‘ആശാതായ് അമർ രഹെ’ എന്ന് വേദനയോടെ ആരാധകർ, സ്വരമാധുര്യത്തിന്റെ രാജകുമാരിക്ക് വിടനൽകി രാജ്യം

മുംബൈ: സ്വരമാധുര്യത്തിന്റെ രാജകുമാരിക്ക് രാജ്യം വിടനൽകി. ആശാ ഭോസ്‌ലെയുടെ ഭൗതികശരീരം ഔദ്യോഗികബഹുമതികളോടെ മുംബൈയിലെ ശിവാജിപാർക്ക് ശ്മശാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ചിതയിലേക്ക് എടുത്തപ്പോൾ സംഗീതലോകത്തെയും രാഷ്ട്രീയരംഗത്തെയും സിനിമാലോകത്തെയും പ്രമുഖരടക്കം ആയിരക്കണക്കിനുപേർ സാക്ഷികളായി.
ഞായറാഴ്ചയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചത്. വൈകുന്നേരം പെഡ്ഢാർ റോഡിലെ ലതാമങ്കേഷ്കർ താമസിച്ച പ്രഭുകുഞ്ച് കെട്ടിടത്തിൽ എത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ആദരാഞ്ജലി അർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആശാ ഭോസ്‌ലെ മകനോടൊപ്പം താമസിച്ച ലോവർ പരേലിലെ കാസ ഗ്രാൻഡെയിൽ എത്തിച്ചപ്പോൾ മഹാരാഷ്ട്രാ ഗവർണർ ജിഷ്ണുദേവ് വർമ, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിന്ദേ, മകൾ പ്രണതി ഷിന്ദേ, ഉദ്ധവ് താക്കറെയും കുടുംബാംഗങ്ങളും, സച്ചിൻ, ഭാര്യ അഞ്ജലി, സംഗീതലോകത്തുനിന്ന് എ.ആർ. റഹ്മാൻ, ബോളിവുഡിൽനിന്ന് രൺവീർ, മുതിർന്ന നടി ആശാ പരേഖ്, നടി തബു, റിതേഷ് ദേശ്മുഖ് ഉൾപ്പെടെ ഒട്ടേറെപ്പേർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
ആശാഭോസ്‌ലെ പാടിയ ഗാനങ്ങൾ നേർത്ത ശബ്ദത്തിൽ അകമ്പടിയായത് അന്തരീക്ഷത്തെ ദുഃഖസാന്ദ്രമാക്കി. അവിടെനിന്ന് മൃതദേഹം വൈകുന്നേരം മൂന്നുമണിയോടെ വെളുത്ത പുഷ്പംകൊണ്ട് അലങ്കരിച്ച വാഹനത്തിൽ ദാദറിലെ ശിവാജി പാർക്കിലേക്ക് പുറപ്പെട്ടു. ലോവർ പരേലിൽനിന്ന് നാലുകിലോമീറ്റർ ദൂരത്തുള്ള ശിവാജി പാർക്കിൽ എത്തുന്ന വഴികളിൽ ജനങ്ങൾ ആശാ തായിക്ക് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നിരുന്നു. അവർ പുഷ്പമർപ്പിച്ചാണ് ഇതിഹാസഗായികയെ യാത്രയാക്കിയത്.
‘ആശാതായ് അമർ രഹെ’ എന്ന വേദനയാർന്ന വിളികൾ പാതയിൽ ഉടനീളം നിറഞ്ഞുനിന്നു. ശിവാജിപാർക്കിൽ എത്തിയപ്പോൾ വൈകുന്നേരം 4.30 പിന്നിട്ടിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്ദേ, സുനേത്ര പവാർ എന്നിവർക്കുപുറമേ മന്ത്രിസഭാംഗങ്ങൾ മുഴുവനായും ശിവാജി പാർക്കിലെത്തിയിരുന്നു.
ചുവന്നപുഷ്പങ്ങളാൽ നിറഞ്ഞ വേദിയിലാണ് ആശാഭോസ്‌ലെയെ ആദരവ് അർപ്പിക്കാൻ കിടത്തിയത്. ബോളിവുഡിൽനിന്ന് അമീർഖാൻ, വിക്കികൗശൽ, വിവേക് ഒബ്‌റോയ് എന്നിവർക്കുപുറമേ ഗായകരായ ഹരിഹരൻ, ഉദിത് നാരായൺ, അനൂപ് ജലോട്ട എന്നിവരും മറാഠി സിനിമാമേഖലയിലെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാനെത്തി. 4.57-ന് മൃതദേഹത്തിൽനിന്ന് ദേശീയ പതാക എടുത്തുമാറ്റി മകൻ ആനന്ദ് ഭോസ്‌ലെയ്ക്ക് കൈമാറി. പിന്നീട് മൃതദേഹം ശ്മശാനത്തിലേക്ക് മാറ്റി. മൃതദേഹം കത്തിപ്പടരുമ്പോൾ ദൂരെ സൂര്യൻ കടലിലേക്ക് മറയാൻ കാത്തുനിൽക്കുകയായിരുന്നു.
