കൊച്ചുവീട്ടിൽനിന്ന് ചിദംബരത്തിന്റെ ക്യാമറയ്ക്ക് മുന്നിലേക്ക്; വിസ്മയിപ്പിക്കുന്ന ഏഴുവയസ്സുകാരൻ ബാലൻ

#കെ.പി. ജയകുമാർ
ആദിശേഷൻ അച്ഛനമ്മമാർക്കൊപ്പം
ആദിശേഷൻ അച്ഛനമ്മമാർക്കൊപ്പം

ചേർത്തല: ത്രസിപ്പിച്ചും വിസ്മയിപ്പിച്ചും കണ്ണുകളെ ഈറനണിയിച്ചും സ്ക്രീനിൽ ‘ബാലൻ’ നിറഞ്ഞാടുമ്പോൾ താരത്തിളക്കത്തിൽ ഏഴുവയസ്സുകാരൻ ആദിശേഷൻ. ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ- ദ ബോയ്’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമാണ് ഈ ‘പയ്യൻ’.

മുട്ടത്തിപ്പറമ്പ് കണ്ണാടിക്കൽ രതീഷിന്റെയും ആതിരയുടെയും മകനായ ആദിശേഷൻ തണ്ണീർമുക്കം എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. പ്രതിസന്ധികളെ അതിജീവിച്ചാണ് ആദിശേഷൻ സിനിമനടനാകുന്നത്. രതീഷ് മരപ്പണിക്കാരനാണ്. അഭിനയം ഇഷ്ടമായ ആദിശേഷനു താങ്ങായത് അച്ഛനമ്മമാരുടെ പ്രോത്സാഹനമാണ്.

കുട്ടിയുടെ അമ്മവീട് അമ്പലപ്പുഴയിലാണ്. അവിടത്തെ അയൽവാസികൾ വഴി അർജുൻ രാജേഷിന്റെ ‘സുഗന്ധി’യെന്ന ചെറുസിനിമയിൽ അഭിനയിച്ചു. പുരാണങ്ങളുമായി ബന്ധപ്പെട്ട ‘സുഗന്ധി’യിലെ കഥാപാത്രത്തെ നാലാം വയസ്സിൽ സമർഥമായി അവതരിപ്പിച്ചത് ചിദംബരത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെയാണ് 2025 മേയ് 20-ന് ആറാം പിറന്നാൾദിനത്തിൽ ആദിശേഷൻ ‘ബാലന്റെ’ ഭാഗമാകുന്നത്.

വെള്ളക്കെട്ടും പഴക്കവും കാരണം തണ്ണീർമുക്കം മുട്ടത്തിപ്പറമ്പിലെ കൊച്ചുവീട് നിലംപൊത്താറായപ്പോഴാണ് രതീഷ് കുടുംബവുമായി പുത്തനങ്ങാടിയിലെ വാടകവീട്ടിലേക്കു മാറിയത്. രണ്ടുവർഷത്തിലേറെയായി വാടകവീട്ടിലാണ്.

സ്കൂളിലെ അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണയും ആദിശേഷനുണ്ട്. ഷൂട്ടിങ് തിരക്കിനിടെ ക്ലാസുകൾ നഷ്ടമാകുമ്പോൾ അധ്യാപകർ ഓൺലൈനായി പഠിപ്പിക്കും. അധ്യാപകർക്കെല്ലാം ബാലനിലെ അഭിനയം ഇഷ്ടപ്പെട്ടു.

സിനിമ കണ്ടയുടൻ കുട്ടിയെ അഭിനന്ദിച്ചതായി പ്രഥമാധ്യാപകൻ രാമപ്രസാദ് പറഞ്ഞു. അച്ഛനമ്മമാരോടൊപ്പം ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുംബൈയിലാണ് ആദിശേഷൻ. മടങ്ങിയെത്തുമ്പോൾ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സ്കൂളും നാടും.

Content Highlights: Seven-year-old schoolboy Aadisheshen has captured the hearts of audiences and critics alike with his brilliant performance as the titular character in director Chidambaram's latest movie 'Balan - The Boy'.