ഓമനമൃഗങ്ങൾ കഴിക്കുന്ന അതേ കുക്കീസ് തന്നെയാണ് പേരക്കുട്ടികൾക്കും ഇഷ്ടം -അർനോൾഡ്

ലോകമെമ്പാടും ഏറെ ആരാധകരുള്ള ഹോളിവുഡ് താരമാണ് കാലിഫോർണിയ മുൻ ഗവർണർകൂടിയായ അർനോൾഡ് ഷ്വാസ്നെഗർ. മൃഗങ്ങളെ ഓമനിച്ച് വളർത്താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് അർനോൾഡ്. ഈയിടെ ജിമ്മി ഫാളൻ അവതരിപ്പിക്കുന്ന ദ ടുനൈറ്റ് ഷോയിൽ തന്റെ വളർത്തുമൃഗങ്ങളെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയാകർഷിക്കുകയാണ്.
മൂന്ന് നായ്ക്കളേയും രണ്ട് കുതിരകളേയും ഒരു പന്നിയേയും താൻ ഓമനിച്ച് വളർത്തുന്നുണ്ടെന്ന് അർനോൾഡ് പറഞ്ഞു. ലുലു, വിസ്കി എന്നാണ് കുതിരകളുടെ പേര്. ഇരുവർക്കും ഓട്ട്മീൽ കുക്കീസാണ് കഴിക്കാൻ നൽകുന്നത്. ഓട്സും തേനും പഴവുമെല്ലാം ചേർത്ത് വീട്ടിൽത്തന്നെയാണ് ഇതുണ്ടാക്കുന്നത്. പക്ഷേ നായ്ക്കൾക്കും പന്നിക്കും ഇതിഷ്ടമാകുന്നുണ്ടെന്ന് പിന്നീട് ശ്രദ്ധയിൽപ്പെട്ടു. അതോടെ അവർക്കും ഇതേ കുക്കീസ് തന്നെ കൊടുക്കാൻ തുടങ്ങി. പന്നി കല്ലുകൾ വരെ കഴിക്കാറുണ്ടെന്നും അർനോൾഡ് പറഞ്ഞു.
മകൾ കാതറീൻ അവളുടെ മക്കളായ ലൈലയേയും എലോയിസിനേയും ഒരിക്കൽ കാലിഫോർണിയയിലെ തന്റെ വീട്ടിൽ കൊണ്ടുവന്ന അനുഭവവും അർനോൾഡ് പങ്കുവെച്ചു. വളർത്തുമൃഗങ്ങൾക്ക് കൊടുക്കാനായി വീട്ടിലുണ്ടാക്കിയ കുക്കീസ് രുചിച്ച പേരക്കുട്ടികൾക്ക് അത് ഏറെ ഇഷ്ടമായെന്നും കൂടുതൽ കുക്കീസ് ആവശ്യപ്പെട്ടെന്നും അർനോൾഡ് ഓർത്തെടുത്തു. തന്റെ വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കാനും സമയം ചെലവിടാനും പേരക്കുട്ടികൾക്ക് വളരെയിഷ്ടമാണെന്നും അർനോൾഡ് വ്യക്തമാക്കി.
അർനോൾഡിന്റെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഇപ്പോൾ ഒരു ഡോക്യുസീരീസ് സ്ട്രീം ചെയ്യുന്നുണ്ട്. ആസ്ട്രിയയിലെ സാധാരണ ചെറുപ്പക്കാരൻ ആഗോള പ്രശസ്തനായ നാൾവഴികളാണ് ഈ സീരീസിലൂടെ അനാവരണം ചെയ്യുന്നത്.
Content Highlights: Arnold Schwarzenegger, Arnoldr reveals his love for pets and their shared breakfast