ആസിഫ് അലിയുടെ 'സര്‍ക്കീട്ട്' ഗോവ ചലച്ചിത്രമേളയിലേക്ക്; ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും

വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമര്‍ ചിത്രം 'സര്‍ക്കീട്ട്' 56-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ് 'സര്‍ക്കീട്ട്'. നവംബര്‍ 20 മുതല്‍ 28 വരെയാണ് 56 മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഗോവയില്‍ നടക്കുക.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ഈ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വഹിച്ചത് ഫ്ളോറിന്‍ ഡൊമിനിക് ആണ്. ഒരിക്കലും സാധ്യമാകാന്‍ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്.
ആസിഫ് അലി നായകനായ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ഓര്‍ഹാന്‍ ആണ്. ദിവ്യ പ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങള്‍.
കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ ആമിര്‍, ജെഫ്റോണ്‍ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. താമര്‍ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകളും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയുംചെയ്തു. യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് 'സര്‍ക്കീട്ട്' ഒരുക്കിയത്.
ഛായാഗ്രഹണം: അയാസ് ഹസന്‍, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍: സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍: രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം: അരവിന്ദ് വിശ്വനാഥന്‍, വരികള്‍: അന്‍വര്‍ അലി, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ലൈന്‍ പ്രൊഡക്ഷന്‍: റഹിം പിഎംകെ, വിഎഫ് എക്‌സ്: നോക്ക്റ്റേണല്‍ ഒക്‌റ്റേവ് പ്രൊഡക്ഷന്‍സ്, പോസ്റ്റര്‍ ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍ (ഇല്ലുമിനാര്‍ട്ടിസ്റ്റ് ക്രീയേറ്റീവ്‌സ്), സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്: വൈശാഖ്.
Content Highlights: Asif Ali starrer `Sarkeet` selected for the Indian Panorama section at the 56th International Film Festival of India in Goa