ആശാ ഭോസ്‌ലെയുടെ വസതിയിലെത്തി എ.ആർ. റഹ്‌മാൻ
മുംബൈ: ഗായിക ആശാ ഭോസ്‌ലെയുടെ മുംബൈയിലെ ലോവർ പരേലിലെ വസതിയിലെത്തി സംഗീതജ്ഞൻ എ.ആർ. റഹ്‌മാൻ അന്ത്യോപചാരം അർപ്പിച്ചു. ഇന്ത്യൻ സംഗീതത്തിലെ ഒരുയുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തിക്കൊണ്ട് 92-ാം വയസ്സിലാണ് ആശാ ഭോസ്‌ലെ ഞായറാഴ്ച വിടപറഞ്ഞത്. ആശാ ഭോസ്‌ലെ താമസിച്ചിരുന്ന ലോവർ പരേലിലെ കാസ ഗ്രാൻഡെയിൽ 12 മണിയോടെയാണ് എ.ആർ. റഹ്‌മാൻ എത്തിയത്.
ആദരമർപ്പിച്ച് ഗവർണറും ഏകനാഥ് ഷിന്ദേയും
മുംബൈ: മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ, മുൻ മുഖ്യമന്ത്രിമാരായ സുശീൽ കുമാർ ഷിന്ദേ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവർ തിങ്കളാഴ്ച ആശാ ഭോസ്‌ലെയുടെ വസതിയിൽ ആദരാഞ്ജലി അർപ്പിച്ചു. ലോവർ പരേലിലെ കാസ ഗ്രാൻഡെയുടെ ലോബിയിൽ പൊതുദർശനത്തിന് ദേശീയ പതാകയിൽ പൊതിഞ്ഞ് കിടത്തിയ ആശാ ഭോസ്‌ലെയുടെ മൃതശരീരത്തിൽ ഗവർണർ പുഷ്പചക്രം അർപ്പിച്ചു. പശ്ചാത്തലത്തിൽ ആശാ ഭോസ്‌ലെയുടെ ഗാനങ്ങൾ അകമ്പടിയായിയുണ്ടായിരുന്നത് അന്തരീക്ഷത്തെ ദുഃഖസാന്ദ്രമാക്കി. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും, മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആശാ ഭോസ്‍ലെയുടെ മകൻ ആനന്ദ്, കൊച്ചുമകൾ സനായ് എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി, മകൻ ആദിത്യതാക്കറെ എന്നിവരും അനുശോചനം അറിയിച്ചു. മഹാരാഷ്ട്ര മന്ത്രിമാരായ ആശിഷ് ഷെലാർ, മംഗൾ പ്രഭാത് ലോധ, എൻ.സി.പി. എം.പി. സുപ്രിയ സുലെ, എൻ.സി.പി. നേതാവ് പ്രഫുൽ പട്ടേൽ എന്നിവരും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി എന്നിവരും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
വ്യക്തിപരമായ നഷ്ടമെന്ന് മന്ത്രി ആശിഷ് ഷെലാർ
മുംബൈ: മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ആശിഷ് ഷെലാർ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയെ അടുത്തിടെ അവരുടെ വസതിയിൽ വെച്ച് കണ്ടുമുട്ടിയതായും അവർ ഒരു മറാഠി ഗാനം ആലപിച്ചതായും സാമൂഹികമാധ്യമത്തിൽ കുറിച്ചു. എന്റെ ജീവിതത്തിന്റെ നിധി നഷ്ടപ്പെട്ടുവെന്ന് ഭോസ്‌ലെയുടെ വീഡിയോയ്ക്കൊപ്പം എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ ഷെലാർ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇന്ന് എന്റെ പ്രിയപ്പെട്ട സഹോദരിയെ നഷ്ടപ്പെട്ടു. സരസ്വതീദേവിയുടെ വീണയുടെ അനുരണനം നിശ്ശബ്ദമായെന്നും ഷെലാർ പോസ്റ്റിൽ പറഞ്ഞു.
Content Highlights: The mortal remains of legendary singer Asha Bhosle were cremated with full state honours at Mumbai's Shivaji Park, attended by top political leaders, cricketers, and film icons like AR Rahman and Aamir Khan.