും മിന്നൽവേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ബൾട്ടി’യുടെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. സിനിമയുടെ പേരിനുപിന്നിലെ കൗതുകത്തെക്കുറിച്ച് സംവിധായകൻ വിശദീകരിച്ചു.
‘‘പാലക്കാട് പൊള്ളാച്ചി മേഖലയിലെല്ലാം ‘ബൾട്ടി’യെന്ന വാക്ക് സുപരിചിതമാണ്. ഡാൻസിലും കബഡിയിലും കുത്തിമറിഞ്ഞ് കളിക്കുന്നതിനെയാണ് ബൾട്ടി അടിക്കുക എന്ന് പറയുന്നത്. പ്രത്യേകതരത്തിലുള്ള ഒരുതരം കുത്തിമറിച്ചിലിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ടീമിൽനിന്ന് പെട്ടെന്നൊരാൾ മറ്റൊരുടീമിലേക്ക് മാറുമ്പോഴും അവൻ ബൾട്ടിയടിച്ചു എന്ന് പറയാറുണ്ട്. ബൾട്ടി അടിക്കുകയെന്ന പ്രയോഗത്തിന് പാലക്കാടിനപ്പുറം വലിയ സ്വീകാര്യതയില്ലെന്ന് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. കബഡിയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമയ്ക്ക് കളിയുമായി ചേർന്നുനിൽക്കുന്ന പുതുമയുള്ളൊരു പേരുവേണമെന്ന് തുടക്കംമുതൽക്കേ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ബൾട്ടിയിലേക്കെത്തിയത്.’’
സിനിമ ഒരുക്കുമ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുമെന്നു കരുതിയ രംഗങ്ങളെല്ലാം കൈയടികളോടെ തിയേറ്ററിൽ സ്വീകരിക്കപ്പെട്ടെന്ന് സംവിധായകൻ പറഞ്ഞു. ‘‘സംഘട്ടനരംഗങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. സ്പോർട്സ് സിനിമ എന്ന് പറയുമ്പോഴും കബഡി കളിക്കുന്ന നായകന്റെ കോർട്ടിനകത്തെയും പുറത്തെയും ചെറുത്തുനിൽപ്പുകളാണ് ചിത്രം തുറന്നുവെക്കുന്നത്. ‘ബൾട്ടി’ സിനിമയിൽ കബഡി ഒരു കഥാപാത്രം തന്നെയാണ്. കളിയോട് ചേർന്ന്, കബഡിയുടെ ട്രിക്കുകളടങ്ങിയ ആക്‌ഷൻസീനുകളാണ് ക്ലൈമാക്സിലെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനായി ഒരുപാട് ഹോംവർക്കുകൾ ചെയ്തിട്ടുണ്ട്.’’ -സംവിധായകൻ ഉണ്ണി ശിവലിംഗം വിശദീകരിച്ചു.
അടിപ്പടം എന്നരീതിയിൽ ‘ബൾട്ടി’ ചർച്ചയാകുമ്പോഴും കഥയിലെ എല്ലാ അടികൾക്കും കൃത്യമായൊരു കാരണമുണ്ടെന്ന് ഷെയിൻ പറഞ്ഞു: ‘‘ഒരു അടി തുടങ്ങുമ്പോൾ അതിന് വ്യക്തമായ കാരണമില്ലെങ്കിൽ എന്തിനാണ് ഇതെല്ലാം കാണിക്കുന്നതെന്ന തോന്നൽ പ്രേക്ഷകരിലുയരും. പക്ഷേ, ‘ബൾട്ടി’യിലെ ഓരോ സംഘട്ടനവും കഥയുമായി കണ്ണിചേർത്താണ് അവതരിപ്പിക്കുന്നത്, അതിന് കൃത്യമായ കാര്യവും കാരണവും ഉണ്ട്.’’ വിക്കി, ആക്‌ഷൻ സന്തോഷ് എന്നിവർ ചേർന്നാണ് ചടുലവേഗത്തിലുള്ള സിനിമയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയത്. തമിഴിലെ ശ്രദ്ധേയസംവിധായകനും തിരക്കഥാകൃത്തും നടനുമായ സെൽവരാഘവനാണ് ‘ബൾട്ടി’യിൽ പ്രതിനായകനായെത്തുന്നത്. സോഡ ബാബുവെന്ന കഥാപാത്രമായി സംവിധായകൻ അൽഫോൺസ് പുത്രനും അസാധ്യ മെയ്‌വഴക്കം പ്രകടിപ്പിച്ച് തമിഴ് താരം ശന്തനു ഭാഗ്യരാജും ചിത്രത്തിൽ വേഷമിടുന്നു. പ്രീതി അസ്രാനിയ നായികയായെത്തുന്ന ബൾട്ടിയിൽ പൂർണിമാ ഇന്ദ്രജിത്തും വേഷമിടുന്നു.
മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം, ന്നാ താൻ കേസ് കൊട് എന്നീ ഹിറ്റ് സിനിമകളുടെ നിർമാതാവായ സന്തോഷ് ടി. കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
സിനിമയിൽ മുൻപൊരു ചീഫ് അസോസിയേറ്റായിപ്പോലും പ്രവർത്തിച്ചിട്ടില്ലാത്ത ഉണ്ണി ശിവലിംഗം കഥപറയാൻ വന്നപ്പോൾ വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നെന്നും എന്നാൽ, നാൽപ്പത്തിയഞ്ചുമിനിറ്റിൽ ഭംഗിയായി കഥ അവതരിപ്പിച്ച് ഉണ്ണി തന്നെ വീഴ്ത്തിക്കളഞ്ഞെന്നും നിർമാതാവ് സന്തോഷ് ടി. കുരുവിള പറഞ്ഞു. കഥയിലുള്ള വിശ്വാസമാണ് ഒരു നവാഗതസംവിധായനെ മുൻനിർത്തി ഇത്രവലിയ തുകമുടക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒട്ടേറെ തമിഴ് ഗാനങ്ങളൊരുക്കിയ സംഗീതസംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലേക്കെത്തുന്ന ചിത്രംകൂടിയാണ് ‘ബൾട്ടി’. ബോളിവുഡ് ചിത്രങ്ങളായ കിൽ, ഉറി എന്നിവ എഡിറ്റുചെയ്ത ശിവകുമാർ വി. പണിക്കരാണ് എഡിറ്റിങ് നിർവഹിച്ചത്. ഗാനരചന വിനായക് ശശികുമാർ.
Content Highlights: Shane Nigam stars in Balti, a gripping sports action film on the Kerala-Tamil Nadu border. Experience love, revenge, friendship, and intense kabaddi action.