40 വർഷങ്ങൾക്കുശേഷം മോഹൻലാലിനെ കണ്ട് ആ പഴയ നായിക, എന്താണ് പറയേണ്ടതെന്നറിയില്ലെന്ന് താരം

#മൂവി ഡെസ്ക്
ആശാ ജയറാമും മോഹൻലാലും | ഫോട്ടോ: Instagram
ആശാ ജയറാമും മോഹൻലാലും | ഫോട്ടോ: Instagram

നാല് പതിറ്റാണ്ടുകൾക്ക് ശേഷം നടൻ മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് നടി ആശാ ജയറാം. അമേരിക്കയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ഇരുവരും പരിചയം പുതുക്കിയത്. 40 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ നായികയായിരുന്നു ആശ. ആരാധകർക്കെന്ന പോലെ താരങ്ങൾക്കും ഇതൊരു അവിസ്മരണീയ നിമിഷമായി മാറി.

മോഹൻലാലിനെ കാണാൻ പോകുന്ന വിവരം ആശ നേരത്തേ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. "നാൽപ്പത് വർഷം കഴിഞ്ഞ് ഞാൻ മോഹൻലാലിനെ കാണാൻ പോവുകയാണ്, എനിക്ക് ഇത് വിശ്വസിക്കാനോ ചിന്തിക്കാനോ പോലും കഴിയുന്നില്ല" എന്ന് വികാരാധീനയായാണ് ആശാ ജയറാം പറയുന്നത്.

"ഞങ്ങളുടെ നഗരത്തിലേക്ക് ലാലേട്ടനെ എത്തിച്ചതിന് നന്ദി. ഒരു പ്രതിഭാശാലിയായ വ്യക്തി എന്നതിലുപരി, മോഹൻലാൽ വളരെ സ്നേഹമുള്ള ഒരാളാണ്. 40 വർഷം മുൻപുള്ള സഹപ്രവർത്തകരെപ്പോലും അദ്ദേഹം എത്രമാത്രം വിലമതിക്കുന്നു എന്നത് അദ്ഭുതകരമായി തോന്നി!! ഈ നിമിഷങ്ങളിൽ വളരെ വളരെ സന്തോഷം.’’–മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശ കുറിച്ചു.

രഘുനാഥ് പലേരി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒന്നുമുതൽ പൂജ്യംവരെ. അലീന എന്ന കഥാപാത്രത്തെയാണ് ആശാ ജയറാം അവതരിപ്പിച്ചത്. സിനിമയുടെ ക്ലൈമാക്സിൽ മാത്രം പ്രത്യക്ഷപ്പെടുന്ന 'ടെലിഫോൺ അങ്കിൾ' ആയാണ് മോഹൻലാൽ എത്തിയത്. ആശാ ജയറാമിന്റെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ‘ഒന്നു മുതൽ പൂജ്യം വരെ’. തൊട്ടടുത്തവർഷം തനിയാവർത്തനം (1987), ഇസബെല്ല (1988), ഒറ്റയാൾപ്പട്ടാളം (1990), യാത്രയുടെ അന്ത്യം (1991) എന്നീ സിനിമകളിലും അവർ വേഷമിട്ടു.

പിന്നീട് സിനിമകളിൽനിന്നും അകന്ന ആശാ ജയറാം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാണ്. അമേരിക്കയിലെ ഒരു കമ്പനിയിൽ ഡിജിറ്റൽ മാർക്കറ്റിങ് മാനേജരായ അവർ ഭരതനാട്യവും മോഹിനിയാട്ടവും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗായിക ജാനകി ജയറാമാണ് ആശയുടെ അമ്മ.

Content Highlights: Actress Asha Jayaram, who made her debut as 'Alina' opposite Mohanlal’s 'Telephone Uncle' in the 1986 classic Onnu Muthal Poojyam Vare, shared an emotional reunion with the superstar in the United States after 40 years, praising his humility and warmth.