'പിന്നിൽനിന്ന് ഫോട്ടോയെടുക്കരുത്'; രൂക്ഷമായി പ്രതികരിച്ച് നടി അയേഷ ഖാൻ

സിനിമയുടെ ആദ്യപ്രദർശനത്തിനെത്തിയപ്പോൾ പിന്നിൽനിന്ന് ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ചവരോട് രൂക്ഷമായി പ്രതികരിച്ച് നടി അയേഷ ഖാൻ. മലയാളി സംവിധായകൻ ബിജോയ് നമ്പ്യാരുടെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിന് എത്തിയതായിരുന്നു താരം. ഫോട്ടോയ്ക്ക് പോസ് ചെയ്യവെ നടിയോട് പുറം തിരിയാൻ പാപ്പരാസികൾ ആവശ്യപ്പെട്ടു. ഇതോടെയാണ് നടി കടുത്ത വാക്കുകളിൽ പ്രതികരിച്ചത്.
'നിങ്ങൾ നേടുന്ന ബഹുമാനം സ്വയം കളയുകയും ചെയ്യും. ദയവായി ഇതുചെയ്യരുത്. അതുനല്ലതല്ല', എന്നായിരുന്നു നടിയുടെ വാക്കുകൾ. തുടർന്ന് ഏതാനും ചിത്രങ്ങൾക്ക് പോസ് ചെയ്ത നടി അവിടെനിന്ന് പോവുകയായിരുന്നു.
'ഷെയ്ത്താൻ', 'വാസിർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ സംവിധായകനാണ് ബിജോയ് നമ്പ്യാർ. ദുൽഖർ സൽമാനെ നായകനാക്കി മലയാളത്തിൽ 'സോളോ' എന്നൊരു ചിത്രവും സംവിധാനംചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'തു യാ മേം' വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ആദർശ് ഗൗരവും ഷനായ കപൂറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ.
ഹിന്ദി ബിഗ് ബോസ് സീസൺ 17-ലെ വൈൾഡ് കാർഡ് എൻട്രിയിലൂടേയാണ് അയേഷ ഖാൻ ശ്രദ്ധനേടുന്നത്. രൺവീർ സിങ് നായകനായ 'ധുരന്ധറി'ലെ ഷെറാറത്ത് എന്ന ഡാൻസ് നമ്പറിലൂടെ പാൻ- ഇന്ത്യൻ സെൻസേഷനായി.
Content Highlights: Actress Ayesha Khan reacts angrily to paparazzi trying to take photos from behind at a film premiere. Learn more about the incident and her statement