എംജിആറിന്റെ അഭിനയം കണ്ട് സിനിമ തലയ്ക്കുപിടിച്ചു, ഇന്ന് പൃഥ്വിരാജിനൊപ്പം മുഴുനീളവേഷം; പഴനിസ്വാമി ഹാപ്പിയാണ്

‘നാൻ ആണയിട്ടാൽ അതു നടന്തുവിട്ടാൽ...’ വർഷങ്ങൾക്കുമുമ്പ് അട്ടപ്പാടി കോട്ടത്തറ ശാന്തിതിയേറ്ററിലെ തിരശ്ശീലയിൽ എം.ജി.ആറിന്റെ അഭിനയംകണ്ട അന്നു തുടങ്ങിയതാണ് അട്ടപ്പാടി സൊറിയൻ ഊരിലെ എസ്. പഴനിസ്വാമിക്ക് സിനിമാക്കമ്പം. വർഷങ്ങൾക്കിപ്പുറം ഒരുപിടി ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് വനംവകുപ്പ് അസിസ്റ്റന്റ് ബീറ്റ് ഓഫീസർകൂടിയായ ഈ 47-കാരൻ.
അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’യിൽ പൃഥ്വിരാജിനൊപ്പം മുഴുനീളവേഷം അഭിനയിക്കാൻ കഴിഞ്ഞതാണ് ഇപ്പോഴത്തെ സന്തോഷം. പഴനിസ്വാമി എന്ന പേരിൽത്തന്നെ താൻ അവതരിപ്പിച്ച കഥാപാത്രത്തിന് കാണികളിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായി അദ്ദേഹം പറയുന്നു.
ഇടുക്കിയിലും പാലക്കാട്, വാളയാർ പരിസരത്തുമൊക്കെയായിരുന്നു ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം. അൻവർ, പഴശ്ശിരാജ, ഭാഗ്യദേവത, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സച്ചിയുടെ പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയുമാണ് പഴനിസ്വാമിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പുതുവർഷത്തിൽ ചിത്രീകരണം തുടങ്ങാൻ പോകുന്ന രണ്ട് ചിത്രങ്ങളിലേക്ക് ക്ഷണം കിട്ടിയതായും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി ഇരുളസമുദായത്തിന്റെ പാരമ്പര്യ നൃത്തകലകൾ സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ആസാദ് കലാസംഘത്തിൽ രണ്ടുപതിറ്റാണ്ടായി അംഗമാണ് പഴനിസ്വാമി. ദേശീയ പുരസ്‌കാരം നേടിയ ഗായിക നഞ്ചിയമ്മയും വർഷങ്ങളായി ഈ സംഘത്തിലുണ്ട്. 20 പേരുള്ള സംഘം ഡൽഹി, മുംബൈ തുടങ്ങി രാജ്യത്തിലെ വിവിധ വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 12 വർഷമായി പഴനിസ്വാമി വനംവകുപ്പിലെ ജോലിയിൽ പ്രവേശിച്ചിട്ട്. സർക്കാരിന്റെ അനുമതിയോടെ അവധിയെടുത്താണ് അഭിനയ ജീവിതം.
പണ്ട് അട്ടപ്പാടിയിൽ ഏറെയും തമിഴ് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നതെന്ന് പഴനിസ്വാമി പറയുന്നു. പത്തുവർഷത്തോളമായിട്ടേയുള്ളൂ മലയാളചിത്രങ്ങൾ വന്നുതുടങ്ങിയിട്ട്. 2018-ൽ സുസ്ഥിരസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽകിട്ടിയ പഴനിസ്വാമിക്ക് അതേ വർഷം ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്‌കാരവും ലഭിച്ചു.
ഭാര്യ: ശോഭ. മക്കൾ: അനു പ്രശോഭിനി, ആദിത്യൻ. 2022-ൽ മിസ് കേരള ഫൈനലിലെത്തിയ ആദ്യ ഇരുളസമുദായ മത്സരാർഥിയാണ് അനു പ്രശോഭിനി.
Content Highlights: Discover the inspiring journey of S. Pazhaniswamy, a Forest Officer from Attappadi who became an actor, featuring in `Vilayath Buddha` and `Ayyappanum Koshiyum`.