നിങ്ങളുടെ സ്നേഹത്തിലൂടെ എന്റെ വേദനകളെ ഞാൻ മറക്കുന്നു; പരിക്കിനേക്കുറിച്ച് അരുൺ വിജയ്

അരുൺ വിജയ് | ഫോട്ടോ: www.instagram.com/arunvijayno1/
അരുൺ വിജയ് | ഫോട്ടോ: www.instagram.com/arunvijayno1/

തമിഴിലെ യുവനടന്മാരിൽ ആക്ഷൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അരുൺ വിജയ്. ഇക്കഴിഞ്ഞ പൊങ്കലിനോടനുബന്ധിച്ചാണ് അരുൺ വിജയ് നായകനായ മിഷൻ-ചാപ്റ്റർ 1 എന്ന ചിത്രം റിലീസായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംഭവിച്ച പരിക്കുകളുമായാണ് മിഷന്റെ പ്രചാരണ പരിപാടികൾക്കുൾപ്പെടെ താരം വന്നത്. ഈ പരിക്കുകൾ കാരണമുണ്ടായ മുറിവ് ഇപ്പോൾ മറക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് അരുൺ വിജയ്.

ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിലാണ് തന്റെ പരിക്കുകളേക്കുറിച്ച് അരുൺ വിജയ് വ്യക്തമാക്കിയത്.“ഒന്നിലേറെ ഒടിവുകളും ലി​ഗമെന്റ് പ്രശ്നങ്ങളുംകാരണം കഴിഞ്ഞ രണ്ടുമാസമായി അനുഭവിച്ചുവന്നിരുന്ന വേദന മിഷൻ -ചാപ്റ്റർ 1 ന് നിങ്ങൾ നൽകിയ വിജയത്തിലൂടെ മറക്കാൻ സഹായിച്ചു. ഉടൻ ജോലിയിലേക്ക് തിരികെയെത്താൻ നിങ്ങൾ നൽകുന്ന സ്നേഹം നിർബന്ധിതനാക്കുന്നു, എല്ലാവർക്കും നന്ദി.” അരുൺ വിജയ് എഴുതി.

തമിഴ് സിനിമയിൽ ഡ്യൂപ്പില്ലാതെ സംഘട്ടനരം​ഗം ചെയ്യുന്ന നടനാണ് അരുൺ വിജയ്. അത്തരത്തിൽ ഒരു രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കുകൾപറ്റിയത്. അനങ്ങാൻ പറ്റാതെ സ്ട്രെച്ചറിൽ കിടക്കുന്നതിന്റെയും ഡോക്ടർമാർ പരിചരിക്കുന്നതിന്റെയും ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് നടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പരിക്കുകളുമായാണ് അദ്ദേഹം മിഷന്റെ പ്രചാരണത്തിനുമെത്തിയത്.

എ.എൽ. വിജയ് ആണ് മിഷൻ-ചാപ്റ്റർ 1 ന്റെ സംവിധാനം. എമി ജാക്സൺ, നിമിഷാ സജയൻ, അബി ഹസൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ബാല സംവിധാനംചെയ്യുന്ന വാടിവാസൽ ആണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു അരുൺ വിജയ് ചിത്രം. 

Content Highlights: arun vijay about his injuries during stunts shoot, mission chapter 1 movie